ഇരിട്ടിയിലും പേരാവൂരിലും അടി; യൂത്ത് കോണ്‍. തെരഞ്ഞെടുപ്പ് നിര്‍ത്തി
ഇരിട്ടി/പേരാവൂര്‍: ഇരിട്ടിയിലും പേരാവൂരിലും യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷവും തമ്മില്‍തല്ലും. രണ്ടിടത്തും ബാലറ്റ് പേപ്പറിലും പെട്ടിയിലും മഷി ഒഴിച്ചതിനെതുടര്‍ന്ന് തെരഞ്ഞെടുപ്പ് നിര്‍ത്തി. പേരാവൂരില്‍ നടന്ന കൊട്ടിയൂര്‍, പേരാവൂര്‍ മണ്ഡലം തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ ജെ ജോസഫിനും പരിക്കേറ്റു. ഇരിട്ടിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയവരെ എസ്ഐ പി ആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തുരത്തിയോടിച്ചു. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തല്ലില്‍ പലര്‍ക്കും പരിക്കേറ്റു. തമിഴ്നാട്ടില്‍നിന്നെത്തിയ റിട്ടേണിങ് ഓഫീസര്‍ മുരുഗന്‍ കൂട്ടത്തല്ലിനിടെ തെരഞ്ഞെടുപ്പ് നിര്‍ത്തി. ലോകസഭാ മണ്ഡലം റിട്ടേണിങ് ഓഫീസര്‍ ദുരൈയും സ്ഥലത്തുണ്ടായിരുന്നു.
ഇരിട്ടിയില്‍ മെയിന്‍ റോഡരികിലെ തിരക്കേറിയ തവക്കല്‍ കോംപ്ലക്സ് പരിസരത്തായിരുന്നു തെരഞ്ഞെടുപ്പ്. വൈദ്യുതി ഓഫീസില്‍ പണമടക്കാന്‍ വന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംഘര്‍ഷത്തിനിടെ വീണ് പരിക്കേറ്റു. സണ്ണിജോസഫ് എംഎല്‍എയുടെ ഡ്രൈവര്‍ ഉളിക്കലിലെ എബിന്‍ ജോസഫ് ഇരിട്ടിയില്‍ വോട്ട്ചെയ്യാന്‍ എത്തിയതാണ് സംഘര്‍ഷത്തിന് കാരണമെന്ന് എ ഗ്രൂപ്പുകാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പരാജയ ഭീതി പൂണ്ട എ ഗ്രൂപ്പുകാര്‍ ബാലറ്റ്പെട്ടിയില്‍ മഷിയൊഴിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ഐഗ്രൂപ്പും ആരോപിച്ചു. പേരാവൂരിലും ബാലറ്റ് പെട്ടിയില്‍ മഷി ഒഴിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നിര്‍ത്തിയത്. രാവിലെമുതല്‍ എ, ഐ വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ബഹളം തുടങ്ങിയിരുന്നു. ക്യൂവില്‍നിന്ന ആറളംഫാമിലെ താമസക്കാരായ ആദിവാസികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ജോസഫിനെ എ വിഭാഗം മര്‍ദിച്ചത്.
പേരാവൂര്‍ സിഐ കെ എസ് ഷാജിയുടെ നേതൃത്വത്തില്‍ കണിച്ചാര്‍, കേളകം സ്റ്റേഷനുകളില്‍നിന്നുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തു. പേരാവൂര്‍, കൊട്ടിയൂര്‍ എന്നിവിടങ്ങളില്‍ ജയം നേടുമെന്നാണ് എ ഗ്രൂപ്പിന്റെ അവകാശവാദം. നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടന്നാല്‍ ജയം തങ്ങള്‍ക്കാവുമെന്ന് ഐ ഗ്രൂപ്പും പറയുന്നു. ചൊവ്വാഴ്ച കേളകം, കണിച്ചാര്‍ മണ്ഡലം തെരഞ്ഞെടുപ്പും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇവിടെനിന്ന് കത്തിയുമായി അടക്കാത്തോട് സ്വദേശി മുതലപ്ര ലിന്റുമോന്‍ അറസ്റ്റിലായിരുന്നു.
ചക്കരക്കല്ലിലും മട്ടന്നൂരിലും സംഘര്‍ഷം; 3 പേര്‍ക്ക് പരിക്ക്
ചക്കരക്കല്‍/മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ വീണ്ടും സംഘര്‍ഷം. ചെമ്പിലോട്, മുഴപ്പിലങ്ങാട്, കടമ്പൂര്‍, കല്യാട് മണ്ഡലം തെരഞ്ഞെടുപ്പുകള്‍ക്കിടെയാണ് വിശാല ഐ, എ വിഭാഗം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പരസ്പരമുള്ള അസഭ്യവര്‍ഷവും വാക്കേറ്റവും ഒടുവില്‍ കൈയാങ്കളിയിലുമെത്തി. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പൊലീസും നേതാക്കളും ഇടപെട്ടാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കിയത്. ചക്കരക്കല്‍ ഗോകുലം ഓഡിറ്റോറിയത്തിലായിരുന്നു ചെമ്പിലോട്, മുഴപ്പിലങ്ങാട്, കടമ്പൂര്‍ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. ചെമ്പിലോട് മണ്ഡലത്തില്‍ വിശാല ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി മത്സരിച്ച സി എം വിജേഷിനെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും പിടിവലിയുമുണ്ടായത്.
"ആക്രമിച്ചത് മന്ത്രിയുടെ അനുയായികള്‍"
തൃശൂര്‍: മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ അനുയായികളാണ് തന്നെ വീട്ടില്‍ കയറി ആക്രമിച്ചതെന്ന് വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന യൂത്ത്കോണ്‍ഗ്രസ് നേതാവ് പ്രേംജി കൊള്ളന്നൂര്‍. മന്ത്രി ക്രിമിനല്‍സംഘത്തെ സംരക്ഷിക്കുകയാണെന്നും പ്രേംജി "ദേശാഭിമാനി"യോട് പറഞ്ഞു. യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ ചേരിപ്പോരിനെത്തുടര്‍ന്നാണ് അയ്യന്തോള്‍ കൊള്ളന്നൂര്‍ വീട്ടില്‍ പ്രേംജിക്ക് (27) വെട്ടേറ്റത്. ഐ ഗ്രൂപ്പുകാരനായ പ്രേംജി മണ്ഡലം പ്രസിഡന്റായാണ് വിജയിച്ചത്. ഐ ഗ്രൂപ്പിലെ തന്നെ എതിര്‍വിഭാഗമാണ് ആക്രമിച്ചതെന്നും ഇവര്‍ക്ക് മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പിന്തുണയുണ്ടെന്നും പ്രേംജി പറയുന്നു. ഇക്കാര്യം കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ക്രിമിനല്‍സംഘത്തെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്നും പ്രേംജി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പ് പ്രതിനിധിയായാണ് മത്സരിച്ചത്. എ ഗ്രൂപ്പും മത്സരിച്ചു. ഇതിനിടയിലാണ് അയ്യന്തോള്‍ സ്വദേശി മധുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഐ ഗ്രൂപ്പിന്റെ പേരില്‍ മത്സരിച്ചത്. മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പിന്തുണയുണ്ടെന്നായിരുന്നു ഇവരുടെ അവകാശവാദം. പലരെയും ഇവര്‍ ഭീഷണിപ്പെടുത്തി. ടൗണ്‍ വെസ്റ്റ് സിഐക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. അയ്യന്തോള്‍ മണ്ഡലം പ്രസിഡന്റായി താന്‍ വിജയിച്ചത് പ്രഖ്യാപിച്ചതോടെയാണ് ആസൂത്രിത ആക്രമണമുണ്ടായത്. വിഷുനാളില്‍ വൈകിട്ട് അയ്യന്തോളിലെ വീട്ടില്‍ ഇരിക്കുമ്പോഴാണ് പുറത്ത് ബഹളം കേട്ടത്. വാതില്‍ തുറക്കുമ്പോഴേക്കും ഐ വിഭാഗക്കാരനായ മധുവിന്റെ നേതൃത്വത്തിലുള്ള സംഘം മാരകായുധങ്ങളുമായി വീട്ടിലേക്ക് തള്ളിക്കയറി. രവികുമാര്‍, വൈശാഖ്, വിവേക് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഭാര്യ മെല്‍ബയെ തള്ളിമാറ്റിയശേഷം പൈപ്പുകൊണ്ട് തലയ്ക്ക് അടിച്ചു. നിലത്തുവീണപ്പോള്‍ മുതുകത്ത് പല തവണ വെട്ടി. കത്തികൊണ്ട് കുത്തുകയും ചെയ്തു. ഭാര്യ കരഞ്ഞപേക്ഷിച്ചിട്ടും അക്രമികള്‍ പിന്മാറിയില്ല. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളുടെ വാക്കുകേട്ട് സ്ഥലം വിടുകയായിരുന്നു. എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘമാണ് പിന്നീട് തന്നെ വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവശേഷം പലരും കാണാനെത്തിയെങ്കിലും മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ എത്തിയില്ല. ആശുപത്രിക്കു മുന്നിലൂടെ പല തവണ മന്ത്രിയുടെ കാര്‍ കടന്നുപോയി. മധുവിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍സംഘം നേരത്തേ സിഎന്നിന്റെ ഒപ്പമുണ്ടായിരുന്നു. മന്ത്രിയുടെ പേര് പറഞ്ഞാണ് ക്രിമിനല്‍സംഘത്തിന്റെ വിലസല്‍. മന്ത്രിയുടെ സഹായവും ഇവര്‍ക്കുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും പ്രേംജി പറഞ്ഞു.
അയിലൂരിലും പാലക്കാട്ടും ഏറ്റുമുട്ടി
കൊല്ലങ്കോട്: യൂത്ത് കോണ്‍ഗ്രസ് അയിലൂര്‍ മണ്ഡലം ബൂത്ത് തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. നെന്മാറ ലക്ഷ്മി തിയറ്ററിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ടിന് വോട്ടെടുപ്പ് തുടങ്ങി. കോണ്‍ഗ്രസ് നെന്മാറ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് കെ കെ കുഞ്ഞുമോന്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി കെ ജി എല്‍ദോ, ജില്ലാ പഞ്ചായത്തംഗം കെ വി ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പുകാര്‍ കരിങ്കല്ല്, മുളവടി എന്നിവയുമായി വോട്ടെടുപ്പ്കേന്ദ്രത്തിന് സമീപം കേന്ദ്രീകരിച്ചിരുന്നു. ഡിസിസി സെക്രട്ടറി കെ എ അബ്ബാസ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക്പ്രസിഡന്റ് സി സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പുകാരും ഒരുങ്ങി നിന്നു. പകല്‍ 11ന് വോട്ട് ചെയ്യാനെത്തിയ രണ്ടു പേരെക്കുറിച്ച് തര്‍ക്കിക്കുകയും കല്ലേറും കൂട്ടത്തല്ലുംആരംഭിക്കുകയും ചെയ്തു. പ്രദേശം യുദ്ധക്കളമായതോടെ കടകള്‍ അടച്ചു. ജനങ്ങള്‍ ജീവനുംകൊണ്ടോടി. കാല്‍നടയാത്രക്കാര്‍ക്കും ഇരുവിഭാഗത്തിന്റെയും തല്ലുകിട്ടി. ബസ് കാത്തുനിന്നവരും കാല്‍നടയാത്രക്കാരുമായ സ്ത്രീകളും കുട്ടികളും ജീവനും കൊണ്ടോടി. ഒരുമണിക്കൂറിലേറെ ഗ്രൂപ്പ്തല്ല് തുടര്‍ന്നു. ആലത്തൂര്‍ ഡിവൈഎസ്പി ശങ്കരനാരായണന്റെ നേതൃത്വത്തില്‍ നൂറോളം പൊലീസെത്തി. പൊലീസ് എ വിഭാഗത്തിന് അനുകൂലമായി നിന്നുവെന്നുംതര്‍ക്കമുണ്ടായി. ജില്ലാ പൊലീസ് മേധാവി രാജ്പാല്‍ മീണ സംഭവസ്ഥലത്തെത്തി.
അയിലൂര്‍ പഞ്ചായത്തില്‍ പകുതിയിലേറെ വോട്ടര്‍മാരും വ്യാജരാണെന്ന് ഇരുവിഭാഗവും ആരോപിച്ചു. 3000പേരില്‍ വോട്ടുചെയ്തത് 1030അംഗങ്ങള്‍ മാത്രം. ഐ വിഭാഗക്കാരനായ എസ് വിനോദ് അയിലൂര്‍ മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജയിച്ച വിഭാഗക്കാര്‍ ആഹ്ലാദപ്രകടനം ആരംഭിച്ചതോടെ നെന്മാറ ടൗണിലെ തുറന്ന കടകള്‍ അടക്കുകയും വാഹനങ്ങള്‍ മാറ്റുകയും ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയും ചെയ്തു. വ്യാഴാഴ്ച ലക്ഷ്മി തിയറ്ററില്‍ നെന്മാറ മണ്ഡലം ബൂത്ത് തെരഞ്ഞെടുപ്പ് നടക്കും. പാലക്കാടും എ വിഭാഗവും ഐവിഭാഗവും ഏറ്റുമുട്ടി. പരായിരി, അകത്തേത്തറ, പുതുപ്പരിയാരം, എലപ്പുള്ളി തുടങ്ങിയ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് പരസ്പരം കൈയേറ്റവും അക്രമവും നടന്നത്. ഐവിഭാഗത്തിന്റെ പിരിയിരിയിലെ സ്ഥാനാര്‍ഥിയെ എ വിഭാഗം കൊണ്ടുപോയി എന്നാരാപിച്ചാണ് പ്രശ്നം തുടങ്ങിയത്. പിരായിരിയിലെ ഐഗ്രൂപ്പുകാര്‍ ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂപപ്പെട്ടത്. പൊലീസ് എത്തിയാണ് ഒരുവിധം ഒതുക്കിയത്. പാലക്കാട് മണ്ഡലത്തിലെ ഒരു എംഎല്‍എയുടെ നേതൃത്വത്തില്‍ ലീഗുകാരെ വോട്ടേഴ്സ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപണവും കൈയാങ്കളിയിലെത്തി. എലപ്പുള്ളി, അകത്തേത്തറ മണ്ഡലങ്ങള്‍ എ ഗ്രൂപ്പിനും അകത്തേത്തറ എ ഗ്രൂപ്പിനും ലഭിച്ചു. കൂറ്റനാടും സംഘടനാ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായി.
യൂത്ത് കോണ്‍. തെരഞ്ഞെടുപ്പില്‍ പരക്കേ അക്രമം; ജനങ്ങള്‍ ഭയന്നോടി
ആലത്തൂര്‍: കള്ളവോട്ട്, സംഘര്‍ഷം, വോട്ടര്‍മാര്‍ക്ക് പണവും മദ്യവും നല്‍കല്‍, വോട്ട്ചെയ്ത അടയാളം മായ്ക്കാന്‍ ആസിഡ്. ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ഇങ്ങനെയാണ്. തെരഞ്ഞെടുപ്പില്‍് മേധാവിത്വം ഉറപ്പാക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ കച്ചകെട്ടിയിറങ്ങിയതോടെ പലയിടത്തും തെരഞ്ഞെടുപ്പ് തെരുവ് യുദ്ധമായി. അക്രമവും കൈയാങ്കളിയിലുംപെട്ട് ജനങ്ങള്‍ ഭയന്നോടി. തെരഞ്ഞെടുപ്പ് ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുകയാണ്. പോളിങ്സ്റ്റേഷനുകളില്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. ഭരണസ്വധീനമുപയോഗിച്ച് ഗ്രൂപ്പ്നേതാക്കള്‍ പൊലീസിനെ തെരഞ്ഞെടുപ്പ് സ്ഥലത്തെത്തിക്കാന്‍ മത്സരിച്ചു. പൊലീസിന്റെ ക്രമസമാധാനപാലനം തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലായി ഒതുങ്ങി. ശത്രുവിനെ നേരിടാനെന്നപോലെ ഭരണ ദുര്‍വിനിയോഗത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്നു. വോട്ടു ചെയ്ത അടയാളം മായ്ക്കാന്‍ ഗ്രൂപ്പുകളുടെ സംസ്ഥാന നേതൃത്വം നേരിട്ട് ആസിഡിറക്കി. അഞ്ചും ആറും വോട്ട് ചെയ്താണ് ഓരോ വോട്ടറും മടങ്ങിയത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഏജന്‍സിയുടെ ഉദ്യോഗസ്ഥരാകട്ടെ പലസ്ഥലത്തും നോക്കുകുത്തിയായി.
പണവും മദ്യവുമൊഴുക്കിയാണ് പലസ്ഥലത്തും ഗ്രൂപ്പുകള്‍ മേധാവിത്വം ഉറപ്പിച്ചത്. 5000 മുതല്‍ 10,000രൂപ വരെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നല്‍കി. അംഗങ്ങളല്ലാത്തവര്‍ പോലും വോട്ടര്‍മാരായി മാറി. സമവായം അസാധ്യമായതോടെ ജില്ലയില്‍ കടുത്ത മത്സരമാണ് നടന്നത്. ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം ഐ ഗ്രൂപ്പ് ഉറപ്പിച്ചു. ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ ആറും ഐ വിഭാഗവും വണ്ടാഴി പഞ്ചായത്ത് നാലാം ഗ്രൂപ്പും തൂത്തുവാരി. തരൂര്‍ നിയോജകമണ്ഡലത്തില്‍ രണ്ട് പഞ്ചായത്തുകളിലേ എ വിഭാഗത്തിന് സ്വാധീനമുള്ളു. ചിറ്റൂരിലും ഐ വിഭാഗത്തിന് കാര്യമായ വെല്ലുവിളി ഉണ്ടായില്ല. നെന്മാറയില്‍ ഐ വിഭാഗമാണ് മുന്നില്‍. കഴിഞ്ഞതവണ സമവായത്തിലൂടെ എ ഗ്രൂപ്പ് നേടിയ തരൂര്‍ മണ്ഡലത്തില്‍ ഇത്തവണ മത്സരം ഉറപ്പായി. കൊടുവായൂര്‍ ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തംഗമായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇത്തവണ ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലംപ്രസിഡന്റാവാനാണ് സാധ്യത. എന്നാല്‍, പാലക്കാട് കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഇരുവിഭാഗവും ഒപ്പത്തിനൊപ്പം മുന്നേറുന്നു. നിലവില്‍ സംസ്ഥാന ജനറല്‍സെക്രട്ടറിയായ വി ടി ബല്‍റാം എംഎല്‍എ ബൂത്ത് തലത്തില്‍ വിജയിച്ചിട്ടുണ്ട്. എ വിഭാഗത്തിന്റെ പിന്‍ബലത്തില്‍ എംഎല്‍എയായതിനുശേഷം ഐ വിഭാഗത്തിലേക്ക് ചേക്കേറുകയാണ്. പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റായി മത്സരിച്ചാല്‍ ഐ വിഭാഗം പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്ന ഭയം ഗൂപ്പ് നേതൃത്വത്തിനുണ്ട്. കഴിഞ്ഞതവണ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിനാല്‍ ഷാഫി പറമ്പില്‍ എംഎല്‍എക്ക് സംസ്ഥാനതലത്തില്‍ മത്സരിക്കാനാവില്ല. പാര്‍ലമെന്റ് മണ്ഡലംപ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയുമെങ്കിലും ഐ ഗ്രൂപ്പിന് മേധാവിത്വമുള്ളതിനാല്‍ പരാജയസാധ്യത കണക്കിലെടുത്ത് ഒഴിവായേക്കും.
deshabhimani 180413
Ivarano rajyam bharikkunnavar?
ReplyDelete