Tuesday, May 6, 2014

കള്ളുചെത്ത് മേഖലയില്‍ വന്‍പ്രതിസന്ധി

കണ്ണൂര്‍: മദ്യവ്യവസായ മേഖലയിലെ സര്‍ക്കാരിന്റെ തലതിരിഞ്ഞ നയം വഴിയാധാരമാക്കിയത് സംസ്ഥാനത്തെ പതിനായിരക്കണക്കിന് കള്ളുചെത്ത് തൊഴിലാളികളെ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരിഷ്കാരങ്ങള്‍ അട്ടിമറിച്ചും ഉദയഭാനു കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതെയുമാണ് കള്ളുചെത്തു വ്യവസായത്തെ തകര്‍ക്കുന്നത്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് വ്യാജമദ്യവില്‍പനയും അഴിമതിയും കൊഴുക്കുന്നു. തൊഴില്‍ സുരക്ഷിതത്വം ഇല്ലാതായതോടെ ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയില്‍നിന്ന് കുടിയിറങ്ങുന്നത് 1967 ല്‍ ഇ എം എസ് സര്‍ക്കാരാണ് വീര്യം കൂടിയ മദ്യത്തിന്റെയും വ്യാജമദ്യത്തിന്റേയും വില്‍പ്പന തടയാന്‍ കള്ളുഷാപ്പുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചത്.

ഇതോടെ ലക്ഷങ്ങള്‍ക്ക് തൊഴില്‍ നല്‍കാനായി. നിരവധിപേര്‍ക്ക് അനുബന്ധജോലിയും ലഭിച്ചു. ക്ഷേമനിധിയടക്കമുള്ള പദ്ധതികളും നടപ്പാക്കി. തൊഴില്‍ സുരക്ഷിതത്വം ഒരുക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഉല്‍പ്പന്നം ലഭ്യമാക്കുന്നതിനായി ഉദയഭാനു കമീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് 2001ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സഹകരണസൊസൈറ്റി സംവിധാനം അട്ടിമറിച്ചതോടെയാണ് ഈ രംഗത്തെ തകര്‍ച്ചയ്ക്ക് ആക്കം കൂടിയത്. രാഷ്ട്രീയ ലക്ഷ്യത്തോടെ മേഖല തകര്‍ക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി. ദൂരപരിധിയുടേയും മറ്റും പേരില്‍ ആയിരക്കണക്കിന് കള്ളുഷാപ്പുകളാണ് അടച്ചുപൂട്ടിയത്. 2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ വീണ്ടും തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സഹകരണസംഘങ്ങള്‍ കള്ളുഷാപ്പുകള്‍ നടത്താനാരംഭിച്ചു.

ഇത് വ്യവസായത്തിന്റെ കുതിപ്പിന് ഊര്‍ജമായി. നടത്തിപ്പില്‍നിന്നു ലഭിക്കുന്ന മിച്ചമുപയോഗിച്ച് സൊസൈറ്റികള്‍ തൊഴില്‍ സംരംഭങ്ങളിലും ഏര്‍പ്പെട്ടു. നിരവധി തൊഴിലവസരങ്ങളും സൃഷ്ടിച്ചു. സഹകരണ സംഘത്തില്‍നിന്ന് തൊഴിലാളികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പയും ലഭ്യമാക്കി. എന്നാല്‍ വീണ്ടും ഭരണത്തിലെത്തിയ യുഡിഎഫ്, വ്യവസായ നടത്തിപ്പില്‍നിന്ന് സംഘങ്ങളെ ഒഴിവാക്കി വന്‍തുക കോഴവാങ്ങി സ്വകാര്യകരാറുകാരെ കൊണ്ടുവന്നു. ലൈസന്‍സ് നല്‍കുന്നതിനും നടത്തിപ്പിനുമായി കോടികളുടെ അഴിമതിയാണ് നടക്കുന്നത്.

തൊഴിലാളികളുടെ ക്ഷേമനിധിയില്‍ കോടികളാണ് യുഡിഎഫ് സര്‍ക്കാര്‍ വായ്പയെടുത്തും മറ്റുമായി ഉപയോഗിക്കുന്നത്. എന്നാല്‍ നാശോന്മുഖമായ പരമ്പരാഗത തൊഴില്‍ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. ക്ഷേമനിധി പ്രവര്‍ത്തനത്തിലും അനാസ്ഥയാണ്. മറ്റ് തൊഴിലിനേക്കാള്‍ കുറഞ്ഞ കൂലി കൂടിയായതോടെ തൊഴിലാളികള്‍ ഈ മേഖലയില്‍ നിന്ന് പിന്‍വാങ്ങുകയാണ്.

കെ സി രമേശന്‍ deshabhimani

No comments:

Post a Comment