ആലപ്പുഴ: കലക്ടറേറ്റിലേക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വരവേറ്റത് അഖിലേഷിന്റെ അമ്മയുടെ നിലവിളി. "എന്റെ മോനെ കൊന്നു സാറേ" എന്ന് മുറവിളിയോടെ മുഖ്യമന്ത്രിയുടെ കൈയ്ക്കുപിടിച്ച് ആ അമ്മ അലമുറയിട്ടു. പതറിപ്പോയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി "പരിശോധിക്കാം" എന്ന പതിവ് മറുപടി നല്‍കി നിഷ്കരുണം ഒഴിഞ്ഞുമാറി. പരിവാരങ്ങളോടൊപ്പം ചിരിച്ചും കുശലംപറഞ്ഞും മുഖ്യമന്ത്രി കലക്ടറേറ്റിനുള്ളിലേക്ക് കയറിപ്പോകുമ്പോള്‍ ആ അമ്മ കലക്ടറേറ്റിനുമുന്നില്‍ കരഞ്ഞുതളര്‍ന്നുവീണു.
പുന്നപ്ര പൊലീസ് കസ്റ്റഡിയില്‍ മരിച്ച വിദ്യാര്‍ഥി അഖിലേഷ് (24)ന്റെ അമ്മ സോമലതയാണ് മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കാനെത്തിയത്. ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി ബുധനാഴ്ച പകല്‍ 3.30 ഓടെ കലക്ടറേറ്റില്‍ എത്തുമെന്നറിഞ്ഞ് ഉച്ചയ്ക്കുമുമ്പുതന്നെ സോമലത എത്തി. "ഒരു പെറ്റിക്കേസ് എടുക്കേണ്ട കാര്യത്തിനാണ് സാറേ അവര്‍ എന്റെ മോനെ കൊന്നത്. അവര്‍ക്ക് എത്ര പണംവേണമെങ്കിലും ഞാന്‍ കൊടുക്കുമായിരുന്നല്ലോ. അവര്‍ ഇപ്പോഴും ജോലിയിലുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കണം". കണ്ണീരോടെ മുഖ്യമന്ത്രിയുടെ മുന്നില്‍ കൈകൂപ്പിനിന്ന് സോമലത നീതിക്കുവേണ്ടി യാചിച്ചു. സംഭവത്തില്‍ പ്രതിയായ പൊലീസുകാരന്‍ നജീബിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അഖിലേഷിന്റെ അമ്മ സോമലതയും അച്ഛന്‍ അശോക്കുമാറും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. നജീബാണ് അഖിലേഷിനെ ആദ്യം അടിച്ചതെന്ന് അശോക്കുമാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതികളായ എസ്ഐ രാജേഷ്, ഡ്രൈവര്‍ ജയന്‍ എന്നിവര്‍ സസ്പെന്‍ഷനിലാണ്. എടത്വ സെന്റ് അലോഷ്യസ് കോളേജിലെ ബിഎസ്സി കെമിസ്ട്രി അവസാനവര്‍ഷ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഖിലേഷിനെ മാര്‍ച്ച് 16നാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുള്ള പെട്രോള്‍ പമ്പിനു സമീപം സുഹൃത്തിന്റെ ബൈക്കിലിരിക്കുമ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
deshabhimani 180413
No comments:
Post a Comment