Sunday, February 23, 2014

ഷാജി ജേക്കബ് പഠിപ്പിച്ചത് അശ്ലീലഭാഷയില്‍: വനിതാസെല്‍

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ അധ്യാപകന്‍ ഡോ. ഷാജി ജേക്കബ് പഠിപ്പിക്കുന്നതിനിടെ വിദ്യാര്‍ഥിനികളോട് അശ്ലീലച്ചുവയോടെ സംസാരിക്കുമായിരുന്നെന്ന് വിദ്യാര്‍ഥിനികള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള സമിതിയുടെ രണ്ടാം ഇടക്കാല റിപ്പോര്‍ട്ട്. പാഠഭാഗങ്ങള്‍ വിശദീകരിക്കുമ്പോഴായിരുന്നു ഇത്തരം സംസാരം. പെണ്‍കുട്ടികളുടെ വസ്ത്രധാരണവും പെരുമാറ്റവുമൊക്കെ ഇങ്ങനെ വിശദീകരിച്ചിരുന്നു. ഇത് വളരെയധികം അലോസരപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടികള്‍ അറിയിച്ചതായി ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വ്യാഴാഴ്ച രജിസ്ട്രാര്‍ക്കു കൈമാറി. സാഹിത്യകൃതികള്‍ പഠിപ്പിക്കുമ്പോഴാണ് ഷാജി ജേക്കബ് ലൈംഗിക പരാമര്‍ശങ്ങളിലേക്കു കടക്കുക. തുടര്‍ന്ന് സംസാരം പൂര്‍ണമായും അശ്ലീലച്ചുവയോടെയാവുമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

വിദ്യാര്‍ഥികളില്‍നിന്ന് മൊഴിയെടുപ്പ് പൂര്‍ത്തിയാവാത്തതിനാല്‍ സമിതിയുടെ പൂര്‍ണറിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്കു ലഭിക്കാന്‍ കാലതാമസമുണ്ടാവും. പതിനെട്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് എംഎ മലയാളം ക്ലാസില്‍. അവസാന സെമസ്റ്ററിലെ ട്യൂട്ടറായിരുന്നു ഡോ. ഷാജി ജേക്കബ്. ഇദ്ദേഹത്തിനെതിരെ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് വകുപ്പുതല അന്വേഷണം നടത്തി. സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ വിദ്യാര്‍ഥിനികള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള സമിതിയെ നിയമിച്ചു. സമിതി ആദ്യം നല്‍കിയ റിപ്പോര്‍ട്ടിലും വിദ്യാര്‍ഥിനികളെ അപമാനിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിന്‍ഡിക്കറ്റ് ഷാജി ജേക്കബിനെ സസ്പെന്‍ഡ് ചെയ്തു. പരാതി പറയാന്‍ ആരും മുന്നോട്ടുവരാത്തതിനാല്‍ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. എന്നാല്‍ ഷാജി ജേക്കബിനെതിരെ ക്രിമിനല്‍ക്കേസ് എടുക്കണമെന്ന് സര്‍വകലാശാല പൊലീസിനോട് ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment