Tuesday, September 3, 2013

തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ നുണയുടെ നൂലിഴകീറി മനോരമയുടെ അഴിമതിക്കഥ

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാറിന്റെ കെടുകാര്യസ്ഥതമൂലം അനുദിനം നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന തിരുവണ്ണൂര്‍ കോട്ടണ്‍ മില്ലിന്റെ നഷ്ടക്കണക്കുകള്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ മേല്‍ കെട്ടിവെക്കാന്‍ മനോരമയുടെ നുണപ്രചാരണം. കോട്ടണ്‍ മില്‍ നഷ്ടത്തിലേക്ക് കുതിക്കുന്ന സാഹചര്യത്തിലാണ് മലയാള മനോരമ "നൂലിഴ കീറിയാല്‍ വന്‍ അഴിമതി" എന്ന തലക്കെട്ടില്‍ പാപഭാരം മുഴുവന്‍ എല്‍ഡിഎഫ് സര്‍ക്കാറിലും മില്ലിന് പുനര്‍ജീവന്‍ നല്‍കിയ വ്യവ്യസായ മന്ത്രി എളമരം കരീമിലും കെട്ടിവെച്ച് കള്ളവാര്‍ത്ത സൃഷ്ടിച്ചത്. മുന്‍ സര്‍ക്കാറിന്റെ ഭരണകാലത്ത് മില്ലിനെ അഴിമതിയുടെ കൂത്തരങ്ങാക്കി എന്നാണ് തിങ്കളാഴ്ച പുറത്തിറങ്ങിയ മെട്രോ മനോരമ വാര്‍ത്തയില്‍ പറയുന്നത്. സത്യത്തെ മുഴുവന്‍ തമസ്കരിച്ചാണ് വാര്‍ത്ത എഴുതിയതെന്ന് കോട്ടണ്‍ മില്ലിന്റെ ചരിത്രമറിയുന്ന ഏവര്‍ക്കും വ്യക്തമാവും.

2010 ഡിസംബറിലാണ് മില്ലിന്റെ നാലാംഘട്ട വികസനം ഉദ്ഘാടനം ചെയ്തത്. 25,000 സ്പിന്‍ഡലുകള്‍ സ്ഥാപിച്ച് രാജ്യത്തെ മികച്ച സ്പിന്നിങ് മില്ലുകളിലൊന്നാക്കുകയും നൂറുകണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു. പിന്നീട് 2011ല്‍ കമ്പനി ലാഭത്തിലായി. 2011ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ 36 ലക്ഷം രൂപ ലാഭത്തിലായിരുന്നു കമ്പനി. മന്ത്രി എളമരം കരീം എല്ലാ മാസവും റിവ്യു മീറ്റിങ് വിളിച്ചുചേര്‍ത്ത് കമ്പനിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിരുന്നു. പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ മില്ലിലെ 25,000 സ്പിന്‍ഡലുകള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അസംസ്കൃതവസ്തുക്കള്‍ എത്തിച്ചുനല്‍കാത്തതാണ് കമ്പനിയെ നഷ്ടത്തിലേക്ക് നയിച്ചത്. പരുത്തി അടക്കമുള്ള സാധനങ്ങള്‍ എത്തിക്കേണ്ട കേരള ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ കെടുകാര്യസ്ഥത മൂലമാണിത്. സര്‍ക്കാരോ മന്ത്രിയോ ഇക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നുമില്ല. ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം കമ്പനി മൂന്ന് കോടി രൂപയോളം നഷ്ടത്തിലാണ്. വസ്തുത ഇതായിരിക്കെയാണ് മനോരമയുടെ നുണപ്രചാരണം.

കേരളത്തിലെ ആദ്യത്തെ ടെക്സ്റ്റൈല്‍ മില്ലായി 1890ല്‍ ഉദ്ഘാടനം ചെയ്ത മലബാര്‍ സ്പിന്നിങ് ആന്‍ഡ് വിവിങ് മില്‍സ് 1983ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. 19,540 സ്പിന്‍ഡലുകള്‍ പ്രവര്‍ത്തനസജ്ജമായി ഉണ്ടായിരുന്ന കമ്പനി 2003ല്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് പൂര്‍ണമായും അടച്ചുപൂട്ടിയത്. കാലാനുസൃതമായ നവീകരണത്തിന്റെയും കാര്യക്ഷമമായ നയങ്ങളുടെയും അഭാവം നിമിത്തം അഞ്ഞൂറോളം ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിട്ട് 2003 ആഗസ്ത് അഞ്ചിന് അടച്ചുപൂട്ടിയ മില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ 2006 ഡിസംബര്‍ 17-നാണ് പുനര്‍പ്രവര്‍ത്തനത്തിന് തുറന്നത്. ഇതിനുവേണ്ടി വ്യവസായ മന്ത്രി എളമരം കരീം നടത്തിയ ശ്രമങ്ങള്‍ ഒരു നുണപ്രചാരണം കൊണ്ടും മായ്ച്ചുകളയാന്‍ കഴിയുന്നതല്ല.

അക്കാലത്ത് 25,000 സ്പിന്‍ഡലുകള്‍ സ്ഥാപിക്കുന്നതിന് നിര്‍മാണം തുടങ്ങിവെച്ചിരുന്ന കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കി പുതിയ മെഷീന്‍ സ്ഥാപിച്ചു. 6000 സ്പിന്‍ഡലുകള്‍ റീ കണ്ടീഷന്‍ ചെയ്ത് 2006ല്‍തന്നെ പുനര്‍പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ച കമ്പനിയുടെ രണ്ടാം ഘട്ട വിപുലീകരണ പ്രവര്‍ത്തന ഉദ്ഘാടനവും നടത്തി. ഇതിന്റെ ഭാഗമായി 10,500 സ്പിന്‍ഡലുകള്‍ കൂടി സ്ഥാപിച്ചു. 12.19 കോടി രൂപ മുടക്കി ഏറ്റവും പുതിയ സാങ്കേതിക മികവും ഉല്‍പ്പാദനക്ഷമതയും ഒത്തിണങ്ങിയ കിര്‍ലോസ്കര്‍ ടയോട്ട കമ്പനിയുടെ 1152 സ്പിന്‍ഡലുകളുള്ള ഒമ്പത് സ്പിന്നിങ് മെഷീനുകളും ട്രുമാക്ക് ബ്ലോറൂമും അതിനോടനുബന്ധമായ പ്രിപ്പറേറ്ററി യന്ത്രങ്ങളും സ്ഥാപിച്ചു. യന്ത്രങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ബാറ്റ്ലിബോയ് ആന്‍ഡ് കമ്പനിയുടെ ഓട്ടോമാറ്റിക് ഹുമിഡിഫിക്കേഷന്‍ പ്ലാന്റും പുനരുദ്ധാരണ പദ്ധതിയുടെ ഭാഗവായി 10,368 സ്പിന്‍ഡലുകള്‍കൂടി ചേര്‍ത്തായിരുന്നു നവീകരണം. 2001ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ധിച്ചുവന്ന നഷ്ടം അവരുടെ അവസാന വര്‍ഷം 69.49 കോടി രൂപയിലെത്തി നിന്നിടത്തുനിന്ന് ഒറ്റ വര്‍ഷംകൊണ്ട് ആ നഷ്ടം പൂര്‍ണമായി ഇല്ലാതാക്കി 91.43 കോടി രൂപയുടെ ലാഭത്തിലേക്ക് (നെറ്റ് പ്രോഫിറ്റ്) കൊണ്ടുവരാന്‍ എല്‍ഡിഎഫ് സര്‍ക്കാറിന് കഴിഞ്ഞിരുന്നു.

deshabhimani

No comments:

Post a Comment