Saturday, April 13, 2013

ദുരന്തമുഖത്തെ ഈ കൈത്താങ്ങ് ഇനി ജീവിതത്തിലും


കോഴിക്കോട്: ദുരന്തമുഖത്ത് കൈത്താങ്ങാകുന്ന അഗ്നിശമന ജീവനക്കാര്‍ അവയവദാനത്തിലൂടെ സമൂഹത്തില്‍ പ്രത്യാശയുടെ പുതുവെളിച്ചം വിതറുന്നു. സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ ഒന്നടങ്കം ശരീരാവയവങ്ങള്‍ ദാനം ചെയ്യുന്ന കാഴ്ചക്കാണ് കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷന്‍ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഫയര്‍മാന്‍മാര്‍ മുതല്‍ സ്റ്റേഷന്‍ ഓഫീസര്‍വരെയുള്ള 31 അഗ്നിശമന ജീവനക്കാരാണ് മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യുന്ന സമ്മതപത്രത്തില്‍ ഒപ്പ് വയ്ക്കുക. സമ്മതപത്രം സ്വീകരിക്കല്‍ ചടങ്ങ് വെള്ളിയാഴ്ച മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും.

വേറിട്ട മാതൃകാ പ്രവര്‍ത്തനം കാഴ്ചവെക്കണമെന്ന ചിന്തയില്‍ നിന്നാണ് ജീവനക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. ""ലീഡിങ് ഫയര്‍മാനായ വി എസ് അനില്‍കുമാറും എന്‍ ബിനീഷുമാണ് ഈ ആശയം മുന്നോട്ട്വെച്ചത്. വീട്ടുകാരുടെ പൂര്‍ണ പിന്തുണയും കൂടിയായപ്പോള്‍ ഏറെയൊന്നും ആലോചിക്കേണ്ടിവന്നില്ല. പിന്നെ എല്ലാവരും ഒരേസ്വരത്തില്‍ സമ്മതം പറയുകയായിരുന്നു.""- സ്റ്റേഷന്‍ ഓഫീസര്‍ ഇ കെ മോഹനന്‍ ദേശാഭിമാനിയോട് പറഞ്ഞു. ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്കറും ഡിവിഷണല്‍ ഓഫീസര്‍ ഇ ബി പ്രസാദും ഉദ്യമത്തിന് സമ്മതം മൂളി. തുടര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പര്‍ശം പദ്ധതിയിലേക്ക് തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനമെടുക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ ഇ കെ മോഹനന്‍, വി എസ് അനില്‍കുമാര്‍, എന്‍ ബിനീഷ്, വി ജി റോയ്, സി കെ മുരളീധരന്‍, കെ പി സുനില്‍കുമാര്‍, ഇ സി നന്ദകുമാര്‍, ആര്‍ അജിത്കുമാര്‍, കെ പി സുരേഷ്, ടി എ മുഹമ്മദ് താഹ, സദാനന്ദന്‍ കൊളക്കാടന്‍, ഇ ഷിഹാബുദ്ദീന്‍, ജോയ് എബ്രഹാം, ഇ പി ജനാര്‍ദനന്‍, കെ ശിവദാസന്‍, സി പി സുധീര്‍, കെ കെ നന്ദകുമാര്‍, യു കെ രാജീവ്, എം സി സജിത് ലാല്‍, വി പി അജയന്‍, പി സി മനോജ്, ടി എം വിനോദ്കുമാര്‍, എ പി രന്തിദേവന്‍, ജി കെ ബിജുകുമാര്‍, എന്‍ കെ ലതീഷ്, എം കെ അഫ്സല്‍, എം മുഹമ്മദ് സനിജ്, ജി പ്രമോദ്, എസ് അജിന്‍, എം കെ സുജിന്‍, വി എസ് സനൂജ് എന്നിവരാണ് സമ്മതപത്രത്തില്‍ ഒപ്പ് വെയ്ക്കുന്നത്.

deshabhimani 130413

No comments:

Post a Comment