പ്രൊഫ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പിന്തുണച്ചുള്ള ഡോ. കസ്തൂരിരംഗന്റെ ഇടുക്കിയിലെ തെളിവെടുപ്പ് പ്രഹസനമായി. റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാനത്ത് ഉയര്‍ന്ന വന്‍പ്രതിഷേധത്തെ തുടര്‍ന്ന് വിശദമായി പഠിച്ച് ശുപാര്‍ശ നല്‍കാനാണ് ആസൂത്രണ കമീഷന്‍ അംഗവും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിശോധനാ സമിതി ചെയര്‍മാനുമായ ഡോ. കസ്തൂരിരംഗനെ കേന്ദ്രം നിയോഗിച്ചത്. 53 ജനപ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ച മൂന്നുമണിക്കൂറിനുള്ളില്‍കേട്ട് നൂറില്‍പരം പരാതികളും സ്വീകരിച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പൂര്‍ണമായും ന്യായീകരിച്ച സമീപനമായിരുന്നു. സമഗ്രമായ കാഴ്ചപ്പാടോടെ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊതുജനപ്രതിഷേധം ഭയന്ന് പറഞ്ഞെങ്കിലും ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്ന തരത്തില്‍ മാധ്യമങ്ങള്‍ പ്രശ്നം ഏറ്റെടുക്കുന്നതിനെ വിമര്‍ശിക്കുകയും ചെയ്തു. പൊതുസമൂഹത്തില്‍ ഉയര്‍ന്ന ആശങ്ക അകറ്റാനാകുമോ, അതിനുള്ള ശുപാര്‍ശ നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറഞ്ഞില്ല. ജനങ്ങളുടെ ഭീതി അകറ്റേണ്ടത് താനല്ലെന്നും പരിസ്ഥിതി മന്ത്രാലയമാണെന്നും അദ്ദേഹം തുറന്നടിച്ചു. റിപ്പോര്‍ട്ട് സംബന്ധിച്ച് നിയമസാധുത പരിശോധിക്കേണ്ടത് കോടതിയാണെന്നും വ്യക്തമാക്കി.
മലനാടിന്റെ വികസനത്തെയും ജനലക്ഷങ്ങളുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന റിപ്പോര്‍ട്ട് തള്ളണമെന്ന് തെളിവ് നല്‍കാനെത്തിയ ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു. ഇടുക്കിയിലെ ആവാസവ്യവസ്ഥ ബോധ്യപ്പെടാന്‍ ചില മേഖല സന്ദര്‍ശിക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യവും കസ്തൂരിരംഗന്‍ തള്ളി. പി ടി തോമസ് എംപിയും ചീഫ് സെക്രട്ടറിയും എല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. എല്ലാ തലങ്ങളില്‍നിന്നും ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ കമ്മിറ്റി വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലയളവ് സംബന്ധിച്ചും ആശങ്ക പ്രകടിപ്പിച്ചു. ആറ് സംസ്ഥാനങ്ങളില്‍ ഇതിനോടകം സിറ്റിങ് നടന്നു. ഇത് അവസാനത്തേതാണ്. 15 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അഞ്ചുദിവസത്തിനുള്ളില്‍ എങ്ങനെ സമഗ്രറിപ്പോര്‍ട്ട് നല്‍കാനാവുമെന്ന ആശങ്കയാണ് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നത്.
deshabhimani 110413
No comments:
Post a Comment