Sunday, May 4, 2014

ടയര്‍കമ്പനികള്‍ കൊയ്തത് കോടികള്‍

കോട്ടയം: കഴിഞ്ഞ പത്തു മാസത്തെ റബര്‍ ഇറക്കുമതി മൂലം ടയര്‍ വ്യവസായികള്‍ അധികലാഭം നേടിയത് ആയിരക്കണക്കിന് കോടി രൂപ. ഏതാണ്ട് 3.5 ലക്ഷം ടണ്‍ റബറാണ് ടയര്‍ വ്യവസായികള്‍ ഇക്കാലയളവില്‍ ഇറക്കുമതി ചെയ്തതെന്നാണ് കണക്ക്. ഒരുകിലോയ്ക്ക് 10 മുതല്‍ 30 രൂപയിലേറെ ഇറക്കുമതിയിലൂടെ വ്യവസായികള്‍ക്ക് ലഭിച്ചു. ഇതുവഴി മാത്രം ടയര്‍ കമ്പനികള്‍ നേടിയത് 700 കോടി രൂപ. ഇറക്കുമതി തുടരുന്നതിനാല്‍ കര്‍ഷകര്‍ക്ക് നഷ്ടപ്പെടുന്നത് കോടികളാണ്. കൂടുതല്‍ ഇറക്കുമതി നടന്ന കാലത്ത് ടയര്‍ വില 300 മുതല്‍ 500 രൂപവരെ കൂടി. അതിലൂടെയും കോടികളാണ് വ്യവസായികള്‍ നേടിയത്. അഡ്വാന്‍സ് ലൈസന്‍സ് ഉപയോഗിച്ച് ഇറക്കുമതി ചെയ്തവരുടെ ലാഭം ഇതിലും ഇരട്ടിയാണ്. ഇക്കാലയളവില്‍ മാത്രം മൂവായിരം കോടിരൂപ ടയര്‍ കമ്പനികള്‍ അധികലാഭം നേടിയതായാണ് കണക്ക്.

2013 ഫെബ്രവരി 26 മുതല്‍ ഡിസംബര്‍ 21 വരെ ഇറക്കുമതികുത്തിയൊഴുകി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ റബര്‍ ഇക്കുമതി ചെയ്തതും ഇക്കാലയളവിലാണ്. ഇറക്കുമതി റബറിന്റെ 30 ശതമാനം വിഹിതവും എംആര്‍എഫിനായിരുന്നു. ശേഷിക്കുന്നത് സിയാറ്റ്, അപ്പോളോ, ജെകെ, ബ്രിക്സ്റ്റോണ്‍, ബിര്‍ള തുടങ്ങിയ ടയര്‍ കമ്പനികള്‍ക്കും. തീരുവ വര്‍ധിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കാന്‍ ബോധപൂര്‍വമായ കാലതാമസം ഉണ്ടാക്കിതും ടയര്‍ വ്യവസായികള്‍ക്ക് ലാഭം കൊയ്യാനിടയാക്കി. വ്യവസായികള്‍ക്ക് അമിത ലാഭമുണ്ടായപ്പോള്‍ നികുതിയിനത്തില്‍ സര്‍ക്കാരിന് 800 കോടിയുടെ നഷ്ടമുണ്ടായതായും കണക്കാക്കപ്പെടുന്നു. ഇറക്കുമതിയുടെ ഈ കാലയളവില്‍ മാത്രം കിലോ റബറിന്റെ വില നൂറ് രൂപ ഇടിഞ്ഞു. അതേസമയത്താണ്് എംആര്‍എഫ് അടക്കമുള്ള ടയര്‍ കമ്പനികള്‍ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ നേട്ടവുമുണ്ടായത്. കര്‍ഷകരുടെ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ടയര്‍ ലോബിയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇത് നടപ്പാക്കിയില്ല. ഇത് ഇറക്കുമതി തുടരാനും ആഭ്യന്തരവിപണി വില കുത്തനെ ഇടയാനും ഇടയാക്കി. 243 രൂപയില്‍ നിന്ന് 137ലേക്ക് വില താഴ്ന്നു. രാജ്യത്തെ റബര്‍ ഉല്‍പ്പാദനത്തില്‍ 90 ശതമാനവും കേരളത്തിലാണ്. 12 ലക്ഷത്തോളം റബര്‍ കര്‍ഷകരുമുണ്ട്. മോശം കാലാവസ്ഥയുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ ഉല്‍പ്പാദനത്തില്‍ 1,00,000 ടണ്ണിന്റെ കുറവ് വന്നിട്ടുണ്ടെന്നാണ് റബര്‍ ബോര്‍ഡ് വിലയിരുത്തല്‍. ടാപ്പിങ് ദിനങ്ങളുടെ എണ്ണം കുറഞ്ഞതാണ് പ്രധാന കാരണം.

ടി പി മോഹന്‍ദാസ് deshabhimani

No comments:

Post a Comment