4 സാക്ഷികള്‍ കൂടി പ്രോസിക്യൂഷനെതിരെ
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ബുധനാഴ്ച വിസ്തരിച്ച അഞ്ച് സാക്ഷികളില്‍ നാലുപേരും പ്രോസിക്യൂഷനെതിരെ മൊഴി നല്‍കി. പാനൂരിലെ കെ കെ പവിത്രന്‍, പാലയാട് അതുല്യയില്‍ നിധിന്‍ നാരായണന്‍ എന്ന നിധിന്‍, കോടിയേരി മൂഴിക്കല്‍ കുനിയില്‍ വീട്ടില്‍ കെ സ്മിതേഷ്, ചൊക്ലി വിജിന നിവാസില്‍ പി കെ വിനീഷ് എന്നിവരാണ് പൊലീസിന്റെ കള്ളക്കഥകള്‍ക്കെതിരെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കിയത്. വിസ്തരിച്ച 72 പേരില്‍ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കുന്നവര്‍ ഇതോടെ നാല്‍പ്പതായി.
വധവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വരുന്നതെന്ന് സിപിഐ എം പാനൂര്‍ ഏരിയാ സെക്രട്ടറികൂടിയായ കെ കെ പവിത്രന്‍ മൊഴി നല്‍കി. അന്വേഷണത്തിന്റെ മറവില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സിപിഐ എമ്മിനെ തകര്‍ക്കാനും നേതാക്കളെയും പ്രവര്‍ത്തകരെയും പ്രതികളാക്കാനും ശ്രമമുണ്ടായി. നിരവധി സിപിഐ എം പ്രവര്‍ത്തകരെ പൊലീസ് പിടിച്ച് മര്‍ദിച്ചു. പൊലീസിനോട് ഒന്നും പറയാനാവാത്ത സാഹചര്യമാണ് അന്നുണ്ടായിരുന്നത്. മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനെതിരെ സിപിഐ എം ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. പാര്‍ടി പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കാതെ ദിവസങ്ങളോളം പൊലീസ് തടങ്കലില്‍ മര്‍ദിച്ചിട്ടുണ്ടെന്നും പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ പവിത്രന്‍ പറഞ്ഞു. കേസിലെ പ്രതി പി കെ കുഞ്ഞനന്തന്‍ ഒളിവില്‍ പോയതായി അറിയില്ല. കുഞ്ഞനന്തന് കോടതിയില്‍ ഹാജരാകാന്‍ സൗകര്യമൊരുക്കിയത് താനാണെന്ന് മൊഴി നല്‍കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വിസ്താരത്തില്‍ പവിത്രന്‍ പറഞ്ഞു.
പ്രതിയായ ജിജേഷ്കുമാറിനെ അറിയില്ലെന്ന് ചൊക്ലി വിജിന നിവാസില്‍ പി കെ വിനീഷ് മൊഴി നല്‍കി. ജിജേഷ്കുമാര്‍ വീട്ടില്‍വന്ന് തന്റെ ബൈക്ക് ആവശ്യപ്പെട്ടെന്ന് പൊലീസ് രേഖപ്പെടുത്തിയത് തെറ്റാണ്. താന്‍ സിപിഐ എം പ്രവര്‍ത്തകനല്ലെന്നും പ്രതികളെ സഹായിക്കാന്‍ കളവു പറയുകയാണെന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്നും വിനീഷ് പറഞ്ഞു. 141-ാം സാക്ഷി തലശേരി ഇല്ലത്ത്താഴെ അജന്ത നിവാസില്‍ കെ എം രുഗ്മിണി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കേസിലെ പ്രതി സി കെ രജികാന്തിന് 2013 ഏപ്രില്‍ 25ന് ചെക്ക് ലീഫ് നല്‍കിയെന്ന് മൊഴി നല്‍കുന്നത് പൊലീസ് രേഖ പ്രകാരമാണെന്ന് കോടിയേരി സര്‍വീസ് സഹ. ബാങ്ക് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇവര്‍ പറഞ്ഞു. ബാങ്കിലെ ചെക്ക് ഇഷ്യൂ രജിസ്റ്ററില്‍ ചെക്ക് ലീഫ് നല്‍കിയ തീയതി ഏപ്രില്‍ 24 എന്നാണുള്ളതെന്നും പ്രോസിക്യൂഷനെ സഹായിക്കാനാണ് അത് തെറ്റായി രേഖപ്പെടുത്തിപ്പോയതാണെന്ന് മൊഴി നല്‍കുന്നതെന്നും പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടി ഹാജരായി. 143 മുതല്‍ 148 വരെ സാക്ഷികളെ വ്യാഴാഴ്ച വിസ്തരിക്കും.
ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണ: മജിസ്ട്രേട്ടിന് മൊഴി നല്‍കിയത് പൊലീസ് ഭീഷണിയിലെന്ന് സാക്ഷികള്‍
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പയ്യോളി മജിസ്ട്രേട്ട് മുമ്പാകെ മൊഴി നല്‍കിയത് പൊലീസ് ഭീഷണി സഹിക്കവയ്യാതെയായിരുന്നുവെന്ന് സാക്ഷികള്‍. പാലയാട് "അതുല്യ"യില്‍ നിധിന്‍ നാരായണന്‍ എന്ന നിധിന്‍, കോടിയേരി മൂഴിക്കല്‍ കുനിയില്‍ ഹൗസില്‍ കെ സ്മിതേഷ് എന്നിവരാണ് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണപിഷാരടി മുമ്പാകെ ഇപ്രകാരം മൊഴി നല്‍കിയത്. 164 പ്രകാരം മജിസ്ട്രേട്ട് മുമ്പാകെ ആറ് സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൊലീസ് പീഡനവും ഭീഷണിയും മൂലമാണ് മജിസ്ട്രേട്ടിനു മുമ്പില്‍ മൊഴി നല്‍കിയതെന്ന് നാലുപേരും കോടതിയില്‍ തുറന്നുപറഞ്ഞു. സത്യം തുറന്നുപറയുമെന്ന സംശയത്തെത്തുടര്‍ന്ന് രണ്ടു സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിക്കാതെ ഒഴിവാക്കി. കേസിലെ പ്രതികളായ എം സി അനൂപ്, ടി കെ രജീഷ്, ഷനോജ് എന്നിവര്‍ക്ക് ബംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ കാര്‍ ഏര്‍പ്പാടാക്കിയത് താനല്ലെന്ന് നിധിന്‍ കോടതിയില്‍പറഞ്ഞു. ഇത്തരത്തില്‍ പൊലീസിന് മൊഴി നല്‍കിയിട്ടില്ല. മജിസ്ട്രേട്ടിനുമുമ്പില്‍ മൊഴി നല്‍കാനിടയായത് പൊലീസ് ഭീഷണിയെത്തുടര്‍ന്നാണെന്ന് പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ നിധിന്‍ പറഞ്ഞു.
""ആവശ്യപ്പെട്ട പ്രകാരം മൊഴി നല്‍കിയില്ലെങ്കില്‍ പ്രതിയാക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. മൂന്നുപ്രാവശ്യം പൊലീസ് വിളിപ്പിച്ചു. മൂന്നുദിവസവും കസ്റ്റഡിയില്‍വച്ചു. മജിസ്ട്രേട്ട് മുമ്പാകെ പറയാനുള്ള കാര്യങ്ങള്‍ പഠിപ്പിച്ചു. കതിരൂര്‍ സഹകരണബാങ്ക് മാനേജരായ അമ്മയുടെ ജോലി കളയുമെന്നും അമ്മയെയും കേസില്‍ പ്രതിയാക്കുമെന്നും ഭീഷണിയുണ്ടായി. പൊലീസിനെ ഭയന്നിട്ട് മജിസ്ട്രേട്ടിനു മുമ്പില്‍ സത്യം പറയാന്‍ ധൈര്യമുണ്ടായില്ല. മജിസ്ട്രേട്ടിനു മുമ്പില്‍ കൊണ്ടുപോയതും മടക്കിക്കൊണ്ടുവന്നതും പൊലീസ് തന്നെയാണ്. പ്രോസിക്യൂഷന്‍ കാണിച്ചുതന്ന മൂന്നു പ്രതികളെയും ആദ്യമായി കോടതിയിലാണ് കാണുന്നത്""-നിധിന്‍ വ്യക്തമാക്കി.
മൂന്നു ദിവസം പൊലീസ് വിളിച്ചുവരുത്തി മജിസ്ട്രേട്ടിനു മുമ്പില്‍ പറയാനുള്ളത് പഠിപ്പിക്കുകയായിരുന്നുവെന്ന് സ്മിതേഷ് പ്രതിഭാഗം ക്രോസ്വിസ്താരത്തില്‍ പറഞ്ഞു. മൂന്നുദിവസവും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് മൊഴി പഠിപ്പിച്ചത്. പൊലീസ് പറഞ്ഞതുപോലെ പറഞ്ഞില്ലെങ്കില്‍ പ്രതിയാക്കുമെന്ന ഭീഷണിയുണ്ടായി. സത്യമല്ലാത്ത കാര്യങ്ങള്‍ മജിസ്ട്രേട്ടിനു മുമ്പില്‍ പറയാനിടയായത് ഇതുമൂലമാണ്. ഡിവൈഎസ്പി ഓഫീസിലേക്കാണ് വിളിപ്പിച്ചത്. കേസിലെ പ്രതികളായ ഷിജീഷ് എന്ന നാണപ്പന്‍, അഭിനേഷ്, സിജിത്ത് എന്നിവരെ തന്റെ ഓട്ടോയില്‍ തലശേരി സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുപോയിട്ടില്ല. ഇവര്‍ മൂന്നുപേരും പ്രതി കാരായി രാജനുമായി സംസാരിക്കുന്നത് കണ്ടുവെന്നും പൊലീസിനോട് പറഞ്ഞിട്ടില്ല. നാലുപേരെയും തനിക്കറിയില്ലെന്നും സ്മിതേഷ് പ്രോസിക്യൂഷന് മറുപടി നല്‍കി. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ എം അശോകന്‍, കെ വിശ്വന്‍ എന്നിവര്‍ സാക്ഷികളെ വിസ്തരിച്ചു.
deshabhimani 180413
No comments:
Post a Comment