Friday, April 19, 2013

സംസ്ഥാനം മാഫിയകളുടെ പിടിയില്‍: ചെന്നിത്തല


സംസ്ഥാനത്ത് ക്രമസമാധാനനില പാടേ തകര്‍ന്നതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കൃഷി, വ്യവസായം തുടങ്ങി സമസ്തമേഖലകളിലും വന്‍ തിരിച്ചടി ഉണ്ടായി. മാഫിയകള്‍ സംസ്ഥാനം അടക്കി വാഴുന്നു. സ്ത്രീകള്‍ അരക്ഷിതരാണ്. അക്രമവും കൊലപാതകവും പിടിച്ചുപറിയും കൊള്ളയും പെരുകി. മുമ്പില്ലാത്തവിധം സാമുദായിക അകല്‍ച്ച വര്‍ധിച്ചു. വന്‍കിട ഭൂമാഫിയകള്‍ വ്യാപകമായി ഭൂമി കൈക്കലാക്കി കൃത്രിമമായി വില ഉയര്‍ത്തുകയണ്- തന്റെ നേതൃത്വത്തിലുള്ള കേരളയാത്രയുടെ പ്രാധാന്യം വിശദീകരിച്ച് വ്യാഴാഴ്ച പത്രങ്ങളില്‍ നല്‍കിയ ലേഖനത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യുഡിഎഫ് സര്‍ക്കാരിനുമെതിരെ കുറ്റപത്രമായി ചെന്നിത്തലയുടെ രൂക്ഷവിമര്‍ശം.

സംസ്ഥാനത്ത് വലിയ പുറകോട്ടടിയും ക്രമസമാധാനതകര്‍ച്ചയും സാമുദായിക അകല്‍ച്ചയുമുണ്ടായെന്ന ചെന്നിത്തലയുടെ വിമര്‍ശം ഉമ്മന്‍ചാണ്ടിയെ രോഷാകുലനാക്കി. മന്ത്രിമാരും മുഖ്യമന്ത്രിയെ പ്രതിഷേധമറിയിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് സംബന്ധിച്ച് ചെന്നിത്തല നടത്തിയ പ്രസ്താവന വ്യാഴാഴ്ച ഉമ്മന്‍ചാണ്ടി തള്ളിയത്് ലേഖനത്തില്‍ പ്രകോപിതനായാണ്. യുഡിഎഫ് സര്‍ക്കാരിന്റെ പോക്കിനെക്കുറിച്ച് യോഗങ്ങളിലും പുറത്തും ചെന്നിത്തല അസംതൃപ്തി പ്രകടിപ്പിച്ചുവരികയാണ്. ആഭ്യന്തരവകുപ്പിനെയാണ് ചെന്നിത്തല പ്രധാനമായും പ്രതിക്കൂട്ടില്‍ കയറ്റുന്നത്. വ്യവസായം, ഐടി, കൃഷി, വിദ്യാഭ്യാസം തുടങ്ങി ഘടകകക്ഷികള്‍ കൈയാളുന്ന വകുപ്പുകള്‍ക്കെതിരെയും കടുത്ത വിമര്‍ശമുണ്ട്. വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായെന്നു പരിഹസിച്ച ചെന്നിത്തല ഉടനടിയുള്ള നടപടിയും ഫലവുമാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്നും ഓര്‍മിപ്പിച്ചു. കേരളം ഒട്ടും സുരക്ഷിതമല്ലാത്ത സംസ്ഥാനമായി മാറിയെന്ന് ലേഖനത്തില്‍ പറയുന്നു. സുരക്ഷിതത്വത്തിന് പേരുകേട്ട കേരളത്തില്‍ ഇന്ന് മാറ്റംവന്നു. അക്രമം, കൊലപാതകം, കൊള്ള, പിടിച്ചുപറി, മാഫിയാപ്രവര്‍ത്തനം എന്നിവ പെരുകുന്നു. വന്‍കിട ഭൂമാഫിയകള്‍ കൃത്രിമമായി വില ഉയര്‍ത്തിയതോടെ സാധാരണക്കാര്‍ക്ക് ഭൂമി അപ്രാപ്യമാകുന്ന അവസ്ഥയിലേക്ക് കേരളം അതിവേഗം നീങ്ങുകയാണ്. കേരളമോഡലിന്റെ നിറം മങ്ങി. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ കാലോചിതമായി മുന്നേറാനായില്ല. സാംക്രമികരോഗങ്ങള്‍ പെരുകി. കാര്‍ഷിക-വ്യവസായിക രംഗങ്ങളില്‍ ഉണ്ടായ തകര്‍ച്ച ഭീമമാണ്. ദൈവത്തിന്റെ സ്വന്തംനാടായ കേരളത്തെ ഇന്ത്യയിലെ സ്വര്‍ഗമാക്കി മാറ്റാന്‍ കഴിയുമായിരുന്നു. ഈ ദിശയില്‍ മുന്നോട്ടുപോകുന്നതില്‍ കുറ്റകരമായ അമാന്തമാണുണ്ടായത്.

മദ്യപാനം, ആത്മഹത്യ എന്നിവ വര്‍ധിക്കുന്നു. കുടുംബബന്ധങ്ങള്‍ ശിഥിലമായി. കേരളീയ സമൂഹത്തിന്റെ മുഖഛായ അടുത്തകാലത്തായി പാടേ മാറി. മൂല്യങ്ങള്‍ കൈമോശം വന്നു. വികസനവും സുരക്ഷിതത്വവുമാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങള്‍. ഐടി വികസനത്തിന് തുടക്കംകുറിച്ച് ദക്ഷിണേന്ത്യയില്‍ കേരളമാണ് ടെക്നോപാര്‍ക്ക് സ്ഥാപിക്കുന്നത്. എന്നാല്‍, ഈ രംഗത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേരളത്തെ മറികടന്ന് മുന്നോട്ടുകുതിച്ചു. വിഭവങ്ങളുടെ ശോഷണം, വൈദ്യുതിക്ഷാമം, പരിസ്ഥിതിപ്രശ്നങ്ങള്‍ തുടങ്ങിയവയും കേരളത്തെ തുറിച്ചുനോക്കുകയാണ്. ഗള്‍ഫ് പുനരധിവാസം സംസ്ഥാനത്തിന് ഇരുട്ടടിയാകുമെന്നും ചെന്നിത്തല വിമര്‍ശിച്ചു.
(കെ എം മോഹന്‍ദാസ്)

പരിയാരം; ചെന്നിത്തലയെ തിരുത്തി മുഖ്യമന്ത്രി രംഗത്ത്

തിരു: പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായി ആസ്തി ബാധ്യതകള്‍ കണക്കാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫുമായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സിഎംപി നേതാവ് എം വി രാഘവനെ കഴിഞ്ഞ ദിവസം വീട്ടിലെത്തി സന്ദര്‍ശിച്ച കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പരിയാരം സഹകരണ ആശുപത്രി ഏറ്റെടുക്കുന്ന നടപടി നീട്ടിവെക്കാമെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയിരുന്നു. എം വി രാഘവന്റെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമേ തുടര്‍നടപടി സ്വീകരിക്കുകയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ പരിയാരം ഏറ്റെടുക്കല്‍ നീട്ടിവച്ചിരിക്കുകയാണെന്ന ചെന്നിത്തലയുടെ പ്രസ്താവനയെക്കുറിച്ച് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

deshabhimani 190413

No comments:

Post a Comment