Thursday, April 18, 2013
ഇടതുപക്ഷവ്യതിയാനത്തിനെതിരെ ജാഗ്രത പാലിക്കണം: പിണറായി
കൊച്ചി: സിപിഐ എമ്മിനെതിരെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഇടതുപക്ഷവ്യതിയാനത്തിന്റെ പുത്തന്‍വേഷങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇടതു, വലതു വ്യതിയാനങ്ങള്‍ക്കെതിരെ പി സുന്ദരയ്യ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. പി സുന്ദരയ്യ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു പിണറായി.
കേരളജനതയുടെ ഇടതുപക്ഷാഭിമുഖ്യം മുതലെടുക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. വലതുപക്ഷത്തുനിന്ന് ആക്രമിക്കുന്നതിനേക്കാള്‍ ഇടതുപക്ഷമാണെന്ന് തോന്നിപ്പിച്ച് കടന്നാക്രമിക്കുന്നതാണ് എളുപ്പമെന്ന് ഇവര്‍ കരുതുന്നു. ഇത്തരം ശ്രമങ്ങള്‍ വന്‍തോതില്‍ നടക്കുന്നു. ഈ ഇടതുപക്ഷ കപടവേഷക്കാര്‍ക്കെതിരെ കനത്ത ജാഗ്രത വേണം. അതിന് സുന്ദരയ്യയുടെ പ്രവര്‍ത്തനം മാതൃകയാക്കണം.
സിപിഐ എം രൂപീകരണത്തെത്തുടര്‍ന്ന് സുന്ദരയ്യ ജനറല്‍ സെക്രട്ടറിയായിരിക്കെ ലോകത്തൊരു കമ്യൂണിസ്റ്റ് പാര്‍ടിക്കും നേരിടേണ്ടി വന്നിട്ടില്ലാത്തത്രയും രൂക്ഷമായ കടന്നാക്രമണങ്ങളെയാണ് സിപിഐ എമ്മിന് നേരിടേണ്ടിവന്നത്. സാര്‍വദേശീയരംഗത്ത് സോവിയറ്റ്, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടികള്‍പോലും പിന്തുണ നല്‍കിയില്ലെന്നുമാത്രമല്ല, അധിക്ഷേപിക്കുകയും ചെയ്തു. അതെല്ലാം സുന്ദരയ്യയുടെ നേതൃത്വത്തില്‍ വിവേകപൂര്‍ണമായി നേരിട്ടു. എതിര്‍ത്തവര്‍ക്കെല്ലാം പിന്നീട് അവരുടെ നിലപാട് തിരുത്തി സിപിഐ എമ്മിനെ അംഗീകരിക്കേണ്ടിവന്നു. ആശയതലത്തിലുള്ള ഭിന്നതകള്‍ നേരിട്ട് സംസാരിച്ച് പരിഹരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇടതു തീവ്രവാദ നിലപാടുകള്‍ ഉയര്‍ന്നുവന്നപ്പോള്‍ നക്സലൈറ്റ് നേതാവ് കനുസന്യാലുമായി നീണ്ട ചര്‍ച്ച നടത്തി. കേരളത്തില്‍ പാര്‍ടി കെട്ടിപ്പടുക്കാന്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. ജീവിതത്തിലുടനീളം ലാളിത്യവും കമ്യൂണിസ്റ്റ് സാഹോദര്യവും മുഖമുദ്രയാക്കി. തെലുങ്കാന ജനതയുടെ ഉണര്‍വിന്റെ പ്രതീകമായി മാറിയ സുന്ദരയ്യ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനാതത്വങ്ങളില്‍ ഉറച്ചുനിന്ന് പോരാടിയ അതുല്യ വിപ്ലവകാരിയാണെന്നും പിണറായി പറഞ്ഞു.
deshabhimani 180413
Labels:
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment