Tuesday, February 4, 2014

ചിറ്റിലപ്പിള്ളിയുടെ വീടിനു മുന്നില്‍ ജസീറ കുത്തിയിരിപ്പ് തുടങ്ങി

മണല്‍ മാഫിയക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്ത കണ്ണൂര്‍ സ്വദേശിനി ജസീറ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ കൊച്ചിയിലെ വീടിനുമുന്നില്‍ കുത്തിയിരിപ്പുസമരം തുടങ്ങി. ഡല്‍ഹിയില്‍ സമരംചെയ്ത തനിക്ക് ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ച അഞ്ചുലക്ഷംരൂപ തന്നെ ഏല്‍പ്പിക്കാന്‍ കഴിയില്ലെങ്കില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ജസീറ കുത്തിയിരിപ്പുസമരം തുടങ്ങിയത്. തന്നെ ഉപയോഗിച്ച് കൈയടി നേടാനാണ് ചിറ്റിലപ്പിള്ളി ശ്രമിച്ചതെന്ന് ജസീറ മാധ്യമങ്ങളോട് പറഞ്ഞു. പണം ഇരന്ന് ആരുടെയും മുന്നില്‍ കൈ നീട്ടിയിട്ടില്ല. സമരത്തിനു നല്‍കിയ സമ്മാനമായിരുന്നു അത്. മക്കള്‍ക്കല്ല തന്റെ കൈയിലാണ് പണം നല്‍കേണ്ടത്. അതിനു കഴിയില്ലെങ്കില്‍ തുക പിന്‍വലിക്കുന്നതായി മാധ്യമങ്ങള്‍ക്കു മുമ്പാകെ ചിറ്റിലപ്പിള്ളി പരസ്യമായി പ്രഖ്യാപിക്കണമെന്നും ജസീറ ആവശ്യപ്പെട്ടു. മൂന്നു മക്കള്‍ക്കൊപ്പം പകല്‍ മൂന്നരയോടെ എത്തിയ ജസീറ ചിറ്റിലപ്പിള്ളിയുടെ വൈറ്റിലയ്ക്കടുത്തെ ചക്കരപ്പറമ്പിലെ വീടിനുമുന്നിലെത്തിയാണ് സമരം തുടങ്ങിയത്. എന്നാല്‍, ജസീറ വീട്ടിലെത്തുന്നതിന് 10 മിനിറ്റ്മുമ്പ് ചിറ്റിലപ്പിള്ളി പുറത്തുപോയി.

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എല്‍ഡിഎഫിന്റെ ക്ലിഫ്ഹൗസ് ഉപരോധത്തെ അപഹസിച്ച സന്ധ്യയെന്ന യുവതിക്ക് അഞ്ചുലക്ഷം നല്‍കുമെന്ന ചിറ്റിലപ്പിള്ളിയുടെ പ്രഖ്യാപനം വിവാദമായിരുന്നു. തുടര്‍ന്നാണ് മണല്‍ മാഫിയക്കെതിരെ സെക്രട്ടറിയറ്റിനു മുന്നിലും ഡല്‍ഹിയിലുമുള്‍പ്പടെ തെരുവില്‍ സമരംചെയ്ത ജസീറയ്ക്കും ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യക്കൊപ്പം വേദി പങ്കിട്ട് സമ്മാനം സ്വീകരിക്കില്ലെന്ന് ജസീറ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പ്രഖ്യാപിച്ച തുക ചിറ്റിലപ്പിള്ളി ആദ്യം പിന്‍വലിച്ചു. പിന്നീട് മക്കളുടെ പേരില്‍ അക്കൗണ്ടിലിടുമെന്ന് പ്രഖ്യാപിച്ചു. മക്കള്‍ക്ക് പണം കൊടുക്കാന്‍ തനിക്ക് അറിയാമെന്നും അതിന് ചിറ്റിലപ്പിള്ളിയുടെ സഹായം വേണ്ടെന്നും ജസീറ വ്യക്തമാക്കിയിരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പലരും പണമുള്‍പ്പെടെയുള്ള ഉപഹാരങ്ങള്‍ പ്രഖ്യാപിച്ചത് മാധ്യമങ്ങള്‍ വഴി അറിഞ്ഞിരുന്നു. അവര്‍ തന്നെ ഉപയോഗിച്ച് പ്രശസ്തി നേടാനല്ല ശ്രമിച്ചത്.ഡല്‍ഹിയില്‍ സമരം നടക്കുന്നതിനാല്‍ സന്ധ്യക്കൊപ്പം ഉപഹാരം സ്വീകരിക്കില്ലെന്നു പ്രഖ്യാപിച്ചശേഷം താന്‍ പലവട്ടം ചിറ്റിലപ്പിള്ളിയുമായി ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ലെന്നും ജസീറ പറഞ്ഞു.

deshabhimani

No comments:

Post a Comment