Sunday, April 14, 2013

അംഗങ്ങള്‍ കൊഴിഞ്ഞുപോകുന്നുവെന്ന വാര്‍ത്ത വ്യാജം: സിപിഐ എം


സിപിഐ എമ്മില്‍നിന്ന് അംഗങ്ങള്‍ വ്യാപകമായി കൊഴിഞ്ഞുപോകുന്നുവെന്നും അത്തരക്കാര്‍ പ്രത്യേകം സംഘടിക്കുന്നുവെന്നും അന്വേഷിക്കാന്‍ കമീഷനെ നിയോഗിച്ചുവെന്നുമുള്ള വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുമെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമ ധര്‍മത്തിന് നിരക്കാത്ത വിധത്തിലാണ് ഒരു പത്രം തുടര്‍ച്ചയായി സിപിഐ എം വിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. പാര്‍ടിയില്‍നിന്ന് ബോധപൂര്‍വം അംഗങ്ങള്‍ വിട്ടു പോവുകയോ പുറത്താക്കുകയോ ചെയ്യുന്നില്ല. എല്ലാ വര്‍ഷവും മാര്‍ച്ചിലാണ് മെമ്പര്‍ഷിപ്പ് പുതുക്കാറ്. മരണമോ രോഗമോ ശാരീരിക അവശതയോ നാട്ടിലില്ലാത്തതോ മൂലം പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് സ്വാഭാവികമായി മെമ്പര്‍ഷിപ്പ് പുതുക്കാന്‍ കഴിയാതെ വരാറുണ്ട്. വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ടി ഘടകങ്ങള്‍ യോഗം ചേര്‍ന്നാണ് മെമ്പര്‍ഷിപ്പ് പുതുക്കുകയും പുതിയ അംഗങ്ങളെ ചേര്‍ക്കുകയും ചെയ്യുന്നത്.

സിഐടിയു അഖിലേന്ത്യാ സമ്മേളന സെമിനാറില്‍ വി എസ് അച്യുതാനന്ദന്‍ പങ്കെടുത്തിട്ടും അദ്ദേഹത്തിന് കണ്ണൂരില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നുവെന്നും അതില്‍ പ്രതിഷേധിച്ച് പലരും മെമ്പര്‍ഷിപ്പ് പുതുക്കിയില്ലെന്നും വാര്‍ത്ത നല്‍കുന്നവരുടെ മനോവിഭ്രാന്തി ജനങ്ങള്‍ക്ക് മനസിലാകും. മെമ്പര്‍ഷിപ്പ് പുതുക്കല്‍ സംബന്ധിച്ചോ മറ്റു കാര്യങ്ങളെ കുറിച്ചോ അന്വേഷിക്കാന്‍ പാര്‍ടി ജില്ലാ കമ്മിറ്റി കമീഷനെ നിയോഗിച്ചു എന്ന വാര്‍ത്ത കല്ലുവച്ച നുണയാണ്. ഇല്ലാത്ത കമീഷന്റെ തെളിവെടുപ്പ് തീയതിപോലും പത്രം നിശ്ചയിച്ചു. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ നിജസ്ഥിതി അന്വേഷിക്കാന്‍ തയ്യാറാകാതിരിക്കുന്നത് മാധ്യമ സദാചാരത്തിന് ചേര്‍ന്നതല്ല. വ്യാജ വാര്‍ത്തകളിലൂടെ പാര്‍ടിയെ തകര്‍ക്കാന്‍ നടത്തുന്ന നുണ പ്രചാരണം തിരിച്ചറിയണമെന്നും അവജ്ഞയോടെ തള്ളിക്കളയണമെന്നും പാര്‍ടി പ്രവര്‍ത്തകരോടും ജനാധിപത്യ വിശ്വാസികളോടും ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 140413

No comments:

Post a Comment