Thursday, April 18, 2013

കുടിവെള്ള വിതരണത്തിന് കമ്പനി; സ്വകാര്യവല്‍ക്കരണത്തിന് നീക്കം


എതിര്‍പ്പുകള്‍ വകവയ്ക്കാതെ കുടിവെള്ള വിതരണത്തിന് സിയാല്‍ മോഡല്‍ കമ്പനി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കാന്‍ ഉദ്ദേശ്യമില്ലെന്നും അമിതവില ഈടാക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു.

ടാങ്കറിലും കുപ്പിയിലും കമ്പനി കുടിവെള്ളം വില്‍ക്കും. പാറമടകള്‍, കുളങ്ങള്‍, ഓരുവെള്ള ശേഖരങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വില്‍പ്പനയ്ക്കായി വെള്ളമെടുക്കും. ബന്ധപ്പെട്ട ഏജന്‍സികളുടെ അനുവാദത്തോടെ ജലം ശേഖരിച്ച് ശുദ്ധീകരിച്ച് വിതരണംചെയ്യുമെന്നും ജല അതോറിറ്റി ഉപയോഗിക്കുന്ന ഒരു ഉറവിടവും കമ്പനി ഉപയോഗിക്കില്ലെന്നും പറയുന്നു. സര്‍ക്കാരിന് 26 ശതമാനവും വാട്ടര്‍ അതോറിറ്റിക്ക് 23 ശതമാനവും ഓഹരിയാണുള്ളത്. ബാക്കി ഓഹരി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കും കമ്പനിയുടെ ഗുണഭോക്താക്കള്‍ക്കും റെസിഡന്‍സ് അസോസിയേഷനുകള്‍ക്കും ഓഹരി ലഭ്യമാക്കുമെന്നും അവകാശവാദമുണ്ട്. വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറും ഒരു സീനിയര്‍ എന്‍ജിനിയറും കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായിരിക്കും. ജലവിഭവമന്ത്രിയാണ് ചെയര്‍മാന്‍. ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, ഓഹരി ഉടമകളായ രണ്ടുപേര്‍ എന്നിവരും ബോര്‍ഡിലുണ്ടാകും. കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷനും തയ്യാറാക്കി രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി. സ്വകാര്യ കുപ്പിവെള്ള വിതരണക്കാര്‍ അമിത നിരക്കാണ് ഈടാക്കുന്നതെന്നും ജലത്തിന്റെ ഗുണമേന്മയില്‍ വീഴ്ച വരുത്തുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സിയാല്‍ മോഡലില്‍ കേരള ഡ്രിങ്കിങ്വാട്ടര്‍ സപ്ലൈ കമ്പനി ലിമിറ്റഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം.

deshabhimani 180413

No comments:

Post a Comment