Wednesday, April 17, 2013

ആര്‍എംപി നാടകം പൊളിയുന്നു


ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതിയില്‍ നേരിടുന്ന തിരിച്ചടിക്ക് മറയിടാന്‍ വള്ളിക്കാട്ട് സ്തൂപം തകര്‍ത്ത ആര്‍എംപി നാടകം പൊളിയുന്നു. ചൊവ്വാഴ്ച സ്തൂപത്തിന്റെ പുനര്‍നിര്‍മാണം പുരോഗമിക്കുന്നതിനിടെ പണി നിര്‍ത്താനുള്ള കലക്ടറുടെ നിര്‍ദേശം ആര്‍എംപിയെ വെട്ടിലാക്കി. സിപിഐ എം നേതാക്കളും ജനപ്രതിനിധികളും കലക്ടറുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍മാണം നിര്‍ത്താന്‍ കലക്ടര്‍ കെ വി മോഹന്‍കുമാര്‍ റൂറല്‍ എസ്പി ടി കെ രാജ്മോഹന് നിര്‍ദേശം നല്‍കിയത്. സ്തൂപം തകര്‍ത്തതിനെപ്പറ്റി പരിശോധന നടത്താതെ ഞൊടിയിടയില്‍ പൊലീസ് സാന്നിധ്യത്തില്‍ പുനര്‍നിര്‍മിച്ചത് ആര്‍എംപിക്കാര്‍ക്കെതിരെയുള്ള തെളിവു നശിപ്പിക്കാനാണ്.

സ്തൂപം തകര്‍ക്കുന്നതിന്റെ തലേദിവസം ഒരുസംഘം ആര്‍എംപിക്കാര്‍ സ്തൂപം മോടികൂട്ടാന്‍ അളവെടുത്തിരുന്നു. പിന്നീട് ഇവര്‍ വെള്ളികുളങ്ങര കല്ലേരി മെറ്റല്‍സിലെത്തി ടൈല്‍സ് തെരഞ്ഞെടുത്തതായും വിവരമുണ്ട്. മെയ് നാലിന് നടക്കുന്ന ആര്‍എംപി പരിപാടി കൊഴുപ്പിക്കുന്നതിനാണ് സ്തൂപത്തിന്റെ പുനര്‍നിര്‍മാണം പൊലീസ് സഹായത്തോടെ തുടങ്ങിയത്. യുഡിഎഫ് നേതൃത്വം ഇടപ്പെട്ടതിനാലാണ് പൊലീസ് ആര്‍എംപി അനുകൂല നിലപാട് സ്വീകരിച്ചത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ മുഖ്യസാക്ഷിയായ മനേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച അര്‍ധരാത്രി വീടുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിരപരാധികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സന്ദീപ്, അശ്വിന്‍ എന്നിവരെ വിട്ടയച്ചെങ്കിലും സംഭവത്തിനു പിന്നില്‍ സിപിഐ എമ്മാണെന്ന് വരുത്താന്‍ മൂന്നു പേരെക്കൂടി ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടു.

ഞായറാഴ്ച വള്ളിക്കാട്ട് ആര്‍എംപി പ്രകടനത്തില്‍ പൊലീസിനെതിരെ അക്രമമുണ്ടായി. കല്ലേറില്‍ സിഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ചെയ്യാത്ത തെറ്റിന് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയിച്ചിട്ടും സ്തൂപം തകര്‍ത്തത് മകനാണെന്ന രീതിയില്‍ മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുന്നത് പൊറുക്കാന്‍ കഴിയില്ലെന്ന് സന്ദീപിന്റെ അമ്മ ചാത്താംപൊയിലില്‍ ലീല പറഞ്ഞു. വള്ളിക്കാട്ടെ അക്രമത്തില്‍ സിപിഐ എമ്മിന് ബന്ധമില്ലെന്ന് ഡിവൈഎസ്പി ജോസിചെറിയാന്‍ സര്‍വകക്ഷി യോഗത്തില്‍ പ്രഖ്യാപിച്ചിട്ടും മാധ്യമങ്ങള്‍ സിപിഐ എമ്മിനെ വേട്ടയാടുകയാണ.ആര്‍എംപിക്കാര്‍ പറഞ്ഞതുനസരിച്ച് പ്രതികളെയും സാക്ഷികളെയും പ്രോസിക്യൂട്ടറെയുമെല്ലാം തീരുമാനിച്ചിട്ടും കേസ് ദിവസേന ദുര്‍ബലമാവുകയാണ്. ഇതിലെ നാണക്കേടും അമര്‍ഷവും വഴിതിരിച്ചുവിടാനാണ് ആര്‍എംപി ശ്രമം.

3 സിപിഐ എം ഓഫീസുകള്‍ തകര്‍ത്തു; കടകള്‍ കത്തിച്ചു

വടകര: ഒഞ്ചിയം മേഖലയില്‍ വിഷു നാളില്‍ ആര്‍എംപി ക്രിമിനലുകളുടെ അഴിഞ്ഞാട്ടം. മൂന്ന് സിപിഐ എം ഓഫീസുകള്‍ അടിച്ചുതകര്‍ത്തു. രണ്ട് കടകള്‍ക്ക് തീവെച്ചു. ഓര്‍ക്കാട്ടേരിയില്‍ പാര്‍ടി ലോക്കല്‍കമ്മിറ്റി അംഗത്തെയും വള്ളിക്കാട് പൊലീസിനേയും ആക്രമിച്ചു. വള്ളിക്കാട്ട് റോഡരികില്‍ നിര്‍മിച്ച ടി പി ചന്ദ്രശേഖരന്‍ സ്തൂപത്തിന്റെ മുകള്‍ഭാഗം വിഷുത്തലേന്ന് അജ്ഞാതര്‍ തകര്‍ത്തത് മറയാക്കിയാണ് പൊലീസ് സാന്നിധ്യത്തില്‍ അക്രമം നടത്തിയത്. മെയ് നാലിന് ചന്ദ്രശേഖരന്‍ ദിനത്തോടനുബന്ധിച്ച് സ്തൂപം പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി ആര്‍എംപിക്കാര്‍ തന്നെയാണ് സ്തൂപം തകര്‍ത്തതെന്നാണ് സൂചന.

ഞായറാഴ്ച രാവിലെ ആര്‍എംപിക്കാര്‍ വള്ളിക്കാട് നടത്തിയ മാര്‍ച്ചില്‍നിന്നാണ് സിപിഐ എം ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായത്. പിന്നീട് പൊലീസിനുനേരെയും തിരിഞ്ഞു. പാര്‍ടിയുടെയും ബഹുജനസംഘടനകളുടെയും ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. പിരിഞ്ഞുപോകാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്ത അക്രമികളെ നിയന്ത്രിക്കാന്‍ പൊലീസ് രണ്ടുതവണ ഗ്രനേഡ് ഉപയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. കല്ലേറില്‍ സിഐ സുനില്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതിനിടയിലാണ് വള്ളിക്കാട് വാസു സ്മാരകമന്ദിരം അക്രമികള്‍ എറിഞ്ഞു തകര്‍ത്തത്. ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്ച അക്രമം വൈകിട്ട് ചേര്‍ന്ന സമാധാനയോഗത്തിനുശേഷവും തുടര്‍ന്നു.

വെള്ളികുളങ്ങര സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസായ പി കൃഷ്ണപിള്ള സ്മാരകമന്ദിരം ഇതോടൊപ്പമുള്ള എ കെ ദാമോദരന്‍ മാസ്റ്റര്‍ സ്മാരക വായനശാല, ഓര്‍ക്കാട്ടേരി എളങ്ങോളി കേളുഏട്ടന്‍ സ്മാരകമന്ദിരം എന്നിവയാണ് തകര്‍ത്തത്. രാത്രി പത്തരയോടെയാണ് പാര്‍ടി പ്രവര്‍ത്തകരായ പുളിയുള്ളതില്‍ രവീന്ദ്രന്റെ ചായക്കടയ്ക്കുംആയാട്ട് സജീവന്റെ മെറ്റല്‍ ഇന്‍ഡസ്ട്രീസിനും തീവച്ചത്. പ്രധാനാധ്യാപകനും ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവുമായ എന്‍ ഉദയനെയാണ് ഒരുസംഘം പ്രവര്‍ത്തകര്‍ വീടിനുസമീപത്ത് തടഞ്ഞുവച്ച് ആക്രമിച്ചത്. എളങ്ങോളിയില്‍ സിപിഐ എം ഓഫീസ് തകര്‍ക്കുന്നതിനിടയില്‍ രണ്ട് ആര്‍എംപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്ചെയ്തു. രാമത്ത് പ്രദീപന്‍, കാര്‍ത്തികപ്പള്ളി മഠത്തുംതാഴെക്കുനിയില്‍ ബിനീഷ് എന്നിവരെ പൊലീസ് ഓടിച്ചിട്ടുപിടിക്കുകയായിരുന്നു. പിന്നീട്, ഇവര്‍ക്കെതിരെ നിസാര വകുപ്പില്‍ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. വള്ളിക്കാട്ടെ മാര്‍ച്ചില്‍ പൊലീസിനെ ആക്രമിച്ചതിന് നൂറ്പേര്‍ക്കെതിരെയും അനുമതി നിഷേധിച്ച് പ്രകടനം നടത്തിയതിനും ഉച്ചഭാഷിണി ഉപയോഗിച്ചതിനും മറ്റു ചിലര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

 മാര്‍ച്ച് 27ന് വള്ളിക്കാട്ടെ വാസുസ്മാരക മന്ദിരം ആര്‍എംപിക്കാര്‍ തകര്‍ത്തിരുന്നു. മേഖലയില്‍ ബോധപൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ആര്‍എംപിക്കാര്‍തന്നെ ചന്ദ്രശേഖരന്‍ സ്തൂപം തകര്‍ക്കുമെന്നതിനാല്‍ ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് സിപിഐ എം നേതാക്കള്‍ ഡിവൈഎസ്പി ഉള്‍പ്പടെയുള്ള പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, സ്തൂപത്തിന് പൊലീസ് കാവലേര്‍പ്പെടുത്തി. സ്തൂപം തകര്‍ത്തതിന്റെ തലേന്നാണ് കാവല്‍ പിന്‍വലിച്ചത്. സ്തൂപം തകര്‍ക്കപ്പെട്ട വിവരം അര്‍ധരാത്രി ആദ്യമായി പൊലീസിനെ അറിയിച്ചത് കിലോമീറ്ററുകള്‍ അകലെ താമസിക്കുന്ന ആര്‍എംപി നേതാവായ എന്‍ വേണുവാണ്. ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് പ്രധാന സാക്ഷിയാക്കിയ മനേഷാണ് സ്തൂപം തകര്‍ത്തത് സിപിഐ എം പ്രവര്‍ത്തകരാണെന്ന് മൊഴിനല്‍കിയത്. തുടര്‍ന്ന് അര്‍ധരാത്രി വള്ളിക്കാട് സ്വദേശികളായ സന്ദീപ്, അശ്വിന്‍ എന്നിവരെ വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു.

deshabhimani 170413

No comments:

Post a Comment