Friday, April 19, 2013

ആര്‍എംപി നേതാക്കളെ ചോദ്യം ചെയ്യണം: പി ജയരാജന്‍


നാദാപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആര്‍എംപിയുടെ പങ്ക് വ്യക്തമാണെന്നും ഹരിഹരനെയും എന്‍ വേണുവിനെയും ചോദ്യം ചെയ്യണമെന്നും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ ആവശ്യപ്പെട്ടു. കല്ലാച്ചിയില്‍ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചന്ദ്രശേഖരന്റെ ചോര പിണറായി വിജയന്റെ കുഴിമാടംവരെ പിന്തുടരുമെന്ന് ആര്‍എംപി നേതാവ് ഹരിഹരന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇടുക്കിയില്‍ ഒരു പ്രസംഗത്തിന്റെ പേരില്‍ എം എം മണിയെ കൊലക്കേസില്‍പെടുത്തി ജയിലിലടച്ച ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ഹരിഹരനെതിരെ ഒരു നടപടിയും എടുത്തില്ല. പിണറായിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി വളയത്തെ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത ആര്‍എംപി ലഘുലേഖ എത്തിച്ചത് ആരെന്ന് കണ്ടെത്തണം. സിപിഐ എമ്മിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയാണ് പിണറായിക്കെതിരെയുള്ള അക്രമത്തിന് പിന്നിലെന്നും ജയരാജന്‍ പറഞ്ഞു. വി പി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി കെ ബാലന്‍ സ്വാഗതം പറഞ്ഞു.

deshabhimani 190413

No comments:

Post a Comment