Wednesday, April 10, 2013
മണല്‍വില കുറഞ്ഞിട്ടും എക്സല്‍ ഗ്ലാസസ് തുറക്കുന്നില്ല
ആലപ്പുഴ: സിലിക്ക മണല്‍ ലഭ്യമല്ലെന്നുപറഞ്ഞ് അടച്ചുപൂട്ടിയ സംസ്ഥാനത്തെ ഏക ഗ്ലാസ്വ്യവസായ പൊതുമേഖലാ സ്ഥാപനമായ എക്സല്‍ ഗ്ലാസസ് മണല്‍ക്ഷാമം പരിഹരിച്ചിട്ടും തുറക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റീ കണ്‍സ്ട്രക്ഷനില്‍ (ബിഐഎഫ്ആര്‍) അധികൃതര്‍ ഫയല്‍ചെയ്ത ഹര്‍ജി തീര്‍പ്പാകുന്നതുവരെ കമ്പനി തുറക്കുന്നത് നീട്ടിക്കൊണ്ടു പോകാനാണ് ശ്രമം. ഗ്ലാസ് നിര്‍മാണത്തിലെ അസംസ്കൃത വസ്തുവായ സിലിക്ക മണല്‍ ടണ്ണിന് 200 രൂപയ്ക്ക് ലഭ്യമാക്കാമെന്ന് കെഎസ്ഐഡിസി അറിയിച്ചിട്ടും മണലെടുക്കാന്‍ കമ്പനി തയ്യാറാകുന്നില്ല. പള്ളിപ്പുറത്തെ ഗ്രോ സെന്ററില്‍നിന്നാണ് മണലെടുക്കുന്നത്. ടണ്ണിന് 70 രൂപയായിരുന്ന മണലിന്റെ വില 1600 രൂപയായതായി ആരോപിച്ച് 2012 ഡിസംബര്‍ 9നാണ് കമ്പനി പൂട്ടിയത്. കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് മണല്‍ ലഭിക്കാന്‍ കെഎസ്ഐഡിസിയുമായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പുതുക്കാതിരുന്നതാണ് മണല്‍വില ഉയരാന്‍ കാരണമായത്.
ഇതിനിടെ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിന് നിലവില്‍ ഉപയോഗിക്കുന്ന ഫര്‍ണസ് ഓയിലിനു പകരം കൂടുതല്‍ ഇന്ധനക്ഷമമായ മാര്‍ഗം തേടാനും ശ്രമം തുടങ്ങി. ഇതുസംബന്ധിച്ച് കമ്പനിയിലെ മുന്‍ ജീവനക്കാരനായ അഗര്‍വാള്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കല്‍ക്കരി, ബയോഗ്യാസ് ഉള്‍പ്പെടെ ഉപയോഗിച്ചാല്‍ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നെങ്കിലും ഇതുസംബന്ധിച്ച് തീരുമാനമെടുത്തില്ല. ഇന്ത്യയിലെ ഏറ്റവുംവലിയ ഗ്ലാസ് നിര്‍മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ നാഷണല്‍ ഗ്ലാസസ് അടുത്തിടെ മൂന്നു പ്ലാന്റുകളില്‍ ഇന്ധനമാറ്റം വരുത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം തീരുമാനിക്കാമെന്ന് യോഗത്തില്‍ ധാരണയായി. അതേസമയം കമ്പനി തുറക്കുന്നത് നീട്ടിക്കൊണ്ടുപോകാനുള്ള ചിലരുടെ ഗൂഢശ്രമമാണ് ഇതിനുപിന്നിലെന്ന ആരോണപമുണ്ട്.
220 മെട്രിക് ടണ്‍ ഉല്‍പ്പാദനശേഷിയുള്ള കമ്പനി ലാഭത്തിലാണ്പ്രവര്‍ത്തിച്ചിരുന്നത്. ബിഐഎഫ്ആറില്‍ കമ്പനി ഫയല്‍ചെയ്ത പാപ്പര്‍ ഹര്‍ജി വാദത്തിനായി മാറ്റിയിരിക്കുകയാണ്. കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചാല്‍ കെഎസ്ഐഡിസിയില്‍നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെട്ട് ലഭ്യമാക്കിയ 14.5 കോടിയുടെ വായ്പ തിരിച്ചടക്കേണ്ട. മാത്രമല്ല വൈദ്യുതി, വില്‍പ്പന നികുതി എന്നിവയിലെ കുടിശികയും നല്‍കേണ്ട. സര്‍വീസില്‍നിന്ന് പിരിഞ്ഞ 150 ഓളം തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങളും ലഭ്യമാകില്ല. ഇതിനുള്ള ഗൂഢപദ്ധതിയാണ് പാപ്പര്‍ ഹര്‍ജിക്കുപിന്നിലെന്ന ആക്ഷേപമുണ്ട്. കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ ഗ്ലാസസിലെ മിനിസ്റ്റീരിയല്‍, കരാര്‍, അനുബന്ധ വ്യവസായങ്ങളിലെയടക്കമുള്ള ആയിരത്തോളം തൊഴിലാളികള്‍ പ്രതിസന്ധിയിലായി.
(ജി അനില്‍കുമാര്‍)
deshabhimani 110413
Subscribe to:
Post Comments (Atom)
No comments:
Post a Comment