Thursday, April 11, 2013

സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് കുടുംബശ്രീ ഉല്‍പ്പന്നങ്ങളെ പുറത്താക്കുന്നു


സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള ഔട്ട്‌ലെറ്റുകളില്‍ നിന്ന് ചെറുകിട ഉല്പാദകരെയും കുടുംബശ്രീ ഉല്‍പ്പന്നങ്ങളെയും ആട്ടിപ്പായിക്കാന്‍ സപ്ലൈകോ അധികൃതര്‍ തന്ത്രമിറക്കുന്നു. സെയില്‍ടാക്‌സ് രജിസ്‌ട്രേഷനും ടിന്‍ നമ്പറുമുള്ള സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രം ഔട്ട്‌ലെറ്റുകളില്‍ വില്‍പ്പനയ്ക്കുവച്ചാല്‍ മതിയെന്ന് സപ്ലൈകോ ഇന്നലെ ഉത്തരവിറക്കി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മരച്ചീനി കൊടുക്കുന്ന നാട്ടിന്‍പുറത്തെ കര്‍ഷകനും ഇനി സെയില്‍ടാക്‌സ് രജിസ്‌ട്രേഷനും ടിന്‍ നമ്പറുമെടുക്കേണ്ട ഗതികേടിലാണ്.

മരച്ചീനിക്കു പുറമെ ഉള്ളി, സവാള, പപ്പടം, ഉപ്പേരി, ശര്‍ക്കരവരട്ടി എന്നിങ്ങനെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പൂര്‍ണ്ണ നികുതി ഇളവുണ്ടെങ്കിലും സപ്ലൈകോ അധികൃതര്‍ അതൊന്നും അറിഞ്ഞ മട്ടില്ല. മാര്‍ക്കറ്റിംഗ് വിഭാഗം അസിസ്റ്റന്റ് മാനേജര്‍ ഇന്നലെ ഇറക്കിയ ഉത്തരവില്‍ ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

പത്തു ലക്ഷത്തിലേറെ രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളും സ്ഥാപനങ്ങളുമാണ് ഇടപാടുകളില്‍ ടാക്‌സ് ഐഡന്റിറ്റിഫിക്കേഷന്‍ നമ്പര്‍ എന്ന ടിന്‍ ഉപയോഗിക്കേണ്ടത്. അതും വാണിജ്യനികുതി ബാധകമായ ഉല്‍പ്പന്നങ്ങളാണെങ്കില്‍ മാത്രം. ഈ നിയമപ്രകാരം മരച്ചീനി കര്‍ഷകന്‍ ടിന്‍ എടുക്കേണ്ട കാര്യവുമില്ല. ഇത്തരം ഉല്‍പ്പന്നങ്ങളുടെ പര്‍ച്ചേസിന് നിയമത്തിലെ 6(2) വകുപ്പുപ്രകാരം അണ്‍രജിസ്‌ട്രേഡ് ഇനങ്ങളില്‍ പെടുത്തിയുള്ള ബില്‍ മാത്രമേ നല്‍കേണ്ടതുള്ളൂ. വസ്തുത ഇപ്രകാരമായിരിക്കെയാണ് ചെറുകിടക്കാരെ അകറ്റിനിര്‍ത്തി കുത്തകകളെ വാഴിക്കാന്‍ സപ്ലൈകോയുടെ അണിയറയില്‍ ഗൂഢാലോചന നടക്കുന്നത്.

ചെറുകിട ഉല്‍പ്പാദകര്‍ക്കൊപ്പം കുടുംബശ്രീ വനിതകളെ ഒഴിവാക്കാന്‍ മറ്റൊരു തന്ത്രമാണ് പയറ്റുന്നത്. ചുരുങ്ങിയത് 20 സൂപ്പര്‍മാര്‍ക്കറ്റുകളിലെങ്കിലും ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നവരെ മാത്രമേ പരിഗണിക്കാവൂ എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. വളരെ പ്രയാസപ്പെട്ട് ഉപ്പേരിയും അച്ചാറും പാവയ്ക്ക ഉണക്കിയതുമൊക്കെ പായ്ക്കറ്റുകളിലാക്കി കടകളില്‍ നല്‍കുന്ന  കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 20 സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേസമയം ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ കഴിയണമെന്നില്ല. ഇതറിഞ്ഞു തന്നെയാണ് ഇവരെയും തഴയാനുള്ള നീക്കം.

മരച്ചീനിയും ഉള്ളിയും സവാളയുമടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ മൊത്തത്തില്‍ വാങ്ങി വിതരണം ചെയ്യാന്‍ ശേഷിയുള്ളവര്‍ മാത്രം തങ്ങളെ സമീപിച്ചാല്‍ മതിയെന്ന ഉത്തരവ് ഫലത്തില്‍ ചെറുകിട കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും തിരിച്ചടിയായിരിക്കുകയാണ്.

janayugom 110413

No comments:

Post a Comment