Saturday, April 13, 2013
ജനസമ്പര്‍ക്കം ഗള്‍ഫിലും പ്രഹസനമായി
അബുദാബി: കേരളത്തിലെന്നപോലെ ഗള്‍ഫിലും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി പ്രഹസനമായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ മുഖ്യമന്ത്രിയുടെ ഗള്‍ഫിലെ പ്രഥമ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിയുമായി എത്തിയവര്‍ നിരാശരായി മടങ്ങി. പരാതിക്കാര്‍ ദിവസങ്ങള്‍ക്കുമുമ്പ് പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും, പരാതിയുമായി എത്തിയവര്‍ക്ക് കാണാന്‍ കഴിഞ്ഞത് മുദ്രാവാക്യം വിളികളും മുഖ്യമന്ത്രിയുടെ കൂടെ ഫോട്ടോ എടുക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തള്ളിക്കയറ്റവുമായിരുന്നു.
വൃദ്ധരും സ്ത്രീകളും ഉള്‍പ്പെടെ പലരും മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നെങ്കിലും ആര്‍ക്കും കാണാനായില്ല. മുഖ്യമന്ത്രി നാട്ടിലെത്തിയാല്‍ നടപടിയുണ്ടാകുമെന്ന വിശ്വാസത്തിലാണ് പരാതികൊടുത്തവര്‍ മടങ്ങിയത്. നിവേദനങ്ങളിലെ നടപടികള്‍ ഷാര്‍ജ അസോസിയേഷനെ അറിയിക്കുമെന്ന പ്രഖ്യാപനത്തോടെ മുഖ്യമന്ത്രിയും മടങ്ങി. മുഖ്യമന്ത്രി പോയശേഷം പരാതികള്‍ പ്രവാസിമന്ത്രി കെ സി ജോസഫ് സ്വീകരിക്കുമെന്നു മൈക്കിലൂടെ അറിയിച്ചിരുന്നുവെങ്കിലും ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ മന്ത്രിയും സ്ഥലം വിട്ടു. പരിപാടിയില്‍ മുന്നൂറ്റി നാല്‍പത് പരാതികള്‍ ലഭിച്ചു.
ഗള്‍ഫിലെത്തിയിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും സൗദിയിലേക്കില്ല
ജിദ്ദ: സൗദി അറേബ്യയിലെ ആയിരക്കണക്കിനു മലയാളികള്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങാനിരിക്കുന്ന സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി,കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരടങ്ങിയ വന്‍ സംഘം ഗള്‍ഫ് സന്ദര്‍ശിച്ചിട്ടും സൗദി അറേബ്യയില്‍ പോയില്ല. ഇവര്‍ മലയാളികളുടെ ആശങ്കയില്‍ പങ്കുചേരാന്‍പോലും സമയം കണ്ടെത്താത്തതില്‍ സൗദിയിലെ പ്രവാസി സമൂഹത്തിനിടയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. അബുദാബിയില്‍ നടക്കുന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റിനോടനുബന്ധിച്ചുള്ള പരിപാടികളില്‍ പങ്കെടുക്കാനാണ് മന്ത്രിമാരും മറ്റു ജനപ്രതിനിധികളും അടങ്ങുന്ന സംഘം എത്തിയത്. സൗദിയിലെ മലയാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നേരില്‍കണ്ട് മനസിലാക്കാനുള്ള അവസരം മുഖ്യമന്ത്രി അടക്കമുള്ളവര്‍ നഷ്ടപ്പെടുത്തി. ഇത് ഒരു ഒളിച്ചോട്ടമായാണ് സൗദിയിലെ പ്രവാസികള്‍ കാണുന്നത്.
deshabhimani 130413
Labels:
പ്രവാസി,
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment