Friday, April 19, 2013

മിനിമം വേതനത്തില്‍ ഇന്ത്യ ഏറെ പിന്നിലെന്ന് യുഎന്‍ സര്‍വേ


ഏഷ്യ പസഫിക് മേഖലയിലെ 32 രാജ്യങ്ങളില്‍ മിനിമം വേതനത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് 26-ാം സ്ഥാനം. തൊഴിലാളികളുടെ ശരാശരി പ്രതിമാസ വരുമാനം 100 ഡോളറിലും താഴെയുള്ള രാജ്യങ്ങളുടെ പട്ടികയിലായാണ് ഇന്ത്യ പാകിസ്ഥാനും നേപ്പാളിനും ഭൂട്ടാനും പിന്നിലായത്. കാലാകാലങ്ങളില്‍ മിനിമം വേതനം പുതുക്കാത്ത അപൂര്‍വം രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉള്‍പ്പെടുന്നു. സാമ്പത്തിക വളര്‍ച്ച തൊഴില്‍ നിലവാരത്തിലും തൊഴില്‍ വളര്‍ച്ചയിലും പ്രതിഫലിക്കാത്ത രാജ്യമാണ് ഇന്ത്യയെന്ന് ഐക്യരാഷ്ട്രസഭയുടെ ഏഷ്യാ പസഫിക് സാമ്പത്തിക സാമൂഹ്യ കമീഷന്റെ(എസ്കാപ്) സര്‍വേ വ്യക്തമാക്കുന്നു.

പുത്തന്‍ സാമ്പത്തിക പരിഷ്കരണം ഏഷ്യ പസഫിക് രാജ്യങ്ങളില്‍ സൃഷ്ടിച്ച പ്രത്യാഘാതം തൊഴില്‍ മേഖലയില്‍ പ്രകടം. കുറഞ്ഞ വേതനം, ആനുകൂല്യങ്ങള്‍ ഇല്ലാതാക്കല്‍, ജോലിസ്ഥിരതയില്ലായ്മ, തൊഴിലാളികള്‍ക്ക് മൗലികാവകാശം നിഷേധിക്കുന്ന തരത്തിലുള്ള തൊഴില്‍ സാഹചര്യം എന്നിവ വ്യാപകമായി. ഏറ്റവും കുറഞ്ഞ പ്രതിമാസ മിനിമം വേതനം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് പിന്നില്‍ ശ്രീലങ്ക, താജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, കിര്‍ഗിസ്ഥാന്‍ എന്നിവ മാത്രമാണുള്ളത്. ദക്ഷിണ കൊറിയയിലും ചൈനയിലുമാണ് ഏറ്റവും ഉയര്‍ന്ന മിനിമം വേതനം. ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍ 2011ന് ശേഷം വേതനം വര്‍ധിപ്പിച്ചിട്ടില്ല. മിനിമം വേതനം ഉറപ്പുവരുത്തുന്നത് സാമ്പത്തിക വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന തെറ്റിദ്ധാരണ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. എന്നാല്‍, മിനിമം വേതനം സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുമെന്ന് മലേഷ്യ, തായ്ലന്‍ഡ്, ഇന്‍ന്തോനേഷ്യ എന്നിവയുടെ അനുഭവം വെളിപ്പെടുത്തുന്നു.തായ്ലന്‍ഡില്‍ കഴിഞ്ഞ വര്‍ഷം മിനിമം വേതനം 40 ശതമാനം വര്‍ധിപ്പിച്ചതോടെ തൊഴില്‍ വളര്‍ച്ച 1.4 ശതമാനംകൂടി. ആകര്‍ഷകമായ വേതനം കൂടുതല്‍ പേരെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കും. മിനിമം വേതനം ഉറപ്പാക്കുന്നതിലൂടെ സാമ്പത്തിക വ്യവസ്ഥയ്ക്കുണ്ടാകുന്ന നേട്ടം മിനിമം വേതനം ഇല്ലാത്തതിനേക്കാള്‍ വലുതാണെന്നും സര്‍വേ പറയുന്നു.

ഏഷ്യ പസഫിക് മേഖലയില്‍ 1990ന് ശേഷം അസമത്വം തീവ്രമായ രാജ്യങ്ങളില്‍ ഇന്ത്യ മുന്‍നിരയിലാണ്. ജിഡിപിയും പ്രതിശീര്‍ഷ വരുമാനവും തമ്മിലുള്ള അനുപാതം തൊണ്ണൂറുകളുടെ ആദ്യം 31 ശതമാനമായിരുന്നെങ്കില്‍ 2000ല്‍ എത്തിയപ്പോള്‍ 37 ശതമാനമായി. കടുത്ത പോഷകാഹാരക്കുറവും ഇന്ത്യ നേരിടുന്നു. ഇന്ത്യയില്‍ 17.5 ശതമാനമാണ് പോഷകാഹാരക്കുറവ്. ബംഗ്ലാദേശ്(16.8 ശതമാനം), കംബോഡിയ(17.1 ശതമാനം) എന്നീ രാജ്യങ്ങള്‍ക്കും പിന്നിലാണ് ഇന്ത്യ-സര്‍വെ പറഞ്ഞു. പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് സി രംഗരാജന്‍ സര്‍വേ പ്രകാശനംചെയ്തു. എസ്കാപ് ഡയറക്ടര്‍ ഡോ. നാഗേഷ്കുമാര്‍, കിരണ്‍മെഹ്റ കെര്‍പെല്‍മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 190413

No comments:

Post a Comment