Sunday, April 14, 2013

തൃണമൂല്‍ അക്രമം തടഞ്ഞില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം


സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമവും അഴിഞ്ഞാട്ടവും അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും ക്രമസമാധാനനില സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇടതുമുന്നണി ബംഗാള്‍ ആഭ്യന്തര സെക്രട്ടറി ബസുദേബ് ബാനര്‍ജിക്ക് കത്ത് നല്‍കി. അക്രമം തടയാന്‍ ഉടന്‍ നടപടിയെടുത്തില്ലങ്കില്‍ ഇടതുമുന്നണി ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കി.

അക്രമത്തിന് ഇരയായവരുടെ പേരില്‍ കള്ള ക്കേസുകള്‍ ചാര്‍ത്തുമ്പോള്‍ അക്രമികള്‍ സ്വതന്ത്രമായി വിലസുകയാണ്. സര്‍ക്കാര്‍ ഇതുവരെ അക്രമത്തെ അപലപിക്കാന്‍ തയ്യാറായിട്ടില്ല. ഏപ്രില്‍ രണ്ടിന് വിദ്യാര്‍ഥി നേതാവ് സുദീപ്ത ഗുപ്ത പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ തീരുമാനം ഉണ്ടായില്ലെന്നും കത്തില്‍ സൂചിപ്പിച്ചു. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസു, പ്രതിപക്ഷനേതാവ് സൂര്യകാന്ത് മിശ്ര എന്നിവരും ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും ഒപ്പിട്ടാണ് കത്ത് നല്‍കിയത്.

സുദീപ്തയുടെ മരണത്തില്‍ പ്രതിഷേധിച്ചവര്‍ ഡല്‍ഹിയില്‍ ബംഗാള്‍ ധനമന്ത്രിയെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് തൃണമൂല്‍ സംസ്ഥാനത്താകെ സിപിഐ എം, ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടത്. ആയിരത്തിലധികം പാര്‍ടി ഓഫീസുകള്‍ തല്ലിത്തകര്‍ക്കുകയും തീയിട്ടു നശിപ്പിക്കുകയുംചെയ്തു. നേതാക്കളുള്‍പ്പെടെ നൂറുകണക്കിനു പ്രവര്‍ത്തകരെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു. നിരവധിപേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. അക്രമം ഭയന്ന് ആയിരക്കണക്കിനു പ്രതിപക്ഷ പ്രവര്‍ത്തകര്‍ക്ക് നാടും വീടും വിട്ട് ഓടിപ്പോകേണ്ടി വന്നു. നൂറുകണക്കിനു പാര്‍ടി പ്രവര്‍ത്തകരുടെ കടകളും സ്ഥാപനങ്ങളും തല്ലിത്തകര്‍ത്തു. പൊലീസ് സഹായത്തോടെയാണ് ഇടതുമുന്നണി പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസുകള്‍ സൃഷ്ടിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
(ഗോപി)

അക്രമം പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍. 1978നുശേഷം മുടങ്ങാതെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ ആക്രമണം. ഡല്‍ഹിയില്‍ അമിത് മിത്രയെ തടഞ്ഞത് കരുവാക്കി മമത തന്നെ അക്രമത്തിന് പ്രേരണയേകി. കമ്യൂണിസ്റ്റ് വിരോധത്തിന് കുപ്രസിദ്ധനായ ഗവര്‍ണര്‍ എം കെ നാരായണനും ഇക്കാര്യത്തില്‍ മമത സര്‍ക്കാരിനെ സഹായിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനുമേല്‍ മമത സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ മമതയ്ക്ക് ആശങ്കയുണ്ട്. രണ്ടുവര്‍ഷത്തെ ഭരണം ജനപിന്തുണ കുറച്ചു എന്ന് മമതയ്ക്ക് നന്നായി അറിയാം. ഫെബ്രുവരിയിലെ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂലിന് സിറ്റിങ്ങ് സീറ്റ് നഷ്ടപ്പെട്ടിരുന്നു. ഉള്‍പ്പോര് രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നാല്‍ തൃണമൂലിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ഇത് അടുത്തവര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തൃണമൂലിനെ പ്രതിസന്ധിയിലാക്കും.

ഉള്‍പ്പോര് പരസ്യമാകുന്നത് തടയാനുള്ള തന്ത്രത്തിന്റെ ഭാഗമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനുമായി മമത ബാനര്‍ജി തുറന്ന യുദ്ധം പ്രഖ്യാപിച്ചത്. കമീഷനുമായി ആലോചിക്കാതെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതും അട്ടിമറി ലക്ഷ്യത്തോടെയായിരുന്നു. സമാധാനപരവും നീതിപൂര്‍വവുമായി തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ കേന്ദ്രസേനയുടെ സഹായം വേണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രസേനയെ വിന്യസിക്കാന്‍ അനുവദിക്കില്ലെന്നാണ് മമത സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഏകപക്ഷീയ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

ഈ സമയത്താണ് ഡല്‍ഹി സംഭവം കരുവാക്കി സിപിഐ എമ്മിനും മറ്റ് ഇടതുപക്ഷ പാര്‍ടികള്‍ക്കുമെതിരെ ആക്രമണം ആരംഭിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭയപ്പെടുത്തി നിര്‍ത്തുകയെന്ന ഗൂഢാലോചനയുടെ ഭാഗമാണ് ആസൂത്രിതമായ ഈ ആക്രമങ്ങളെന്ന് സിപിഐ എം പൊളിറ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഗവര്‍ണര്‍ എം കെ നാരായണന്‍ തൃണമൂലിന്റെ അക്രമത്തിന് പ്രോത്സാഹനമാകുന്ന തരത്തില്‍ പരസ്യ പ്രസ്താവന ഇറക്കുകയും ചെയ്തു. മുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരിക്കെ അമേരിക്കയുമായി ആണവക്കരാറിന്റെ ഉപജാപകരില്‍ പ്രധാനിയായിരുന്നു നാരായണന്‍. അന്ന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ യുപിഎ സര്‍ക്കാരിന് എംപിമാരെ വിലയ്ക്ക് വാങ്ങാന്‍ ഓടിനടക്കുകയും ചെയ്തു.
(വി ബി പരമേശ്വരന്‍)

deshabhimani 140413

No comments:

Post a Comment