Saturday, May 3, 2014

പി എം മനോജിന് സൈബര്‍ കമ്യൂണ്‍ മാധ്യമ അവാര്‍ഡ്

നവമാധ്യമരംഗത്തെ കൂട്ടായ്മയായ സൈബര്‍ കമ്യൂണ്‍ ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ അവാര്‍ഡ്് ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജിന്. 25,000 രൂപയും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം 12ന് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ് നിര്‍ണയ സമിതി അംഗം ഭാസുരേന്ദ്രബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ അഴിമതി പുറത്തുകൊണ്ടുവന്ന കൈരളി ടി വി മലബാര്‍ റീജണല്‍ ചീഫ് പി വി കുട്ടന് മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍ക്കുള്ള പ്രത്യേക പുരസ്കാരം നല്‍കും. 11,111 രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.

ഡോ. ബി ഇക്ബാല്‍, ഭാസുരേന്ദ്രബാബു, എം സ്വരാജ് എന്നിവരാണ് പുരസ്കാരനിര്‍ണയ സമിതി അംഗങ്ങള്‍. സൈബര്‍രംഗത്ത് ഇടപെടുന്ന കൂട്ടായ്മയിലെ അംഗങ്ങള്‍ക്കിടയില്‍ പ്രാഥമിക വോട്ടെടുപ്പ് നടത്തി തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍നിന്നാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

കേരളത്തെ പിന്തിരിപ്പന്‍ ആശയങ്ങളിലേക്ക് തിരിച്ചു നടത്താനുള്ള ശ്രമങ്ങളെ ചെറുത്തുനില്‍ക്കുന്നതിനും ഇടതുപക്ഷത്തിനെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനും അച്ചടി, ദൃശ്യ, നവമാധ്യമങ്ങളില്‍ നടത്തുന്ന ജാഗ്രതയോടുള്ള ഇടപെടലുകളാണ് പി എം മനോജിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. കാല്‍നൂറ്റാണ്ടായി മാധ്യമരംഗത്ത് ഇടതുപക്ഷമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പി എം മനോജിന് കഴിഞ്ഞെന്നും അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ മനോജ് പഴയനിരത്തിലെ പരേതനായ മമ്മാലി ബാലന്റെയും എം പി രോഹിണിയുടെയും മകനാണ്. ദേശാഭിമാനി ഹെഡ് ഓഫീസില്‍ അസി. മാനേജര്‍ ആര്‍ ശ്രീലതയാണ് ഭാര്യ. മക്കള്‍: അമല്‍ (ബംഗളൂരു ഓക്സ്ഫോര്‍ഡ് കോളേജ് ഓഫ് മാനേജ്മെന്റ്), ദേവി (ലോ അക്കാദമി, തിരുവനന്തപുരം).

ഒമ്പതുവര്‍ഷമായി കൈരളിയില്‍ ജോലിചെയ്യുന്ന പി വി കുട്ടന്‍ കണ്ണൂര്‍ കുറ്റൂര്‍ സ്വദേശിയാണ്. ഭാര്യ നിമിഷ. മകള്‍: നേത്ര. പ്രൊഫ. സി പി അബൂബക്കര്‍, സൈബര്‍ കമ്യൂണ്‍ സെക്രട്ടറി മനോജ് എ കെ, കണ്‍വീനര്‍ പ്രമോദ് കൊല്ലം, രശ്മി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment