Sunday, April 14, 2013

സിബിഐ റിപ്പോര്‍ട്ട് തിരുത്തല്‍: യുപിഎ പ്രതിസന്ധിയിലാകും


കല്‍ക്കരി അഴിമതി ആരോപണത്തില്‍നിന്ന് മന്‍മോഹന്‍സിങ്ങിനെ രക്ഷിക്കാന്‍ പ്രധാനമന്ത്രി കാര്യാലയവും നിയമമന്ത്രിയും സിബിഐ റിപ്പോര്‍ട്ട് തിരുത്തിയ നടപടി യുപിഎ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കും. ഏപ്രില്‍ 22ന് പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുമ്പോള്‍ ഈ വിഷയം ഉയര്‍ത്താനാണ് പ്രതിപക്ഷം ഒന്നടങ്കം തയ്യാറെടുക്കുന്നത്. ടുജി സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിയെ സംയുക്ത പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജെപിസി ചെയര്‍മാനായ കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ അതിന് തയ്യാറായില്ല. കല്‍ക്കരി അഴിമതിയിലും പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. 2006 മുതല്‍ 2009 വരെ വര്‍ഷങ്ങളില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ 1.86 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് സിഎജി റിപ്പോര്‍ട്ട്. ഈ ഘട്ടത്തില്‍ കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്തത് പ്രധാനമന്ത്രിതന്നെയായിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സിഎജി റിപ്പോര്‍ട്ട് ഉയര്‍ത്തി പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് സിബിഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മാര്‍ച്ച് എട്ടിന് സുപ്രീംകോടതി ഈ കേസ് പരിഗണിച്ചപ്പോഴാണ് സര്‍ക്കാരും സിബിഐയും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായത്. ഈ ഘട്ടത്തിലാണ് സുപ്രീംകോടതി സര്‍ക്കാരുമായി പങ്കുവയ്ക്കാതെയുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടത്. പ്രസ്തുത റിപ്പോര്‍ട്ടിലാണ് നിയമമന്ത്രിയും പ്രധാനമന്ത്രികാര്യാലയവും ചേര്‍ന്ന് വെള്ളം ചേര്‍ത്തത്. റിപ്പോര്‍ട്ട് തിരുത്തിയെന്ന വാര്‍ത്ത നിഷേധിക്കാന്‍ സിബിഐ ഡയറക്ടര്‍ രണ്‍ജിത്ത് സിന്‍ഹ തയ്യാറായിട്ടില്ല. നിയമമന്ത്രിയുമായി കൂടിക്കാഴ്ച സംബന്ധിച്ച് സുപ്രീം കോടതിയോട് മാത്രമേ വ്യക്തമാക്കൂ എന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

സിബിഐ "കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍"ആണെന്ന ആരോപണം ഒന്നുകൂടി ശക്തമാക്കുന്നതാണ് റിപ്പോര്‍ട്ട് തിരുത്തിയെന്ന വാര്‍ത്തയെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നിലോത്പല്‍ ബസു പറഞ്ഞു. ഈ നടപടിക്ക് യുപിഎ സര്‍ക്കാര്‍ ഉത്തരം പറയേണ്ടിവരും. പ്രധാനമന്ത്രിയെ സംരക്ഷിക്കാനാണ് സിബിഐയില്‍ സമ്മര്‍ദം ചെലുത്തിയതെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് സുഷ്മസ്വരാജ് ആരോപിച്ചു. സിബിഐയെ ഇനി സ്വതന്ത്ര ഏജന്‍സിയെന്നു വിശേഷിപ്പിക്കാനാകില്ലെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ജെയ്്റ്റ്ലി പറഞ്ഞു. സര്‍ക്കാരിന്റേത് കോടതിയലക്ഷ്യനടപടിയാണെന്ന് ഐക്യജനതാദളും പ്രതികരിച്ചു.
(വി ബി പരമേശ്വരന്‍)

കേന്ദ്രത്തിന്റെ കള്ളക്കളി സുപ്രീംകോടതി നേരത്തേ മണത്തു

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണത്തില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നെന്ന സംശയം കഴിഞ്ഞ മാസം സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് തന്നെയുണ്ടായി. സിബിഐയുടെ കണ്ടെത്തല്‍ ശരിയല്ലെന്നും കല്‍ക്കരി ഇടപാടില്‍ അവസാനവാക്ക് സിബിഐയുടേത് അല്ലെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി വാദിച്ചു.  റിപ്പോര്‍ട്ട് സമര്‍പ്പിക്കുംമുമ്പ് കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അങ്ങനെയുണ്ടായിട്ടില്ലെന്നായിരുന്നു വഹന്‍വതിയുടെ മറുപടി. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് "രാഷ്ട്രീയ യജമാനന്മാരു"മായി പങ്കുവച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നല്‍കണമെന്ന് സിബിഐയോടും കോടതി ആവശ്യപ്പെട്ടു. ഭാവിയില്‍ സമര്‍പ്പിക്കുന്ന അന്വേഷണപുരോഗതി റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കരുതെന്ന് കോടതി സിബിഐയോട് നിര്‍ദേശിച്ചു.

കോടതി പരാമര്‍ശിച്ച "രാഷ്ട്രീയ യജമാനന്മാര്‍" എന്ന വിഭാഗത്തില്‍ പ്രധാനമന്ത്രി കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന് തീര്‍പ്പാക്കാനാണ് സിബിഐ ഇപ്പോള്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ കാണിച്ച് സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പ്രതിരോധത്തിലാകും. എന്നാല്‍, സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനെക്കുറിച്ച് ഇതിനകം സിബിഐ ഉദ്യോഗസ്ഥരും വഹന്‍വതിയും ചര്‍ച്ച നടത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ മാറ്റംവരുത്തിയെന്ന് സിബിഐ വ്യക്തമാക്കിയാല്‍ വഹന്‍വതി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് വെളിപ്പെടും. ഇതൊഴിവാക്കാനാകും കേന്ദ്രസര്‍ക്കാര്‍ നീക്കം. കേന്ദ്ര വിജിലന്‍സ് കമീഷന്റെ ഉത്തരവ് പ്രകാരമാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. കേന്ദ്രസര്‍ക്കാര്‍ സിബിഐയെ വരുതിയിലാക്കിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ കല്‍ക്കരി കുംഭകോണം പ്രത്യേക അന്വേഷണസംഘത്തിന് വിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment