ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു) മലപ്പുറം ക്യാമ്പസിന്റെ തലപ്പത്ത് ലീഗ് നോമിനിയെ നിയമിച്ചു. കലിക്കറ്റ് സര്‍വകലാശാലയില്‍നിന്നും രജിസ്ട്രാറായി വിരമിച്ച പി പി മുഹമ്മദിനെയാണ് രാജ്യാന്തര നിലവാരമുള്ള സര്‍വകലാശാലയുടെ മലപ്പുറത്തെ ചുമതലക്കാരനായി നിയമിച്ചത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ കഴിഞ്ഞദിവസം ഉത്തരവില്‍ ഒപ്പുവച്ചു. സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായാണ് നിയമനമെങ്കിലും ഭാവിയിലിത് ഡയറക്ടര്‍ തസ്തികയായി മാറും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങി യോഗ്യതകളില്ലാത്ത ആളെ നിയമിച്ചതിനെതിരെ സര്‍വകലാശാലയിലെ അക്കാദമിക് മേഖലകളില്‍നിന്നുതന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. കലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാറായിരിക്കെ നിരവധി ആരോപണങ്ങള്‍ക്കും അച്ചടക്ക നടപടികള്‍ക്കും വിധേയനായ ആളാണ് പി പി മുഹമ്മദ്. ഇദ്ദേഹം രജിസ്ട്രാറായ കാലയളവില്‍ നടന്ന അധ്യാപക-അനധ്യാപക തസ്തികകളില്‍ വ്യാപക ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ടായിരുന്നു. ഇതില്‍ എട്ട് അധ്യാപക നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. അവശേഷിക്കുന്നവ കോടതിയുടെ പരിഗണനയിലാണ്. സര്‍വകലാശാലയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതായും അന്വേഷണ കമീഷന്‍ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. നാല് വര്‍ഷത്തോളം സസ്പെന്‍ഷനില്‍ കഴിഞ്ഞ ഇദ്ദേഹം യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഭരണസ്വാധീനം ഉപയോഗിച്ചാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് സര്‍വീസില്‍നിന്നും വിരമിച്ചത്.
"ഇഫ്ളു"പോലുള്ള ഉന്നത സ്ഥാപനത്തിന്റെ പ്രധാനപ്പെട്ട ചുമതലകളില്‍ ആരോപണ വിധേയനായ വ്യക്തി കടന്നുവരുന്നത് സര്‍വകലാശാലക്ക് കളങ്കമാകുമെന്ന ആക്ഷേപം ശക്തമാണ്. "ഇഫ്ളു"വിന്റെ ഉന്നതാധികാര കൗണ്‍സിലിന് ഇദ്ദേഹത്തിന്റെ നിയമനത്തില്‍ താല്‍പ്പര്യമില്ല. ലക്നൗ, ഷില്ലോങ് തുടങ്ങിയ ഓഫ് ക്യാമ്പസ് കേന്ദ്രങ്ങളില്‍ സര്‍വകലാശാലകളില്‍നിന്നും വിരമിച്ച അധ്യാപകരെയാണ് ഡയറക്ടര്‍മാരായി നിയമിച്ചത്. കേരളത്തിലും ഈ പാത പിന്തുടരാനാണ് "ഇഫ്ളു" അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍, മുസ്ലിംലീഗ് ഭരണസ്വാധീനം ഉപയോഗിച്ച് വിസിയില്‍ ശക്തമായ സമ്മര്‍ദം ചെലുത്തി പി പി മുഹമ്മദിന്റെ നിയമന ഉത്തരവില്‍ ഒപ്പുവെപ്പിക്കുകയായിരുന്നു. ഇതിനായി മാസങ്ങളോളം പി പി മുഹമ്മദ് ഹൈദരാബാദില്‍ തമ്പടിച്ചു. വാടകക്കെട്ടിടത്തില്‍ അടുത്ത അധ്യയനവര്‍ഷത്തില്‍തന്നെ ക്ലാസുകള്‍ തുടങ്ങാനാണ് "ഇഫ്ളു" അധികൃതരുടെ നീക്കം. പുതുതായി നിയമിതനാവുന്ന ഡയറക്ടറാണ് ക്യാമ്പസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. നിലവില്‍ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായ ഇദ്ദേഹം അധ്യയനം ആരംഭിക്കുന്നതോടെ ഡയറക്ടറായി മാറും. നിയമന കാര്യങ്ങളില്‍ ഉള്‍പ്പെടെ ലീഗിന്റെ ഇംഗിതം നടപ്പാക്കുകയാണ് പി പി മുഹമ്മദിന്റെ നിയമനത്തിലൂടെ ലക്ഷ്യമിടുന്നത്.
deshabhimami 110413
No comments:
Post a Comment