Saturday, April 13, 2013

ഇന്ദിര മരിച്ചാല്‍ പ്രധാനമന്ത്രിപദം പിടിക്കാന്‍ സഞ്ജയ് പദ്ധതിയിട്ടു

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധിയുടെ ജീവന് അപകടമുണ്ടായാല്‍ പ്രധാനമന്ത്രിപദം പിടിച്ചെടുക്കാന്‍ സഞ്ജയ്ഗാന്ധി ശ്രമിച്ചതായി വിക്കിലീക്സ് പുറത്തുവിട്ട അമേരിക്കന്‍ നയതന്ത്രരേഖ. ഇന്ദിരയെ ചുറ്റിപ്പറ്റിയുള്ളവരും സഞ്ജയ്ഗാന്ധിയും ചേര്‍ന്ന് ഇതിനായി തയ്യാറെടുപ്പ് നടത്തിയിരുന്നുവെന്നാണ് ഇന്ത്യയിലെ അമേരിക്കന്‍ എംബസി വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. ഉന്നതവൃത്തങ്ങളെ ആധാരമാക്കിയാണ് സന്ദേശം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷം അയച്ച സന്ദേശത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പോക്ക് എങ്ങോട്ടെന്ന വിശകലനമാണ്. 58 വയസ്സിലെത്തിയ ഇന്ദിരയ്ക്ക് ആരോഗ്യപ്രശ്നമില്ലെന്നും 10 വര്‍ഷം കൂടി അധികാരത്തില്‍ തുടരാമെന്നും രേഖയില്‍ പറയുന്നു. ഈ സമയംകൊണ്ട് അധികാരം ഏറ്റെടുക്കാനുള്ള പക്വത സഞ്ജയ്ഗാന്ധി ആര്‍ജിക്കും. എന്നാല്‍, ഇന്ദിരയുടെ ജീവന് പെട്ടെന്ന് അപകടമുണ്ടായാല്‍ കോണ്‍ഗ്രസില്‍ പ്രശ്നം മൂര്‍ച്ഛിക്കും. ഇന്ദിരയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന അധികാരകേന്ദ്രങ്ങളെ തട്ടിമാറ്റി ബദല്‍വിഭാഗം അധികാരത്തിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പിളര്‍പ്പിനും അസ്ഥിരതകള്‍ക്കും ഇത് വഴിയൊരുക്കും. പ്രാദേശിക രാഷ്ട്രീയസംഘടനകളുടെ സമ്മര്‍ദം സാഹചര്യം ബുദ്ധിമുട്ടേറിയതാക്കും. ഈ സ്ഥിതിവിശേഷം ഒഴിവാക്കാനുള്ള മുന്നൊരുക്കങ്ങള്‍ സഞ്ജയ്ഗാന്ധിയും കൂട്ടരും നടത്തുന്നുണ്ടെന്നും സന്ദേശം പറയുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ക്രമസമാധാനവും സാമ്പത്തികാവസ്ഥയും വഷളായെങ്കിലും ചില മേഖലകളില്‍ നേട്ടം കൈവന്നതായി എംബസി വിലയിരുത്തുന്നു. ജനസംഖ്യാ നിയന്ത്രണത്തില്‍ "രാഷ്ട്രീയ പ്രതിബദ്ധത" കൈവന്നു. സംസ്ഥാനസര്‍ക്കാരുകളെ കേന്ദ്രം വരിഞ്ഞുമുറുക്കിയതിനാല്‍ അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ക്കും മറ്റും പരിഹാരം കണ്ടു. കള്ളപ്പണത്തിനെതിരായ നീക്കങ്ങള്‍ സാധനങ്ങളുടെ ലഭ്യത വര്‍ധിക്കാന്‍ വഴിയൊരുക്കി. "ചേരി ഒഴിപ്പിക്കലുകളുടെ കാര്യത്തിലും വലിയ നേട്ടങ്ങള്‍" ഉണ്ടായെന്നും സന്ദേശത്തില്‍ പറഞ്ഞു.

ഛണ്ഡീഗഢിലെ എഐസിസി സമ്മേളനത്തിലാണ് സഞ്ജയ്ഗാന്ധി അധികാരത്തില്‍ രണ്ടാമനായതെന്ന് സന്ദേശത്തില്‍ പറയുന്നു. പദവിയൊന്നും വഹിക്കാത്ത സഞ്ജയ് സമ്മേളനവേദിയില്‍ മുതിര്‍ന്ന മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കൊപ്പവുമാണ് ഇരുന്നത്. സഞ്ജയിനെ ചുറ്റിപ്പറ്റിയായിരുന്നു നേതാക്കളെല്ലാം. മോഡലും സുന്ദരിയുമായ ഭാര്യ മേനക ഗാന്ധി പലപ്പോഴും സഞ്ജയിന് സമീപത്തുവന്ന് അരങ്ങിന് കൊഴുപ്പേകി. ഇന്ദിര സിന്ദാബാദ്, സഞ്ജയ് സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് എങ്ങുമുയര്‍ന്നതെന്നും സന്ദേശത്തിലുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് മൂന്നുവട്ടം സഞ്ജയ്ഗാന്ധിക്ക് നേരെ വധശ്രമമുണ്ടായെന്നും ബംഗാളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ അധികാരഭ്രഷ്ടനാക്കാന്‍ ശ്രമമുണ്ടായെന്നും എംബസി സന്ദേശങ്ങളില്‍ പറയുന്നു. 1976 ആഗസ്തില്‍ യുപി സന്ദര്‍ശിച്ചപ്പോള്‍ അക്രമി റൈഫിള്‍ ഉപയോഗിച്ച് മൂന്നുവട്ടം വെടിവച്ചു. ഈ സംഭവം ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകാതെ കോണ്‍ഗ്രസ് നേതൃത്വം ഒതുക്കുകയായിരുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് എംബസിയുടെ റിപ്പോര്‍ട്ട്.

അടിയന്തരാവസ്ഥ അമേരിക്കന്‍ ഭരണരീതിയുടെ മുന്നൊരുക്കമായിരുന്നുവെന്ന് ഇന്ദിരയുടെ സെക്രട്ടറി

ന്യൂഡല്‍ഹി: ബഹുകക്ഷി ജനാധിപത്യ സംവിധാനം ഉപേക്ഷിച്ച് അമേരിക്കന്‍ മാതൃകയിലുള്ള പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനത്തിലേക്ക് പോകാനുള്ള മുന്നൊരുക്കമായാണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് വിക്കിലീക്സ് രേഖ.

അമേരിക്കന്‍ സ്ഥാനപതി വില്യം ബി സാക്സ്ബെയുമായി നടത്തിയ സംഭാഷണത്തില്‍ ഇന്ദിരയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി എന്‍ ധറിന്റെതാണ് വെളിപ്പെടുത്തല്‍. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷമായിരുന്നു വില്യം ബി സാക്സ്ബെയുടെയും പി എന്‍ ധറിന്റെയും കൂടിക്കാഴ്ച. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ പുച്ഛത്തോടെയാണ് ധര്‍ കണ്ടിരുന്നതെന്ന് വില്യം ബി സാക്സ്ബെ വിശദീകരിക്കുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ നടപടികള്‍ സ്തംഭിപ്പിക്കുന്നതിനാല്‍ നിയമനിര്‍മാണത്തിന് സമയം കിട്ടുന്നില്ല. പ്രശ്നപരിഹാരത്തിന് അവസരമൊരുക്കുന്ന വിധത്തിലല്ല രാഷ്ട്രീയ സംവിധാനം. യുഎസ് സംവിധാനമാണ് കൂടുതല്‍ അനുയോജ്യം. നവനിര്‍മാണ്‍ പ്രസ്ഥാനത്തിന്റെ പേരില്‍ ഗുജറാത്തില്‍ യുവാക്കളും സാമൂഹ്യപ്രവര്‍ത്തകരും നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയേകി മൊറാര്‍ജി നടത്തിയ നിരാഹാരസമരത്തെ ഉദാഹരണമായി ധര്‍ ചൂണ്ടിക്കാട്ടി. ഒരാളുടെ സമരം കാരണം അസ്വീകാര്യമായ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു. പാര്‍ലമെന്റില്‍ തീര്‍ത്തും വന്യമായ രീതിയിലാണ് രാഷ്ട്രീയത്തിന്റെ പോക്കെന്നും ധര്‍ പറഞ്ഞുവെന്നും അമേരിക്കന്‍ സ്ഥാനപതി വിശദീകരിച്ചു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചശേഷം ധര്‍ എഴുതിയ "അടിയന്തരാവസ്ഥക്കാലം" എന്ന പുസ്തകത്തില്‍ ഇന്ദിരയുടെ ലക്ഷ്യം അമേരിക്കന്‍ ഭരണരീതി ഇന്ത്യയില്‍ നടപ്പാക്കുകയായിരുന്നുവെന്ന് വിശദമാക്കുന്നുണ്ട്. വെസ്റ്റ്മിനിസ്റ്റര്‍ മാതൃക എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഭരണസംവിധാനത്തിന് അനുയോജ്യമായ രാഷ്ട്രീയസംസ്കാരം രാജ്യത്തില്ലെന്ന ന്യായമാണ് ഇതിന് കാരണമായി ഇന്ദിര വിശദീകരിച്ചിരുന്നത്.

deshabhimani 130413

No comments:

Post a Comment