Sunday, April 14, 2013

വൈദ്യുതി ചാര്‍ജ്: വന്‍കിടക്കാരുടെ കുടിശ്ശിക 1300 കോടി രൂപ


പ്രതിസന്ധിയുടെ പേരില്‍ സാധാരണക്കാരനെ പിഴിയുന്ന വൈദ്യുതി ബോര്‍ഡിന് വന്‍കിടക്കാരില്‍നിന്നു പിരിഞ്ഞുകിട്ടാനുള്ളത് 1309.52 കോടി രൂപ. ഒരുകോടിയിലധികം കുടിശ്ശികയുള്ള സ്ഥാപനങ്ങള്‍തന്നെ 135 എണ്ണമുണ്ട്. പൊതു, സ്വകാര്യമേഖലയിലെ ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്ക് വിവരാവകാശപ്രകാരം ലഭിച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വെള്ളക്കരം ഒടുക്കുന്നതില്‍ കെഎസ്ഇബി ഓഫീസുകള്‍ വീഴ്ചവരുത്തുന്നതുപോലെ വൈദ്യുതി ബില്‍ ഒടുക്കുന്നതില്‍ ഏറ്റവുമധികം വീഴ്ച വരുത്തിയിട്ടുള്ളത് ജല അതോറിറ്റി ഓഫീസുകളും അനുബന്ധ സ്ഥാപനങ്ങളുമാണ്. ഒട്ടാകെ 150.79 കോടി രൂപയുടെ കുടിശ്ശികയാണ് ഇവയാകെ വരുത്തിയത്. 90.22 കോടി രൂപ കുടിശ്ശിക വരുത്തിയ പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സാണ് തൊട്ടുപിന്നില്‍. 47.06 കോടിയുമായി പൊതുമേഖലയിലെ ഓട്ടോകാസ്റ്റും മൂന്നാമതുണ്ട്. സ്വകാര്യസ്ഥാപനമായ ഹൈടെക് ഇലക്ട്രോ തെര്‍മിക്സ് വരുത്തിയിട്ടുള്ളത് 45.53 കോടി രൂപയുടെ കുടിശ്ശികയാണ്. സ്വകാര്യസ്ഥാപനമായ ഇന്‍സില്‍ ഇലക്ട്രോസ്മെല്‍ട്സ് 45.41 കോടി രൂപയുടെയും പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ റയോണ്‍സ് 42.57 കോടി രൂപയുടെയും കുടിശ്ശിക വരുത്തിയിട്ടുണ്ട്. സ്വകാര്യമേഖലയിലെ ബിനാനി സിങ്ക് 41.23 കോടി രൂപയും ഹിന്‍ഡാല്‍കോ 37.31 കോടി രൂപയും കുടിശ്ശിക വരുത്തിയതായി രേഖകള്‍ വ്യക്തമാക്കുന്നു. സില്‍കല്‍ എന്ന കമ്പനി 21.39 കോടിയും കുടിശ്ശികയാക്കി. പൊതുമേഖലയിലെ മലബാര്‍ സിമന്റ്സ് അടയ്ക്കാനുള്ളത് 12.95 കോടിയാണ്.

സ്വകാര്യമേഖലയിലെ ശ്രദ്ധേയരായ ടാറ്റാ റ്റീ ഒടുക്കാനുള്ളത് 11.62 കോടി. ഫാക്ട് ഉദ്യോഗമണ്ഡല്‍ ഡിവിഷന്‍ 10.40 കോടിയും കൊച്ചി ഡിവിഷന്‍ 8.13 കോടിയും കുടിശ്ശികയാക്കി. പി കെ റീ-റോളിങ് മില്‍സ് ഒടുക്കാനുള്ളത് 13.66 കോടി രൂപയാണ്. എക്സല്‍ ഗ്ലാസ് ഫാക്ടറി 10.75 കോടിയും നല്‍കാനുണ്ട്. കോയെന്‍കോ 11.24 കോടിയും പുനലൂര്‍ പേപ്പര്‍ 9.48 കോടിയും അടയ്ക്കാനുണ്ട്. സണ്‍ മെറ്റല്‍സ് (5.55 കോടി), ലിബ്ര സ്റ്റീല്‍സ് (4.74 കോടി), സുരഭി സ്റ്റീല്‍സ് (4.13 കോടി), എ പി സ്റ്റീല്‍ റീ റോളിങ് മില്‍ (3.96 കോടി), മെറ്റ് റോള സ്റ്റീല്‍സ് (3.95 കോടി), എസ്എംഎം സ്റ്റീല്‍ (3.71 കോടി), അഗ്നി സ്റ്റീല്‍സ് (2.88 കോടി) തുടങ്ങിയ സ്ഥാപനങ്ങളും പട്ടികയിലുണ്ട്. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ എച്ച്എംടി നല്‍കാനുള്ളത് 2.78 കോടി രൂപയാണ്. കൊച്ചി കപ്പല്‍ശാല 2.41 കോടിയും അടയ്ക്കാനുണ്ട്. കൊച്ചി തുറമുഖ ട്രസ്റ്റ് വരുത്തിയ കുടിശ്ശിക 1.56 കോടിയാണ്. അപ്പോളോ ടയേഴ്സിന്റെ പൂര്‍വസ്ഥാപനമായ പ്രീമിയര്‍ ടയേഴ്സ് അടയ്ക്കാനുള്ളത് 2.73 കോടിയാണ്. തൃശൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ 4.26 കോടി രൂപയും മദ്രാസ് സ്പിന്നേഴ്സ് 1.82 കോടിയും നല്‍കാനുണ്ട്. കൊല്ലം കോ-ഓപറേറ്റീവ് സ്പിന്നിങ് മില്‍സ് 1.75 കോടിയും കുണ്ടറ അലിന്‍ഡ് 1.32 കോടിയുമാണ് കുടിശ്ശിക വരുത്തിയത്. മില്‍മയുടെ മൂന്നു യൂണിറ്റ് ഒരു കോടിയിലേറെ കുടിശ്ശിക വരുത്തിയവരില്‍ ഉള്‍പ്പെടുന്നു.

കൊച്ചി നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയുള്‍പ്പെടെ എറണാകുളം ജില്ലയിലെ രണ്ട് ആശുപത്രികളും ഒരു പ്രമുഖ പത്രസ്ഥാപനവും കോടിയിലേറെ തുക ഒടുക്കാനുള്ളവരുടെ പട്ടികയിലുണ്ട്. തുക ഒടുക്കാന്‍ ഒരുദിവസം വൈകിയാല്‍ ഗാര്‍ഹിക കണക്ഷന്‍ വിഛേദിക്കുന്ന കെഎസ്ഇബി വമ്പന്‍മാരുടെ കുടിശ്ശികയ്ക്കു നേരെ കണ്ണടയ്ക്കുകയാണ്. ചുരുക്കം ചില സ്ഥാപനങ്ങളുടെ കണക്ഷന്‍ മാത്രമാണ് വിഛേദിച്ചിട്ടുള്ളത്. ചിലരാകട്ടെ ബോര്‍ഡുമായി കേസും നടത്തുന്നു.

deshabhimani 140413

No comments:

Post a Comment