Wednesday, April 17, 2013

രാഹുല്‍ലീലയില്‍ വട്ടംകറങ്ങി നേതാക്കള്‍


എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ പരിശോധന കോണ്‍ഗ്രസുകാരെ വട്ടംകറക്കി. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മിനിറ്റ്സ് പരിശോധന അടക്കമുണ്ടാകുമെന്ന മുന്നറിയിപ്പോടെ മണ്ഡലം-ബ്ലോക്ക് കമ്മിറ്റികള്‍ വിളിച്ചത്. ഓരോ ജില്ലയിലും അഞ്ചും ആറും യോഗങ്ങള്‍ വിളിക്കാന്‍ ആവശ്യപ്പെട്ട കെപിസിസി നേതൃത്വം എവിടെയാണ് നേതാവ് പ്രത്യക്ഷപ്പെടുകയെന്ന് ഉറപ്പില്ലെന്നും അതീവജാഗ്രതയോടെ കാത്തിരിക്കണമെന്നും അറിയിച്ചിരുന്നു. വരാനും വരാതിരിക്കാനും സാധ്യതയുള്ള നേതാവിനെ ചങ്കിടിപ്പോടെ കാത്തിരിക്കുന്ന നേതാക്കള്‍, പ്രവര്‍ത്തകരെയും നേതാക്കളെയും ഞെട്ടിക്കാന്‍ എങ്ങോട്ടാണ് പോക്കെന്ന കാര്യം മറച്ചുവച്ചതിനാല്‍ പലവഴി പരക്കംപായുന്ന പൊലീസ് ഉദ്യോഗസ്ഥര്‍, ഒരുവഴിപറഞ്ഞ് മറുവഴി നേതാവ് വിട്ടതറിഞ്ഞ് പിന്നാലെ കുതിച്ച ഡിസിസി പ്രസിഡന്റടക്കമുള്ള ഭാരവാഹികളും മാധ്യമപ്രവര്‍ത്തകരും, യുവനേതാവിന്റെ സഞ്ചാരം സുഗമമാക്കാന്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ മണിക്കൂറുകള്‍ പെരുവഴിയില്‍ കുരുങ്ങി പൊതുജനം. ഇതാണ് രാഹുല്‍ ഗാന്ധിയുടെ മിന്നല്‍സന്ദര്‍ശനത്തിന്റെ ബാക്കിപത്രം.

എന്തിനായിരുന്നു ഈ നാടകമെന്ന് ഇനിയും പിടികിട്ടിയിട്ടില്ലെന്നും പാര്‍ടിപ്രവര്‍ത്തനത്തിനിടയില്‍ ഏറ്റ നാണക്കേടുകളില്‍ ഏറ്റവും വലുതാണ് ചൊവ്വാഴ്ചത്തേതെന്നും കോണ്‍ഗ്രസ് നേതാക്കള്‍. ഡിസിസി പ്രസിഡന്റുമാരടക്കം രാഹുല്‍ ലീലയില്‍ ശരിക്കും വെള്ളംകുടിച്ചു. സംഘടനാകാര്യങ്ങള്‍ ഇവന്റ് മാനേജ്മെന്റ് ടീമിനെ ഏല്‍പ്പിച്ച രാഹുലിന്റെ അഭിരുചി പരീക്ഷ, ഇന്റര്‍വ്യൂ തുടങ്ങിയ പ്രഹസനങ്ങള്‍ക്കുപിന്നാലെ അരങ്ങേറിയ പരിശോധനാനാടകത്തിന് എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരും സാക്ഷികളായി. രാഹുല്‍ ഗാന്ധിയുടെ കൗതുകത്തിന് ബലിയാടായത് ആയിരങ്ങളാണ്.

അതീവസുരക്ഷാ വഭാഗത്തില്‍പെടുന്ന നേതാവിന് സംരക്ഷണവലയവും സൗകര്യങ്ങളുമൊരുക്കാന്‍ സര്‍ക്കാര്‍ സംവിധാനവും വിയര്‍ത്തു. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളം ചൊവ്വാഴ്ച കണ്ടത്. പ്രത്യേക വിമാനത്തില്‍ രാവിലെ 9.30ന് നെടുമ്പാശേരിയില്‍ പറന്നിറങ്ങിയ രാഹുല്‍ ഗാന്ധി കാര്‍മാര്‍ഗം നേരെ തൃശൂരിലേക്ക് കുതിച്ചു. പൂരത്തിരക്കിലമര്‍ന്ന തൃശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും മൂന്നു മണിക്കൂറോളമാണ് പൊലീസ് ഗതാഗതം തടഞ്ഞത്. തൃശൂരിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനില്‍(കില) അധികാരവികേന്ദ്രീകരണം പഠിക്കലായിരുന്നു ആദ്യദൗത്യം. പ്രസിഡന്റുമാരടക്കം മുപ്പത് ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ ഇതിനായി ക്ഷണിച്ചിരുന്നു. 11.30ന് കിലയിലെത്തിയ രാഹുല്‍ കഷ്ടിച്ച് ഒരു മണിക്കൂര്‍ അവിടെ ചെലവഴിച്ചു. കില തയ്യാറാക്കിയ ഹ്രസ്വചിത്രവും കണ്ട് കേരളീയസദ്യയുണ്ട് ഇറങ്ങി. കിലയില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചില്ല. ഇവിടെനിന്ന് പാലക്കാട്ടേക്ക് പോകുമെന്ന് പറഞ്ഞെങ്കിലും അടാട്ട് എത്തിയപ്പോള്‍ ഗ്രാമസഭയില്‍ പങ്കെടുക്കണമെന്നായി. അവിടെ ഗ്രാമസഭകണ്ട് ഷൊര്‍ണൂരേക്ക് തിരിച്ച വാഹനവ്യൂഹം പൊടുന്നനെ പട്ടാമ്പിക്ക് വഴിതിരിഞ്ഞു. ഷൊര്‍ണൂരില്‍ കാത്തുനിന്ന നേതാക്കളും പൊലീസും പട്ടാമ്പിയിലെത്താന്‍ നെട്ടോട്ടമോടി.

പാലക്കാട്ട് അഞ്ചിടത്ത് യോഗം വിളിച്ചെങ്കിലും മൂന്നുമണിയോടെ പട്ടാമ്പി നിയോജകമണ്ഡലം ഭാരവാഹികളുടെ യോഗത്തിലാണ് പ്രത്യക്ഷപ്പെട്ടത്. യോഗത്തില്‍നിന്ന് ചെന്നിത്തലയെയും ഡിസിസി പ്രസിഡന്റിനെയും മാറ്റിനിര്‍ത്തി. മലപ്പുറത്ത് ഡിസിസി എക്സിക്യൂട്ടീവും രണ്ട് വീതം മണ്ഡലം, ബ്ലോക്ക് കമ്മിറ്റിയും വിളിപ്പിച്ചെങ്കിലും ഡിസിസി യോഗത്തില്‍ പങ്കെടുത്തു. കോഴിക്കോട്ട് ഡിസിസിയില്‍ അടക്കം ആറിടത്ത് യോഗം വിളിച്ചു. എന്നാല്‍, അങ്ങോട്ടേക്ക് പോകാതെ വൈകിട്ട് ആറിന് മലപ്പുറത്തുനിന്ന് രാഹുല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചു. പിന്നീട് നെടുമ്പാശേരി വഴി ഡല്‍ഹിയിലേക്ക്. രാവിലെമുതല്‍ സര്‍വസന്നാഹവുമൊരുക്കി നെഞ്ചിടിപ്പോടെ കാത്തുനിന്ന നേതാക്കളും പ്രവര്‍ത്തകരും വൈകിട്ടാണ് ശ്വാസംവിടുന്നത്.
(കെ എം മോഹന്‍ദാസ്)

deshabhimani 170413

No comments:

Post a Comment