Friday, April 19, 2013

വിഴിഞ്ഞംപദ്ധതി അട്ടിമറിക്കെതിരെ ഇന്ന് മനുഷ്യച്ചങ്ങല


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി അട്ടിമറിക്കെതിരെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. വെള്ളിയാഴ്ച വൈകിട്ട് 5.30ന് വിഴിഞ്ഞംമുതല്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റുവരെ ദൈര്‍ഘ്യമുള്ള മനുഷ്യച്ചങ്ങലയില്‍ നാടിന്റെ വികസനം യാഥാര്‍ഥ്യമാക്കാനാഗ്രഹിക്കുന്ന എല്ലാ ബഹുജനങ്ങളും അണിനിരക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിഴിഞ്ഞത്ത് ആദ്യകണ്ണിയാകും. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ സെക്രട്ടറിയറ്റിനു മുന്നില്‍ അവസാന കണ്ണിയാകും. ഗാന്ധിപാര്‍ക്കില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സെക്രട്ടറിയറ്റ് പടിക്കല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും കണ്ണിചേരും. മുന്‍ മന്ത്രിമാരായ എം വിജയകുമാര്‍, സി ദിവാകരന്‍, എന്‍ കെ പ്രേമചന്ദ്രന്‍, വി സുരേന്ദ്രന്‍പിള്ള, കടന്നപ്പള്ളി രാമചന്ദ്രന്‍, എം എല്‍എമാര്‍, സാമൂഹിക, സാംസ്കാരിക മത നേതാക്കള്‍ എന്നിവര്‍ കണ്ണിചേരും. പ്രതിജ്ഞ ചൊല്ലിയശേഷം വിഴിഞ്ഞം, കോവളം, തിരുവല്ലം, അമ്പലത്തറ, കമലേശ്വരം, മണക്കാട്, ഗാന്ധിപാര്‍ക്ക്, ആയുര്‍വേദകോളേജ്, വിജെടി ഹാള്‍ എന്നീ ഒമ്പതു കേന്ദ്രത്തില്‍ പൊതുയോഗം ചേരും.

കേന്ദ്ര ബജറ്റില്‍ വിഴിഞ്ഞംപദ്ധതിയെ അവഗണിക്കുകയും തൂത്തുക്കുടിക്ക് അനുബന്ധ തുറമുഖനിര്‍മാണത്തിന് 7500 കോടി രൂപ അനുവദിക്കുകയും ചെയ്തതോടെ വിഴിഞ്ഞംപദ്ധതി കേരളത്തിനില്ലെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്തെ മികച്ച തുറമുഖമാക്കാവുന്ന വിഴിഞ്ഞത്തെ സംസ്ഥാന സര്‍ക്കാരും അവഗണിച്ചതിനെത്തുടര്‍ന്നാണ് എല്‍ഡിഎഫ് പ്രക്ഷോഭരംഗത്തെത്തിയത്. വിഴിഞ്ഞംമുതല്‍ തിരുവല്ലം പാലംവരെയുള്ള എട്ടര കിലോമീറ്ററില്‍ കോവളം, നേമം, നെയ്യാറ്റിന്‍കര, പാറശാല ഏരിയകളില്‍നിന്ന് വരുന്നവര്‍ കണ്ണിചേരണം. തുടര്‍ന്ന് സെക്രട്ടറിയറ്റുവരെയുള്ള എട്ടുകിലോമീറ്ററില്‍ ചാല, വഞ്ചിയൂര്‍, പാളയം, പേരൂര്‍ക്കട ഏരിയകളില്‍നിന്നുള്ളവര്‍ കണ്ണിചേരണം. മനുഷ്യച്ചങ്ങലയില്‍ എല്ലാ ബഹുജനങ്ങളും കക്ഷിരാഷ്ട്രീയ ഭേദമെന്യേ കണ്ണിചേരണമെന്ന് എല്‍ഡിഎഫ് ജില്ലാ നേതാക്കള്‍ അഭ്യര്‍ഥിച്ചു

deshabhimani 190413

No comments:

Post a Comment