സൈനികര്‍ക്കും വിമുക്തഭടന്മാര്‍ക്കുമുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധപതിപ്പിക്കുന്നില്ലെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി കുറ്റപ്പെടുത്തി. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ബഹുദൂരം മുന്നിലാണ്. ഇതു മനസ്സിലാക്കി സംസ്ഥാന സര്‍ക്കാര്‍ അലംഭാവം വെടിയണം. വിമുക്തഭടന്മാരുടെ ആരോഗ്യപദ്ധതിയായ എക്സ്സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം (ഇസിഎച്ച്എസ്) ഓണ്‍ലൈന്‍ ബില്ലിങ് സംവിധാനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സൈനികരുടെയും വിമുക്തഭടന്മാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ജില്ലാ ഭരണവും പൊലീസും സൈനികരുടെയും വിമുക്തഭടന്മാരുടെയും കാര്യത്തില്‍ നേരത്തെ കാണിച്ച താല്‍പ്പര്യം ഇപ്പോള്‍ കാട്ടുന്നില്ല. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നതോടെ ചികിത്സാ ബില്ലുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്ക് പരിഹാരമാകും. സൈനികരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിലുള്ള കാലതാമസം കഴിയുന്നത്ര കുറച്ചുകൊണ്ടുവരാനായിട്ടുണ്ട്. ഇസിഎച്ച്എസ് സംവിധാനത്തിന്റെ ബില്ലിങ് ഓണ്‍ലൈന്‍ ആക്കുന്നതോടെ ആശുപത്രികള്‍ക്ക് പദ്ധതിയുടെ ഭാഗമാകുന്നതിനുള്ള വിമുഖത ഇല്ലാതാകും. കൂടുതല്‍ ആശുപത്രികളില്‍ വിമുക്തഭടന്മാര്‍ക്ക് ചികിത്സ ലഭ്യമാകും. വൈകാതെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും വിമുക്തഭടന്മാര്‍ക്ക് ചികിത്സ ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസിഎച്ച്എസ് ന്യൂസ് ലെറ്ററും എ കെ ആന്റണി പുറത്തിറക്കി. കേന്ദ്രമന്ത്രി കെ വി തോമസ്, എക്സൈസ്മന്ത്രി കെ ബാബു, ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ സതീഷ് സോണി, മേയര്‍ ടോണി ചമ്മണി, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, ഇസിഎച്ച്എസ് എംഡി മേജര്‍ ജനറല്‍ ജെ. ജോര്‍ജ്, കേരളത്തിന്റെ ചുമതലയുള്ള നേവല്‍ ഓഫീസര്‍ കമാന്‍ഡര്‍ എം ആര്‍ അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
deshabhimani 140413
No comments:
Post a Comment