Monday, April 15, 2013
""ഇതു പോലൊരു നാറിയ ഭരണം""
""ഇതുപോലൊരു നാറിയ ഭരണം കേരളമക്കള്‍ കണ്ടിട്ടില്ല"" എന്ന പാട്ടിന്റെ അലയൊലികള്‍ എണ്‍പതുകളിലെ യുഡിഎഫ് ഭരണകാലത്ത് കേട്ടിരുന്നതാണ്. കീരിയും പാമ്പും പോലെ തമ്മില്‍ തമ്മില്‍ ശത്രുത പുലര്‍ത്തുന്ന വിവിധ വര്‍ഗീയ-ജാതീയ സംഘടനകളുടെ രാഷ്ട്രീയ പാര്‍ടികളെ ഒരു സര്‍ക്കസ് കൂടാരത്തിലെന്നപോലെ ഒന്നിപ്പിച്ചുനിര്‍ത്തി ഭരണാഭാസം നടത്തിയിരുന്ന യുഡിഎഫ്, അന്ന് അഴിമതിയിലും സ്വജനപക്ഷപാതത്തിലും കെടുകാര്യസ്ഥതയിലും കിടന്ന് വട്ടം കറങ്ങുകയായിരുന്നു. ""ഞങ്ങളെ ഒന്ന് മറിച്ചിട്ട് രക്ഷിക്കൂ"" എന്നുപോലും ചില യുഡിഎഫ് നേതാക്കന്മാര്‍ അന്ന് പ്രതിപക്ഷത്തിനോട് ദയനീയമായി അഭ്യര്‍ത്ഥിക്കുകയുണ്ടായി.""നിങ്ങളെ വീഴ്ത്തി രക്ഷപ്പെടുത്താന്‍ ഞങ്ങളില്ല, അവിടെയിരുന്ന് പുഴുത്തുനാറി നശിക്കട്ടെ"" എന്നാണ് അന്ന് ഇ എം എസ് അതിന് മറുപടി പറഞ്ഞത്.
അന്നത്തേതിനേക്കാള്‍ എത്രയോ കൂടുതല്‍ ജീര്‍ണവും ബീഭത്സവും വികൃതവുമായി യുഡിഎഫ് ഭരണം പുഴുത്തുനാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഇന്ന് കേരളം കാണുന്നത്. ആന്ധ്രയിലെ രാജ്ഭവനില്‍വെച്ച് വികൃതമായ കളികളില്‍ ഏര്‍പ്പെട്ട വയസ്സന്‍ കാസനോവ എന്‍ ഡി തിവാരിയെ കടത്തിവെട്ടുന്ന നമ്പരുകളാണ് മുഖ്യമന്ത്രിയുടെ കൂട്ടുകാരന്‍ മന്ത്രിമന്ദിരത്തില്‍വെച്ച് നടത്തിയത് എന്ന് അദ്ദേഹത്തിന്റെ ഭാര്യതന്നെ പരസ്യമായി പ്രസ്താവിക്കുന്നു. അതിന്റെ നാറുന്ന കഥകള്‍കൊണ്ട് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷവും രാഷ്ട്രീയാന്തരീക്ഷവും മലീമസമായിരിക്കുന്നു. പരസ്യമായി തന്റെ മുഖത്തടിച്ചാലും വേണ്ടില്ല, അസംബ്ലിക്കുള്ളില്‍ കൈപൊക്കി ഭൂരിപക്ഷം ഒപ്പിക്കുന്നതിന് സഹായിച്ചാല്‍ മതി എന്ന നിലപാട് സ്വന്തം പാര്‍ടിയിലെയും ഘടകകക്ഷികളിലേയും എംഎല്‍എമാരോട് എടുക്കുന്ന മുഖ്യമന്ത്രി, സാംസ്കാരിക കേരളത്തെ നാണംകെടുത്തിയ ഗണേഷ്കുമാറിനെക്കൊണ്ട് മാപ്പുപറയിപ്പിച്ച്, കുറ്റവിമുക്തനാക്കി, വീണ്ടും മന്ത്രിയാക്കി കൊണ്ടു വരുന്നതിനുള്ള സൂത്രപ്പണികളിലാണ് ഇപ്പോള്‍ വ്യാപൃതനായിരിക്കുന്നത്.
ഗണേഷ്കുമാറിന്റെ പാര്‍ടിയും പിതാവും ഭാര്യയും എല്ലാം അദ്ദേഹത്തെ തള്ളിപ്പറഞ്ഞിട്ടും, അവര്‍ക്കൊന്നും വേണ്ടാത്ത ഒരു വിഴുപ്പുഭാണ്ഡത്തെ നാണമില്ലാതെ താങ്ങിക്കൊണ്ടു നടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അധാര്‍മികതയുടെ അത്ഭുത അവതാരംതന്നെ. അതൊരു കുടുംബ വഴക്കായിരുന്നു, ഗണേഷ്കുമാര്‍ മാപ്പുപറഞ്ഞതുകൊണ്ടും ഗണേഷ്കുമാര്‍ - യാമിനി തര്‍ക്കം ഒത്തുതീര്‍ന്നതുകൊണ്ടും പ്രശ്നമെല്ലാം അവസാനിച്ചു എന്ന് വാദിക്കുന്ന മുഖ്യമന്ത്രി, പക്ഷേ അതിന് പിറകിലുള്ള ധാര്‍മികവും സദാചാരപരവും രാഷ്ട്രീയവും നിയമപരവുമായ പ്രശ്നങ്ങള്‍ മറച്ചുവെയ്ക്കുകയാണ്. കുടുംബവഴക്ക് പറഞ്ഞൊതുക്കി, ഒന്നിച്ചു ജീവിക്കാനല്ല ഇവിടെ മുഖ്യമന്ത്രിയുടെ ഒത്തുതീര്‍പ്പിലൂടെ ഭാര്യാഭര്‍ത്താക്കന്മാര്‍ തീരുമാനിച്ചത്. (അതിനുവേണ്ടിയായിരുന്നില്ല യാമിനി, അദ്ദേഹത്തെ സമീപിച്ചിരുന്നതും). മറിച്ച് തമ്മില്‍ പിരിയാനും സ്വത്തുക്കള്‍ പങ്കുവെയ്ക്കാനും കണക്കുതീര്‍ക്കാനുമാണ്. മുഖ്യമന്ത്രിയുടെ മധ്യസ്ഥത കുടുംബവഴക്കില്‍ ഫലപ്രദമായില്ല എന്നര്‍ത്ഥം. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം അറസ്റ്റ്ചെയ്യപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെടും എന്നു കണ്ടപ്പോഴാണ് ഗത്യന്തരമില്ലാതെ തന്റെയും മുഖ്യമന്ത്രിയുടെതന്നെയും മന്ത്രിസ്ഥാനം സംരക്ഷിക്കുന്നതിനുവേണ്ടി ഗണേഷ്കുമാര്‍ മാപ്പുപറയാന്‍ തയ്യാറായതും ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടതും.
മധ്യസ്ഥതയ്ക്ക് ശ്രമിച്ച മുഖ്യമന്ത്രിയുടെ ഉദ്ദേശം മധ്യസ്ഥതയായിരുന്നില്ല എന്ന് വ്യക്തം. ജയില്‍ശിക്ഷ അനുഭവിക്കേണ്ട പ്രതി മാപ്പുപറഞ്ഞാല്‍ രക്ഷപ്പെടും എന്ന് ഏത് നിയമശാസ്ത്രത്തിലാണ് പറഞ്ഞിട്ടുള്ളത്? മാപ്പുപറയിപ്പിച്ച്, കുറ്റവാളിയെ രക്ഷിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് ഏത് നിയമവകുപ്പുപ്രകാരമാണ് ലഭിച്ചത്? ഈ നയം മുഖ്യമന്ത്രിയെന്ന അദ്ദേഹം എല്ലാ കുറ്റവാളികളുടെയും കാര്യത്തില്‍ കൈക്കൊള്ളുകയാണെങ്കില്‍, രാജ്യത്തെ നിയമവാഴ്ചയുടെയും നീതിന്യായ വ്യവസ്ഥയുടെയും അവസ്ഥ എന്താവും? കൊലപാതകം ചെയ്തവന്‍, മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മാപ്പുപറയുകയാണെങ്കില്‍ കുറ്റവിമുക്തനാക്കപ്പെടുമെന്ന് വന്നാല്‍, സംസ്ഥാനത്തെ അവസ്ഥ എന്താവും? നിയമം നിയമത്തിന്റെ വഴിക്കു പോകും എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം വിളിച്ചുപറയുന്ന മുഖ്യമന്ത്രിയുടെ നിയമത്തിന്റെ വഴി ഇതാണോ?
ഭാര്യയെ തല്ലി എല്ലൊടിച്ച്, പരസ്ത്രീഗമനം നടത്തി, മന്ത്രി മന്ദിരം വ്യഭിചാരത്തിനുപയോഗിച്ച്, കാമുകീഭര്‍ത്താവിന്റെ തല്ല് ഏറ്റുവാങ്ങി മുഖം വികൃതമാക്കിയ മന്ത്രി മാപ്പുപറഞ്ഞതുകൊണ്ടുമാത്രം പ്രശ്നം തീരുന്നില്ല; തീരുകയില്ല. ഗാര്‍ഹികപീഡന നിരോധന നിയമത്തിന്റെ കുരുക്കില്‍നിന്നോ രാഷ്ട്രീയ അധാര്‍മ്മികതയുടെ ചെളിക്കുണ്ടില്‍നിന്നോ സദാചാര ലംഘനത്തിന്റെ ജീര്‍ണതയില്‍നിന്നോ രക്ഷപ്പെടുകയില്ല. ജനങ്ങള്‍ക്ക് മാതൃക കാണിക്കേണ്ട ഒരു രാഷ്ട്രീയ നേതാവ്, ഒരു എംഎല്‍എ, ഒരു മന്ത്രി, ഇങ്ങനെ അധാര്‍മികതയുടെ പ്രതീകമായി ഉയര്‍ന്നാല്‍ അതിന് ജനങ്ങളോട് ഉത്തരംപറയേണ്ടി വരും. അത്തരമൊരാളെ രക്ഷിച്ച് വീണ്ടും മന്ത്രിയാക്കാന്‍ വ്യഗ്രത കാണിക്കുന്ന മുഖ്യമന്ത്രിയാകട്ടെ, സദാചാര ലംഘകനായ മന്ത്രിയേക്കാള്‍ കടുത്ത നിയമലംഘനവും അധാര്‍മികതയുമാണ് കാണിക്കുന്നത്. അതുകൊണ്ടാണ് പരാതിക്കാരിയായ സ്ത്രീക്ക് ലഭിക്കേണ്ട നീതി നിഷേധിച്ചുകൊണ്ട്, അവരെ വഞ്ചിച്ച്, സത്യപ്രതിജ്ഞാലംഘനം നടത്തിയ മുഖ്യമന്ത്രി തല്‍സ്ഥാനം രാജിവെയ്ക്കണം എന്ന് എല്‍ഡിഎഫ് ആവശ്യപ്പെടുന്നത്.
ലൈംഗിക-ഭൂമിദാന - സ്വജനപക്ഷപാത-അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ട അരഡസനില്‍പ്പരം മന്ത്രിമാരെ വെച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന ഈ സര്‍ക്കസ് ജനങ്ങള്‍ക്ക് കാണാനും താങ്ങാനും കഴിയാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു. അല്ലെങ്കില്‍ത്തന്നെ ചുട്ടുപൊള്ളുന്ന മേടച്ചൂടും ജലക്ഷാമവും കുതിച്ചുയരുന്ന വിലക്കയറ്റവും അഴിമതിയുംകൊണ്ട് നടുവൊടിഞ്ഞ കേരളജനതയ്ക്ക്, വെള്ളവും വെളിച്ചവും വൈദ്യുതിയും കിട്ടാക്കനിയാക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയം കാരണം ജീവസന്ധാരണം ദുര്‍വഹമായ കേരള ജനതയ്ക്ക്, ഈ സദാചാര ലംഘനത്തിന്റെ വിഴുപ്പുഭാണ്ഡം കൂടി പേറാനുള്ള കരുത്തില്ല; അതിനുള്ള മനസ്സുമില്ല. ജനജീവിതം ദുഃസഹവും ദുര്‍ഗന്ധ മലീമസവും ആക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവെയ്ക്കണം എന്ന ആവശ്യവുമായി എല്‍ഡിഎഫ് സമരത്തിന് തയ്യാറായിരിക്കുന്നത് അതുകൊണ്ടാണ്.
chintha editorial
Labels:
രാഷ്ട്രീയം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment