‘‘ബിനീഷ് ബോസുമല്ല, ഡോണുമല്ല. എന്റെ രണ്ട് കുട്ടികളുടെ അച്ഛനാണ്; സാധാരണ മനുഷ്യനാണ്’’- ഇഡിയുടെ തടങ്കലിനുശേഷം പുറത്ത് എത്തിയപ്പോൾ കണ്ണീരടക്കി ഉറച്ച ശബ്ദത്തിൽ ബിനീഷിന്റെ ഭാര്യ റെനീറ്റ മാധ്യമങ്ങളോട് പറഞ്ഞു.
‘‘ബുധനാഴ്‌ച രാവിലെയാണ് അമ്മയ്‌ക്കും അച്ഛനും ഇളയ മകൾക്കും ഒപ്പം ഇവിടെ എത്തിയത്. മൂത്തമകളെ സ്വന്തം വീട്ടിലാക്കിയിട്ടാണ് വന്നത്. ഉടൻ തിരിച്ചുപോകാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അത്. എന്നാൽ, മരുതംകുഴിയിലെ വീട്ടിൽ കയറിയപാടെ ഇഡി മൊബൈൽ ഫോൺ വാങ്ങിവച്ചു. വാതിൽ അടച്ചു. രാത്രി ഏഴോടെ ഡെബിറ്റ് കാർഡ് കിട്ടിയെന്നും വീട്ടിൽനിന്ന് ലഭിച്ചതാണെന്ന് ഒപ്പിട്ട് നൽകണമെന്നും ആവശ്യപ്പെട്ടു. അത് വീട്ടിൽനിന്ന് ലഭിച്ചതല്ലെന്ന് ഉറപ്പായിരുന്നു. അതിനാൽ ഒപ്പിട്ട് നൽകിയില്ല. നിങ്ങൾ കൊണ്ടുവന്നതാണെന്ന് രേഖയിൽ എഴുതിയാൽ ഒപ്പിട്ട് നൽകാമെന്ന് പറഞ്ഞു. ഇതോടെ അവരുടെ ഭാവം മാറി. ബിനീഷിനെ രക്ഷപ്പെടുത്തണമെങ്കിൽ ഒപ്പിട്. ഇല്ലെങ്കിൽ കുരുക്ക് മുറുകും, പ്രശ്‌നമാകും, എന്നെല്ലാം പറഞ്ഞു. വഴങ്ങാഞ്ഞതോടെ ബിനീഷിനെക്കൊണ്ട് പറയിപ്പിച്ചാൽ ഒപ്പിടുമോ എന്ന് ചോദിച്ചു.
നിങ്ങൾ ഇതിൽ ഒപ്പിടാത്തതുകൊണ്ടാണ് അവനെ വിടാത്തത്. എന്ത് പറഞ്ഞാലും ജയിലിൽ പോകേണ്ടിവന്നാലും ഒപ്പിടില്ലെന്ന് തീർത്ത് പറഞ്ഞു. ഈ വീട്ടിൽ നിന്നാണ് നിങ്ങൾക്കത് കിട്ടിയതെങ്കിൽ എന്തുകൊണ്ട് പരിശോധന തീർന്ന ഉടൻ കാണിക്കാതിരുന്നത് എന്ന ചോദ്യത്തിന് അവർക്ക് മറുപടിയുണ്ടായില്ല. ഇതിനിടെ ഇഡി ഉദ്യോഗസ്ഥർ ആരോടോ ഫോണിൽ വിളിച്ചു. ‘വീട്ടിൽനിന്ന് ഒന്നും കിട്ടിയില്ല’എന്ന് അവർ പറയുന്നതും കേട്ടു.
ആരെയും പുറത്തേക്ക് പോകാൻ അനുവദിച്ചിരുന്നില്ല. ഇഡി ആവശ്യപ്പെട്ടതെല്ലാം നൽകി. ഇ മെയിൽ ഐഡി, പാസ്‌വേഡ് എന്നിവ കൈമാറി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എല്ലാം ബിനീഷ് നേരത്തേ നൽകിയിട്ടുണ്ട്. പേരിന് മാത്രമാണ് ഇഡിയുടെ പരിശോധന. എല്ലാവിവരങ്ങളും തങ്ങളുടെ കൈയിലുണ്ടെന്ന് അവർതന്നെ പറയുന്നു. പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇഡിയുടെ മാനസിക പീഡനം വാക്കുകൾക്ക് അതീതമായിരുന്നു’’–- റെനീറ്റ പറഞ്ഞു.
സ്‌ത്രീകളെമാത്രം വീട്ടിൽ നിർത്തി തന്നെ ഇറക്കിവിട്ടെന്ന് കാട്ടി റെനിറ്റയുടെ അച്ഛൻ എസ് ആർ പ്രദീപ് ഇ ഡി ഡയറക്‌ടർക്ക് പരാതി നൽകി.
അരമണിക്കൂർ മാത്രം പരിശോധന പിന്നെ ഭക്ഷണം, കളി, ചിരി...
ബിനീഷിന്റെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ആകെ നടത്തിയത് അരമണിക്കൂർ പരിശോധന. ബാക്കി സമയത്തെല്ലാം ഉദ്യോഗസ്ഥർ വെറുതെ വീട്ടിൽ കഴിയുകയായിരുന്നു.
മുകളിലെ മുറിയിലേക്കാണ് ഇഡി ഉദ്യോഗസ്ഥർ ആദ്യം പോയത്. പിന്നീട് താഴെയുള്ള മുറിയിലേക്ക് വന്നു. അലമാരയിലെ സാധനങ്ങളല്ലാം വലിച്ചുവാരിയിട്ടു. ഇതിനാകെ എടുത്തത് അരമണിക്കൂർ. ബാക്കി സമയം വീടിനുള്ളിൽ ഭക്ഷണം കഴിക്കൽ, വിശ്രമം, മൊബൈൽ ഗെയിം കളി, തമാശ പങ്കിട്ട് ചിരിക്കൽ...
പൊലീസ് വിശദീകരണം തേടി
പരിശോധനയുടെ മറവിൽ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും ഭാര്യാമാതാവിനെയും 26 മണിക്കൂർ വീട്ടുതടങ്കലിലാക്കിയ ഇഡി നടപടിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
ബിനീഷിന്റെ ഭാര്യാപിതാവ് എസ് ആർ പ്രദീപ് നൽകിയ പരാതിയിലാണ് പൂജപ്പുര പൊലീസ് അന്വേഷണം നടത്തുന്നത്. ഇതിനായി ഇഡി ഉദ്യോഗസ്ഥരിൽനിന്ന് പൊലീസ് വിശദീകരണം ആവശ്യപ്പെട്ടു. പൊലീസനോട് എല്ലാ വിവരവും നൽകാമെന്നു പറഞ്ഞെങ്കിലും കുറച്ച് വിവരം മാത്രമേ ഇ–-മെയിലായി നൽകിയുള്ളൂ. തുടർന്ന് കൂടുതൽ വിവരം ആവശ്യപ്പെട്ട് പൊലീസ് ഇഡിക്ക് മെയിൽ അയച്ചു. എല്ലാ മനുഷ്യാവകാശവും ബാലാവകാശവും ഹനിക്കപ്പെട്ടതോടെയാണ് പൊലീസിൽ പരാതിപ്പെട്ടതെന്ന് എസ് പി പ്രദീപ് പറഞ്ഞു.
No comments:
Post a Comment