Thursday, April 24, 2014

വാഹന നികുതിവര്‍ധന: തൊഴിലാളികള്‍ വഴിയാധാരം

വാഹന നികുതി ഒറ്റയടിക്ക് നാലിരട്ടിയിലേറെ വര്‍ധിപ്പിച്ചും പഴയ വാഹനങ്ങള്‍ക്കടക്കം അഞ്ചു വര്‍ഷത്തെ നികുതി ഒന്നിച്ചടയ്ക്കണമെന്ന് ഉത്തരവിറക്കിയും മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന തീവെട്ടിക്കൊള്ളയ്ക്കെതിരെ തൊഴിലാളികള്‍ വെള്ളിയാഴ്ച സെക്രട്ടറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. നികുതിവര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഓട്ടോ-ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കിയ മോട്ടോര്‍ വാഹനങ്ങളുടെ നികുതിവര്‍ധന ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്. ഇന്നോവ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നിലവിലുള്ള 1040 രൂപയില്‍ നിന്ന് നികുതി 12,000 രൂപയാക്കി. ഏഴില്‍ കൂടുതല്‍ പുഷ്ബാക്ക് സീറ്റുള്ള വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് 310 രൂപയില്‍നിന്ന് 1,000 രൂപയായും പുഷ്ബാക്ക് സീറ്റ് ഒന്നാണെങ്കിലും പൂര്‍ണമായും പുഷ്ബാക്ക് സീറ്റായി കണക്കാക്കി നികുതി നല്‍കണം. സാധാരണ ടാക്സിക്ക് വാര്‍ഷിക നികുതിയായ 1,040 രൂപ 8,500 രൂപയാക്കി. ഒന്നര ടണ്‍ ചരക്ക് വാഹനത്തിന് 880 രൂപയ്ക്ക് പകരം 8400 രൂപയും രണ്ട് ടണ്‍ പിക്കപ്പ് വാഹനത്തിന് 11,000 രൂപയും അധികം നല്‍കണം. മൂന്ന് ടണ്‍ പിക്കപ്പിന് 1,700 രൂപയ്ക്ക് പകരം 14,000 രൂപ അടയ്ക്കണം. 20 സീറ്റില്‍ കൂടുതലുള്ള ബസുകള്‍ 3 മാസത്തേക്കുള്ള ടാക്സ് സീറ്റൊന്നിന് 530 രൂപയില്‍ നിന്ന് 1000 രൂപയായി. പുഷ്ബാക്ക് സീറ്റുള്ള ടൂറിസ്റ്റ് ബസുകള്‍ക്ക് സീറ്റൊന്നിന് 750 രൂപയ്ക്കു പകരം 2000 രൂപയാക്കി. ഇരുചക്രവാഹനങ്ങളുടെ നികുതിയും വന്‍തോതില്‍ വര്‍ധിപ്പിച്ച് അഞ്ചു വര്‍ഷത്തേത് ഒരുമിച്ച് അടയ്ക്കണം എന്ന് നിര്‍ബന്ധമാക്കിയത് 77 ശതമാനം കേരളീയ കുടുംബങ്ങളെ ബാധിക്കും.

വര്‍ധിപ്പിച്ച എല്ലാ നികുതികളും അഞ്ചു വര്‍ഷത്തേക്ക് മുന്‍കൂട്ടി ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മോട്ടോര്‍ വാഹന മേഖലയില്‍ സ്ഫോടനാത്മക സ്ഥിതിയാണ് സൃഷ്ടിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധൂര്‍ത്തുകൊണ്ട് കാലിയായ ഖജനാവ് നികത്താന്‍ ഇരുചക്രവാഹന ഉടമകളെപ്പോലും സര്‍ക്കാര്‍ ഞെക്കിപ്പിഴിയുകയാണ്. അഞ്ചുവര്‍ഷംകൊണ്ട് ഖജനാവിലേക്ക് വരേണ്ട തുക ഒറ്റയടിക്ക് പിരിച്ചെടുക്കാനുള്ള തീരുമാനം ജനങ്ങളെ വേട്ടയാടലാണ്. സര്‍ക്കാരിന്റെ ഈ തീരുമാനം മൂലം ഈ മേഖലയില്‍ ഉപജീവനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് തൊഴിലാളികളും വഴിയാധാരമാവുന്നു. അതുകൊണ്ടുകൂടിയാണ് തൊഴിലാളികള്‍ ഒന്നടങ്കം പ്രക്ഷോഭരംഗത്തേക്ക് അണിനിരക്കുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന ഒഴിവാക്കുക, വാഹന തൊഴിലാളി ക്ഷേമനിധി ഫണ്ട് ദുരുപയോഗംചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും മാര്‍ച്ചില്‍ ഉന്നയിക്കും. ഉത്തരവ് പിന്‍വലിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബി സത്യന്‍ എംഎല്‍എ, കെ ജയമോഹനന്‍, കോട്ടയ്ക്കകം ശിവന്‍, പി എസ് ജയചന്ദ്രന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment