Wednesday, February 5, 2014

പണം തരില്ലെങ്കില്‍ പ്രഖ്യാപനം പരസ്യമായി പിന്‍വലിക്കണമെന്ന് ജസീറ

വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വസതിക്കുമുന്നില്‍ ജസീറ നടത്തുന്ന കുത്തിയിരുപ്പുസമരം രണ്ടുദിവസം പിന്നിട്ടു. മണല്‍മാഫിയക്കെതിരെ സമരംചെയ്തിന് പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ തനിക്കുതന്നെ നല്‍കാന്‍ കഴിയില്ലെങ്കില്‍ പ്രഖ്യാപനം പരസ്യമായി പിന്‍വലിക്കാന്‍ ചിറ്റിലപ്പിള്ളി തയ്യാറാകണമെന്ന ആവശ്യം ജസീറ ആവര്‍ത്തിച്ചു. തുക പിന്‍വലിച്ച ചിറ്റിലപ്പിള്ളി പ്രതിഷേധം ഭയന്നാണ് മക്കളുടെ പേരില്‍ നല്‍കാമെന്ന് പറയുന്നത്. അതിനു ചിറ്റിലപ്പിള്ളിക്ക് അവകാശമില്ല. തനിക്കാണ് പണം നല്‍കേണ്ടത്. തനിക്കു പിന്തുണ നല്‍കുന്നത് പച്ച മനുഷ്യരാണ്. ആരുടെയും പിന്തുണ തേടി പോയിട്ടില്ല. ജസീറയുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്നും ഇത് സ്പോണ്‍സര്‍ ചെയ്യുന്നതാരാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വാര്‍ത്താസമ്മേളനം നടത്തി ഉന്നയിച്ച ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

പിന്തുണയ്ക്കുന്നവരുടെ ജാതിയും മതവും രാഷ്ട്രീയവും തിരക്കാറില്ല. ആര് പിന്തുണ തന്നാലും സ്വീകരിക്കും. മുടന്തന്‍ ന്യായങ്ങളാണ് ചിറ്റിലപ്പിള്ളി പറയുന്നത്. പണം തരില്ലെങ്കില്‍ അത് പരസ്യമായി പ്രഖ്യാപിക്കാനുള്ള ധൈര്യം ചിറ്റിലപ്പിള്ളി കാണിക്കണമെന്നും അവര്‍ പറഞ്ഞു. ജസീറയ്ക്കു പിന്തുണയുമായി നിരവധിപേര്‍ ചിറ്റിലപ്പിള്ളിയുടെ വീടിനുമുന്നിലെ സമരപ്പന്തലിലെത്തി. ആഹാരവും മറ്റു സഹായങ്ങളുമായി നിരവധിപേര്‍ എത്തുന്നുണ്ട്. കളമശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്ച്ചേഴ്സ് ലിമിറ്റഡ് എംഡി എന്‍ എ മുഹമ്മദ്കുട്ടി സമരവേദിയിലെത്തി ജസീറയ്ക്ക് ഒരുലക്ഷം രൂപ കൈമാറി. മണല്‍മാഫിയക്കെതിരെ ഡല്‍ഹിയിലും തിരുവനന്തപുരത്തും സമരം നടത്തിയതിനുള്ള അംഗീകാരമാണ് പാരിതോഷികമെന്നും മുഹമ്മദ്കുട്ടി പറഞ്ഞു. പ്രഖ്യാപിച്ച പാരിതോഷികം നല്‍കി സമരം അവസാനിപ്പിക്കാന്‍ ചിറ്റിലപ്പിള്ളി തയ്യാറാകണമെന്നും അതിനായി സംസാരിക്കാന്‍ തയ്യാറാണെന്നും മുഹമ്മദ്കുട്ടി പറഞ്ഞു.

deshabhimani

No comments:

Post a Comment