Thursday, February 27, 2014

വീണ്ടും മുങ്ങിക്കപ്പല്‍ തീപിടിത്തം നാവികസേനാ മേധാവി രാജിവച്ചു

മുംബൈ: പതിനെട്ടു നാവികസേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ഐഎന്‍എസ് സിന്ധുരക്ഷക് മുങ്ങിക്കപ്പല്‍ ദുരന്തത്തിന് ആറുമാസം പിന്നിടുമ്പോള്‍ നാവികസേനയുടെ മറ്റൊരു അന്തര്‍വാഹിനിയില്‍ തീപിടിത്തം. ബുധനാഴ്ച മുംബൈ തീരത്ത് ഐഎന്‍എസ് സിന്ധുരത്ന മുങ്ങിക്കപ്പലിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. രണ്ടുപേരെ കാണാതായി. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നാവികസേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷി രാജിവെച്ചു.

കാണാതായവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. സംഭവത്തില്‍ നാവികസേന അന്വേഷണം തുടങ്ങി. നാവികസേനയുടെ തന്ത്രപ്രധാനകേന്ദ്രത്തില്‍ ദുരന്തം ആവര്‍ത്തിച്ചത് പ്രതിരോധസേനയിലാകെ ആശങ്ക പടര്‍ന്നിട്ടുണ്ട്. ഡിസംബറില്‍ കൈമാറിയ റഷ്യന്‍ നിര്‍മിത അന്തര്‍വാഹിനി സേനയുടെ ഭാഗമാക്കുന്നതിന് മുമ്പുള്ള പരീക്ഷണത്തിനിടെയാണ് തീപിടിത്തം. എഴുപതോളം ഉദ്യോഗസ്ഥര്‍ കപ്പലിലുണ്ടായിരുന്നു. ആയുധങ്ങളോ വെടിക്കോപ്പുകളോ സൂക്ഷിക്കാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ബാറ്ററി കംപാര്‍ട്ടുമെന്റില്‍ നിന്നുള്ള ചോര്‍ച്ചയാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

പത്തുമാസത്തിനിടെ ഏഴാം തവണയാണ് നാവികസേനയുടെ കപ്പല്‍ ദുരന്തം. കഴിഞ്ഞ ആഗസ്തിലാണ് മുംബൈ തീരത്തുതന്നെ ഐഎന്‍എസ് സിന്ധുരക്ഷക് തീപിടിച്ച് പൊട്ടിത്തെറിച്ച് 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. നാവികസേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ദുരന്തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മേധാവി രാജിവയ്ക്കുന്നത്. വൈസ് അഡ്മിറല്‍ റോബിന്‍ ദൊവാന് ചുമതല കൈമാറിയിട്ടുണ്ട്. സര്‍വീസില്‍ 15 മാസം ശേഷിക്കെയാണ് ജോഷി സ്ഥാനമൊഴിയുന്നത്. 1971ലെ യുദ്ധകാലത്ത് പാക്കിസ്ഥാന്‍ ഇന്ത്യന്‍ യുദ്ധകപ്പല്‍ തകര്‍ത്ത ശേഷം നാവികസേന അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു ആഗസ്തില്‍ സിന്ധുരക്ഷകിലേത്.

വെള്ളത്തിനടിയില്‍ ഏതോ വസ്തുവുമായി കൂട്ടിയിടിച്ച് ഐഎന്‍എസ് ബേത്വയ്ക്ക് പിന്നീട് കേടുപാടു സംഭവിച്ചു. വിമാനവാഹിനിയായ ഐഎന്‍എസ് വിരാടിനും തീപിടിച്ചു. ഐഎന്‍എസ് തല്‍വാറും ഒരു മല്‍സ്യബന്ധന ബോട്ടും കൂട്ടിയിടിച്ചു. പ്രൊപ്പലറിന് കേടു സംഭവിച്ചതിനെ തുടര്‍ന്ന് ഐഎന്‍എസ് ഐരാവതിന് അറ്റകുറ്റപ്പണി വേണ്ടിവന്നു.

ദുരന്തങ്ങളില്‍ മുങ്ങി നാവികസേന

ന്യൂഡല്‍ഹി: അപ്രതീക്ഷത ദുരന്തങ്ങളില്‍പ്പെട്ട് കിതയ്ക്കുകയാണ് ഇന്ത്യന്‍ നാവികസേന. ഏഴ് മാസത്തിനിടെ ഒമ്പത് അപകടങ്ങള്‍. ഇതില്‍ മൂന്നെണ്ണം മുങ്ങിക്കപ്പല്‍ ദുരന്തം. ആവര്‍ത്തിക്കുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ നാവികസേനാ മേധാവി രാജിവച്ചെങ്കിലും ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്ന നാവികസേനയുടെ അഭിമാനമാണ് ഇല്ലാതാകുന്നത്. ദുരന്തങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതല സമിതികളെ നിയോഗിച്ചെങ്കിലും ഇവ നല്‍കുന്ന ശുപാര്‍ശകള്‍ നടപ്പാക്കുന്നില്ലെന്നതാണ് ലഭ്യമാകുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന. പ്രതിരോധ മന്ത്രാലയത്തിന്റെ വീഴ്ചയും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു.

ലോകത്തെ ഏത് സൈന്യത്തോടും കിടപിടിക്കുന്നതെന്ന് അഭിമാനിച്ച ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തില്‍ കോഴ വ്യാപകമായതോടെയാണ് ദുരന്തങ്ങളുടെ വ്യാപ്തി വര്‍ധിച്ചത്. രാജ്യത്തിന്റെ അഭിമാനമായ ഐഎന്‍എസ് സിന്ധുരക്ഷക് എന്ന മുങ്ങിക്കപ്പല്‍ പൊട്ടിത്തെറിച്ച് മുങ്ങി 18 ഉദ്യോഗസ്ഥരാണ് മരിച്ചത്. ഇതിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ, മുംബൈ തീരത്ത് വീണ്ടും ഐഎന്‍എസ് സിന്ധുരത്ന അപകടത്തില്‍പ്പെട്ടു. വിദേശത്തുനിന്ന് കൊണ്ടുവന്ന പടക്കപ്പലുകളായിരുന്നു ഇവ രണ്ടും. ഐഎന്‍എസ് സിന്ധുരക്ഷക് ദുരന്തത്തിന് തൊട്ടുപിന്നാലെയാണ് ഐഎന്‍എസ് ബേത്വ അപകടത്തില്‍പ്പെട്ടത്. സമുദ്രാടിത്തട്ടിലുള്ള എന്തോ വസ്തുവില്‍ തട്ടിയായിരുന്നു ഈ അപകടം. തുടര്‍ന്ന് ഐഎന്‍എസ് സിന്ധുഘോഷും അപകടത്തിനിരയായി. ഇന്ത്യയുടെ പ്രമുഖ മൈന്‍സ്വീപ്പറായ ഐഎന്‍എസ് കൊങ്കണും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അപകടത്തിനിരയായി. വിശാഖപട്ടണത്തെ നാവികസേനാ ഡോക്ക്യാര്‍ഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തീപിടിത്തമുണ്ടായി.

deshabhimani

No comments:

Post a Comment