Thursday, April 18, 2013

പാരമ്പര്യേതര ഊര്‍ജത്തിനും വന്‍തോതില്‍ വില കൂട്ടും


പാരമ്പര്യേതര മേഖലയില്‍നിന്നുള്ളതടക്കം ശുദ്ധമായ ഇന്ധനത്തിന് ആഗോളനിലവാരമനുസരിച്ച് വില വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് സൂചിപ്പിച്ചു. ശുദ്ധമായ ഇന്ധനം സംബന്ധിച്ച അന്താരാഷ്ട്ര മന്ത്രിതല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ഹരിത ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്നതും വിതരണംചെയ്യുന്നതും ഇന്ധനമേഖലയിലെ പ്രധാന പ്രവര്‍ത്തനമായി കാണണമെന്നും ഇതിന് ആഗോളമായി സ്വീകാര്യമായ വിലനിര്‍ണയരീതി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി വിവിധ രാജ്യങ്ങളിലെ മന്ത്രിമാരോട് ആവശ്യപ്പെട്ടു. ശുദ്ധമായ ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള അധികച്ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കണമെന്ന നിര്‍ദേശം ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയയും മുന്നോട്ടുവച്ചു. കാറ്റ്, സൂര്യപ്രകാശം, ജൈവവസ്തുക്കള്‍ എന്നിവയില്‍നിന്ന് ഇന്ധനം ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതികള്‍ വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ചൈനയില്‍ ശുദ്ധമായ ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്നതിനുവേണ്ടി ചെലവഴിക്കുന്ന തുക ഇന്ത്യയില്‍ ചെലവഴിക്കുന്നതിന്റെ പത്തിരട്ടിയാണ്. ഇന്ത്യ ഈ മേഖലയിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്- അദ്ദേഹം പറഞ്ഞു.

ശുദ്ധമായ ഇന്ധനങ്ങള്‍ ഒരു തരത്തിലുള്ള വിലനിയന്ത്രണത്തിനും വിധേയമാക്കരുതെന്ന് ആസൂത്രണ കമീഷന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ കുറിപ്പില്‍ ആവശ്യപ്പെട്ടു. കമീഷന്‍ ഏപ്രില്‍ അഞ്ചിനാണ് നിര്‍ദേശം പെട്രോളിയം സെക്രട്ടറിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും കൈമാറിയത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഒരു ബ്രിട്ടീഷ് കമ്പനി പ്രതിനിധിയും പ്രധാനമന്ത്രിയെയും അലുവാലിയയെയും സന്ദര്‍ശിച്ചു. പ്രകൃതിവാതകത്തിനും ശുദ്ധഇന്ധനത്തിനും "യുക്തിസഹ"മായ വില നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ശുദ്ധഇന്ധനം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികളില്‍ പണം മുടക്കാന്‍ സ്വകാര്യ സംരംഭകര്‍ മടിച്ചുനില്‍ക്കുന്നത് ഉയര്‍ന്നവില കിട്ടുമെന്ന ഉറപ്പില്ലാത്തതിനാലാണെന്നും ഇവര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അതിനുശേഷമാണ് "ക്ലീന്‍ എനര്‍ജി മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സ്" ഡല്‍ഹിയില്‍ ചേരുന്നതെന്നതും പ്രസക്തമാണ്.
(വി ജയിന്‍)

deshabhimani 180413

No comments:

Post a Comment