എംജി റോഡ്, ബ്രോഡ്വേ, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലെ മൊത്ത, ചില്ലറ വ്യാപാരങ്ങള്‍ പ്രതിസന്ധിയിലാണ്. മധ്യവര്‍ഗത്തെ ആശ്രയിച്ചായിരുന്നു ഇവിടുത്തെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. നോര്‍ത്ത് പാലത്തിലൂടെ ഓട്ടോയും ബൈക്കും കടത്തിവിടാതായതോടെ ചെറുവാഹനങ്ങളുടെ വരവ് കുറഞ്ഞു. തുണിത്തരങ്ങളുടെയും തുകല്‍, പ്ലാസ്റ്റിക്, കയര്‍ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയെ സാരമായി ബാധിച്ചു. മുംബൈ, ചെന്നൈ, തിരുപ്പുര്‍ എന്നിവ കഴിഞ്ഞാല്‍ എറണാകുളത്തെയായിരുന്നു വ്യാപാരികള്‍ ആശ്രയിച്ചിരുന്നത്. മാറിയ സാഹചര്യത്തില്‍ വ്യാപാരികളുടെ വരവു കുറഞ്ഞു. വ്യാപാരം തൃശൂര്‍, കോഴിക്കോട്, കൊല്ലം നഗരങ്ങളിലേക്കു മാറി. ഇടപ്പള്ളി-വൈറ്റില ബൈപാസ് കേന്ദ്രീകരിച്ച് വന്‍കിട ബ്രാന്‍ഡഡ് സ്ഥാപനങ്ങള്‍ ഷോറൂമുകളും മാളുകളും തുടങ്ങിയതോടെ എംജി റോഡ്, ബ്രോഡ്വേ, മാര്‍ക്കറ്റ് റോഡ് എന്നിവയിലെ മൊത്തവ്യാപാരസ്ഥാപനങ്ങളുടെ നിലനില്‍പ്പ് കൂടുതല്‍ പ്രതിസന്ധിയിലായി. ബൈപാസിലെ കുത്തകകളുടെ സ്ഥാപനങ്ങളിലേക്ക് വ്യാപാരമേഖലയെ മാറ്റുന്നതില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് വ്യാപാരികള്‍ ആരോപിച്ചു. ഓണം, വിഷു, ക്രിസ്മസ് സീസണുകളില്‍പ്പോലും വ്യാപാരം നേര്‍പകുതിയായി. തുണിവ്യാപാരത്തില്‍ 40 ശതമാനത്തിന്റെ മാന്ദ്യമുണ്ടായി. മാര്‍ക്കറ്റ് റോഡിലാണ് ഇത്തരം സ്ഥാപനങ്ങള്‍ ഏറെയും. അടച്ചുപൂട്ടാമെന്നുവച്ചാല് തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍പോലും പണമില്ല.
ബാങ്കുകള്‍ നേരത്തെ അഞ്ചുലക്ഷം രൂപവരെ വ്യാപാരികള്‍ക്ക് വായ്പ അനുവദിച്ചിരുന്നതും നിര്‍ത്തി. ബില്ലുള്ള സാധനങ്ങള്‍ക്കും അണ്ടര്വാല്യുവേഷന്റെ പേരില്‍ റെയ്ഡ് നടത്തി വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ പീഡനം മറ്റൊരുവശത്ത്. രജിസ്റ്റര്‍ചെയ്ത സ്ഥാപനങ്ങളും പരിശോധിച്ച് പിഴ ഈടാക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ ടാര്‍ജറ്റ് നികത്താനായി വ്യാപാരികളെ പരിശോധനയുടെ പേരില്‍ പിഴിയുന്നതും വ്യാപകമായി. നികുതിവരുമാനത്തിന്റെ പകുതിയിലധികം നല്‍കിയിട്ടും എറണാകുളത്തെ വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാരോ കോര്‍പറേഷനോ തയ്യാറായിട്ടില്ല. എംഎല്‍എയും കേന്ദ്രമന്ത്രിയും ഇടപെടുന്നില്ല. ബ്രോഡ്വേയിലെ റോഡുകള്‍ പലതും തകര്‍ന്നു. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടില്ല. പല കെട്ടിടങ്ങള്‍ക്കും മാസവാടക വര്‍ധിപ്പിച്ചതും വ്യാപാരികള്‍ക്ക് തിരിച്ചടിയായി. നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ഷട്ടില്‍ സര്‍വീസ് നടത്താനുള്ള ചെലവ് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് വഹിക്കാമെന്ന് സര്‍ക്കാരിനും ജില്ലാ ഭരണകേന്ദ്രത്തിനും പദ്ധതി തയ്യാറാക്കി നല്‍കിയിട്ടും ആ വഴിക്കും നീക്കമൊന്നും ഉണ്ടായില്ല.
deshabhimani
No comments:
Post a Comment