Thursday, April 11, 2013

പഞ്ചായത്ത് ലൈബ്രറികള്‍ക്ക് തിരിച്ചടി


പഞ്ചായത്തും നഗരസഭകളും ബുക്ക്മാര്‍ക്കില്‍ നിന്ന് മാത്രം പുസ്തകം വാങ്ങണമെന്ന സര്‍ക്കാര്‍ ഉത്തരവ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള ലൈബ്രറികള്‍ക്ക് തിരിച്ചടിയായി. ലൈബ്രറികള്‍ക്ക് ആവശ്യമുള്ള പല പുസ്തകങ്ങളും ബുക്ക്മാര്‍ക്കില്‍ ലഭ്യമല്ലാത്തതിനാല്‍ വായനപ്രേമികളെ നിരാശപ്പെടുത്തേണ്ട ഗതികേടിലാണ് ലൈബ്രറികള്‍. നോവല്‍, കഥകള്‍, കവിത, യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങിയ പുസ്തകങ്ങളാണ് വായനക്കാര്‍ ഏറെയും ആവശ്യപ്പെടുന്നത്. ഇത്തരം പുസ്തകങ്ങളുടെ ലിസ്റ്റുമായി ബുക്ക്മാര്‍ക്ക് സ്റ്റാളുകളില്‍ എത്തിയവര്‍ക്ക് മിക്കതും കിട്ടുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ, രമേശ്ചെന്നിത്തലയുടെ നിയമസഭാപ്രസംഗങ്ങള്‍, ബുക്ക്മാര്‍ക്ക് സെക്രട്ടറിബാബു കുഴിമറ്റത്തിന്റെ കൃതികള്‍ തുടങ്ങിയ പുസ്തകങ്ങളാണ് ബുക്ക്മാര്‍ക്ക് സ്റ്റാളുകളില്‍ അധികവും. അറിയപ്പെടാത്ത എഴുത്തുകാരുടെ നിരവധി കൃതികളും പൈങ്കിളി നോവലുകളും കിട്ടാനുണ്ട്. അതേസമയം ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എസ് കെ പൊറ്റക്കാടിന്റെ യാത്രാവിവരണം, തകഴി, എംടി, വയലാര്‍, സാറാ ജോസഫ്, ഒഎന്‍വി, സുഗതകുമാരി തുടങ്ങിയവരുടെ കൃതികള്‍, ക്ലാസിക് ഗ്രന്ഥമായ മഹാഭാരതം എന്നീ പുസ്തകങ്ങളൊന്നും ലഭ്യവുമല്ല.

പുസ്തകങ്ങള്‍ക്ക് അനുവദിച്ച ഗ്രാന്റ് ചെലവഴിക്കേണ്ടതിനാല്‍ ബുക്ക്മാര്‍ക്കിലെ ചവര്‍ കൃതികളാണ് ലൈബ്രറികളില്‍ കുത്തിനിറയ്ക്കേണ്ടത്. ലൈബ്രറികളുടെ ജനാധിപത്യഅവകാശം ഇല്ലാതാക്കുന്നതാണ് ഈ ഉത്തരവെന്ന് കുമരകം പഞ്ചായത്ത് ലൈബ്രറി സെക്രട്ടറി കെ കെ തങ്കച്ചന്‍ പറഞ്ഞു. 75,000 രൂപയുടെ ഗ്രാന്റായിരുന്നു കുമരകം ലൈബ്രറിക്ക്. ആവശ്യപ്പെട്ടത് കിട്ടാത്തതിനാല്‍ 40,000 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങി ഇവര്‍ മടങ്ങി. ഇന്ത്യയിലും വിദേശത്തുമുള്ള ഏത് പ്രസാധകന്റെ പുസ്തകവും ലഭ്യമാക്കുമെന്നായിരുന്നു ബുക്ക്മാര്‍ക്ക് സെക്രട്ടറി എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും അയച്ച കത്തിലുള്ളത്. സര്‍ക്കാരിന്റെ തന്നെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളെ തഴഞ്ഞ് ബുക്ക്മാര്‍ക്കിനെ വഴിവിട്ട് സഹായിക്കാനുള്ള നീക്കമാണ് ഉത്തരവിനു പിന്നിലെന്നും ലൈബ്രറി ഭാരവാഹികള്‍ പറയുന്നു.

deshabhimani 110413

No comments:

Post a Comment