Sunday, April 14, 2013

കുടുംബമാഹാത്മ്യം


ലോകത്ത് ഇത്തരം കുടുംബങ്ങള്‍ അധികമില്ല. പഴയ ചാതുര്‍വണ്യത്തിന്റെ രീതിയാണ്. ക്ഷത്രിയന്റെ പുത്രന്‍ കിരീടം വയ്ക്കും. ബ്രാഹ്മണന്റെ സന്തതി പരമ്പര പൂണൂലിട്ട് ദൈവത്തിന്റെ അംബാസിഡറാകും. മോത്തിലാല്‍ വായില്‍ ഒരു വെള്ളിക്കരണ്ടിയുള്ള പുത്രനാണ് ജന്മം നല്‍കിയത്. അച്ഛന്റെ മകനായി തന്നെ ജവഹര്‍ലാല്‍ വളര്‍ന്നു. സ്വാതന്ത്ര്യസമര സേനാനിയായി. സോഷ്യലിസം പ്രസംഗിച്ചു. ഒടുവില്‍ മൗണ്ട് ബാറ്റന്റെ കൈയില്‍നിന്ന് ഇന്ത്യയുടെ ബാറ്റണ്‍ ഏറ്റുവാങ്ങാന്‍ നിയോഗമുണ്ടായത് ആ മകനാണ്. ആ നിമിഷത്തില്‍ രാജാധികാരമുള്ള ഒരു പരമ്പരയ്ക്ക് തുടക്കമായി. അതിനെ നെഹ്റു കുടുംബമെന്ന് വിളിക്കുന്നുവെങ്കിലും കുടുംബാംഗങ്ങള്‍ക്ക് ഗാന്ധിയുടെ പേര് പറയാനാണിഷ്ടം.

അര്‍ധരാത്രിയില്‍ ബ്രിട്ടീഷുകാര്‍ ഇട്ടേച്ചുപോയ അധികാരദണ്ഡ് പില്‍ക്കാലത്ത് പിടിച്ചതും എടുത്ത് ചുഴറ്റിയതും ഈ അഭിനവ ഗാന്ധി കുടുംബമാണ്. നെഹ്റുവിന്റെ ഏക പുത്രി ഇന്ദിര പ്രിയദര്‍ശിനിയിലൂടെയാണ് കുടുംബപ്പേരില്‍ ഗാന്ധി വന്നത്. പത്രപ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായ ഫിറോസ് ഗ(ാ)ന്ധിയുടെ ഭാര്യയായപ്പോള്‍ ഇന്ദിരയുടെ പേരിനൊപ്പം ഗാന്ധി വന്നു. നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് വീണ മഹാത്മാവുമായി ഈ ഗാന്ധിക്ക് ബന്ധമില്ല. പക്ഷെ, പില്‍ക്കാലത്ത് ഇന്ത്യയെന്നപോലെ ഗാന്ധിയെയും വിഷമവൃത്തത്തിലാക്കി ഈ അഭിനവ ഗാന്ധി കുടുംബം.

കോണ്‍ഗ്രസ് പ്രസിഡന്റും പിന്നീട് ഇന്ത്യയുടെ മൂന്നാമത് പ്രധാനമന്ത്രിയുമായി നാടുവാണ ഇന്ദിരയ്ക്ക് അധികാരത്തോടൊപ്പം അഴിമതിയും ഹരമായി. അമിതാധികാരവും അമിതാഴിമതിയും അരങ്ങുവാണ കാലത്തിനൊടുവില്‍ അടിയന്തരാവസ്ഥ വന്നു. ഇന്ത്യയെന്നാല്‍ ഇന്ദിരയെന്ന് മുദ്രാവാക്യം വിളിച്ച അംബികാസോണിമാര്‍ നാടുവാണു. സഹികെട്ട ജനത പ്രതികരിച്ചപ്പോള്‍ ഇന്ത്യ ഇന്ദിരയെ തിരസ്കരിച്ച് പ്രതിപക്ഷത്തിരുത്തി. പകരം വന്നവര്‍ മഹാന്മാരായിരുന്നു. പക്ഷെ, ഇരിക്കാനും ഭരിക്കാനും അറിയില്ല. അങ്ങനെ ആ അറിവില്ലായ്മയില്‍നിന്ന് ഇന്ദിരയ്ക്ക് തിരിച്ച് വരവിനുള്ള ഇന്ധനം പകര്‍ന്നുകിട്ടി. അമ്മയ്ക്ക് കൂട്ടായി മകന്‍ സഞ്ജയ്. മൂത്തയാള്‍ വിമാനം പറത്തി നടന്നപ്പോള്‍ സഞ്ജയ് രാജ്യഭാരം തലയിലേറ്റി. അഴിമതിയുടെ ആര്‍പ്പുവിളിയുമായി സ്വന്തം അഞ്ചിന പരിപാടിയുടെ രഥമുരുട്ടിയ സഞ്ജയ് അകാലത്തില്‍ പൊലിഞ്ഞതിനുപിന്നാലെ അമ്മയുടെ ജീവനിലേക്ക് അംഗരക്ഷകരുടെ വെടിയുണ്ട തറഞ്ഞു കയറി.

ഒടുവില്‍ വൈമാനികന്‍ നിലത്തിറങ്ങി കിരീടാവകാശം ഏറ്റെടുക്കേണ്ടി വന്നു. രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലാത്ത മിസ്റ്റര്‍ ക്ലീന്‍ എന്ന പരിവേഷത്തോടെ രാജീവിന്റെ രംഗപ്രവേശം. അല്‍പ്പായുസ്സേ ആ പരിവേഷത്തിനുണ്ടായുളളൂ. രാജീവ് ഗാന്ധി പതിയെ ബൊഫോഴ്്്സ് ഗാന്ധിയായി. ഇപ്പോഴിതാ വിക്കിലിക്്സിന്റെ വലയില്‍ കുടുംബം ഒന്നാകെപ്പെട്ടിരിക്കുന്നു. മിസ്റ്റര്‍ ക്ലീനും ഭാര്യയും വിമാനം വീണു മരിച്ച അനുജനുമെല്ലാം നാടന്‍ ബ്രോക്കര്‍മാരെപ്പോലെ വിമാനവും തോക്കും കച്ചവടം ചെയ്ത് കാശുണ്ടാക്കി എന്നാണ് സായ്പിന്റെ രേഖ. ഗാന്ധി കുടുംബമോ നെഹ്റു കുടുംബമോ അല്ല, ഇത് യഥാര്‍ഥ കമീഷന്‍ കുടുംബമാണെന്ന്. ആശ്വസിക്കാന്‍ തരിമ്പുപോലും വകയില്ല. രാജീവും സോണിയയും കച്ചവടം തകൃതിയായി നടത്തിയത്രെ. സഞ്ജയ് കിട്ടുന്നിടത്തു നിന്നെല്ലാം കൈയിട്ട് വാരിയത്രെ. ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന തോക്കിനും വിമാനത്തിനും കമീഷന്‍ പറ്റുകയെന്നാല്‍ മോശപ്പെട്ട തോക്കും വിമാനവും പട്ടാളക്കാര്‍ക്ക് വാങ്ങിക്കൊടുക്കുക എന്നര്‍ഥം. അതായത് അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരനെ കൊലയ്ക്ക് കൊടുക്കുക എന്നതുതന്നെ.

അങ്ങനെ മഹാത്മാവിനെ അനുസ്മരിപ്പിക്കുന്ന "ഗാന്ധിപ്പേരിന്" രാജ്യദ്രോഹിപ്പട്ടവും ചാര്‍ത്തിക്കൊടുത്തിരിക്കുന്നു രാജകുടുംബം. രാജീവിന്റെ മകന്‍ രാഷ്ട്രീയം പഠിക്കുന്നതേയുള്ളൂ. മകളുടെ ഭര്‍ത്താവിന് രാഷ്ട്രീയമാണ് ബിസിനസ്. സഞ്ജയിന്റെ മകനാണെങ്കില്‍ സംഘരിപാറിന്റെ ക്വട്ടേഷന്‍ ജോലിയില്‍ വ്യാപൃതന്‍. അഞ്ചാംതലമുറയില്‍ മിരായ, റെയ്ഹാന്‍ എന്നിവര്‍ വളര്‍ന്നുവരുന്നുണ്ട്. അവരുടെ കാലമാകുമ്പോള്‍ കുടുംബത്തിന് അധികാരമുണ്ടാകുമോ എന്ന് പറയാന്‍ പ്രയാസം. എന്നാലും പണത്തിന് പഞ്ഞമുണ്ടാകില്ല. രാജ്യത്തെ സേവിച്ച് കഷ്ടപ്പെടുന്ന ഒരു കുടുംബത്തിന് ഏറ്റവും മഹത്തായ പേരുമാത്രമല്ല ഏറ്റവും വലിയ സമ്പാദ്യവും രാജ്യം നല്‍കുന്നതില്‍ തെറ്റില്ല. ഗാന്ധിജിയുടെ പുണ്യം. ഈ സല്‍പ്പേരിനൊന്നും തനിക്ക് അര്‍ഹതയില്ലല്ലോ എന്ന് ജവഹര്‍ലാല്‍ നെഹ്റുവിന് സങ്കടപ്പെടാം.
(സൂക്ഷ്മന്‍)

deshabhimani

No comments:

Post a Comment