Friday, February 21, 2014

ഷാജി ജേക്കബ്ബിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് സര്‍വകലാശാല

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനികളെ അപമാനിച്ച അധ്യാപകന്‍ ഡോ. ഷാജി ജേക്കബിനെതിരെ ക്രിമിനല്‍ക്കേസെടുക്കണമെന്ന് സര്‍വകലാശാല പൊലീസിനോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് സര്‍കലാശാല രജിസ്ട്രാര്‍ ഡോ. പ്രശാന്ത്കുമാര്‍ ഇക്കാര്യം രേഖാമൂലം കാലടി പൊലീസിനോട് ആവശ്യപ്പെട്ടത്. അധ്യാപകനെതിരെ വിദ്യാര്‍ഥികള്‍ എഴുതി നല്‍കിയ പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. പരാതിക്കാര്‍ ആരൊക്കെയാണെന്ന് അറിയിക്കണമെന്നും അവരുമായി സംസാരിക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് കാലടി എസ്ഐ മനോജ്കുമാര്‍ രജിസ്ട്രാര്‍ക്ക് ബുധനാഴ്ച കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജി ജേക്കബിനെതിരെ ലൈംഗിക ചൂഷണത്തിനും പെരുമാറ്റദൂഷ്യത്തിനും കേസെടുക്കണമെന്ന് രജിസ്ട്രാര്‍ മറുപടി കത്തില്‍ ആവശ്യപ്പെട്ടത്.

വിദ്യാര്‍ഥികള്‍ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാതിരിക്കാന്‍ പൊലീസിനു കഴിയില്ലെന്നും വിദ്യാര്‍ഥികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിന്‍ഡിക്കറ്റ് ഷാജി ജേക്കബിനെ സസ്പെന്‍ഡ് ചെയ്തതെന്നും കത്തില്‍ പറഞ്ഞു. ആരോപണത്തെക്കുറിച്ച് സര്‍വകലാശാലയിലെ വനിതാസെല്ലും അന്വേഷിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍വകലാശാല നടപടികളുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കണം. മലയാളംവകുപ്പ് തലവനോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും രജിസ്ട്രാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളെ അപമാനിച്ച അധ്യാപകനെതിരെ പരാതി നല്‍കിയ സിന്‍ഡിക്കറ്റ് അംഗമായ കെഎസ്യു നേതാവിനോട് ഇക്കാര്യത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ഇതിനിടെ, അധ്യാപകനെ രക്ഷിക്കാനായി കോണ്‍ഗ്രസ് നേതാക്കളും മന്ത്രിയും എംപിയും എംഎല്‍എയും വരെ ഇടപെട്ടു.

deshabhimani

No comments:

Post a Comment