Saturday, May 10, 2014

പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് ഉദിനൂരില്‍ ഉജ്വല തുടക്കം

ഉദിനൂര്‍ (കാസര്‍കോട്): കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 51-ാം സംസ്ഥാന സമ്മേളനത്തിന് ഉദിനൂരില്‍ പ്രൗഢോജ്വല തുടക്കം. മൂന്നുദിവസം നീളുന്ന സമ്മേളനം വെള്ളിയാഴ്ച രാവിലെ ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി നേതാവ് ഡോ. ഹമീദ് ധാബോല്‍ക്കര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എന്‍ കെ ശശിധരന്‍ അധ്യക്ഷനായി. പരിഷത്ത് പ്രവര്‍ത്തകരും കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച സ്വാഗത സംഗീതശില്‍പത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതി ജനറല്‍ സെക്രട്ടറി ആശാമിത്ര സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിനുശേഷം പ്രതിനിധി സമ്മേളനം ആരംഭിച്ചു. ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവു- ചെലവ് കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചയും ക്രോഡീകരണവും നടന്നു. വൈകിട്ട് ശാസ്ത്രജാഥയും പരിഷത്ത് പരിശീലിപ്പിച്ച വിദ്യാര്‍ഥിനികളുടെ തൈക്കോണ്‍ഡോ പ്രദര്‍ശനവുമുണ്ടായി. "കേരള വികസന പരിപ്രേക്ഷ്യവും പുതിയ പരിഷത്തും" എന്ന സംഘടനാരേഖയും സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഇതിന്മേല്‍ ചര്‍ച്ചയും നടന്നു. ശനിയാഴ്ച രാവിലെ 8.30ന് സമ്മേളനം ആരംഭിക്കും. ചര്‍ച്ചക്കുള്ള മറുപടിക്കുശേഷം ഭാരവാഹികളെ തെരഞ്ഞെടുക്കും. അന്ധവിശ്വാസ നിരോധന നിയമം- ജനകീയ മെമ്മോറാണ്ടം" ഡോ. കെ എന്‍ ഗണേശ് അവതരിപ്പിക്കും. തുടര്‍ന്ന് കരട് ബില്ലും ചര്‍ച്ചയും ഉണ്ടാകും. വൈകിട്ട് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിള്‍ എനര്‍ജി ഡയറക്ടര്‍ ജനറല്‍ ജി മധുസൂദനന്‍പിള്ള "കേരളത്തിന് സമഗ്ര ഊര്‍ജ പരിപാടി" എന്ന വിഷയം അവതരിപ്പിക്കും. വൈകിട്ട് കലാപരിപാടികളും അരങ്ങേറും. ഞായറാഴ്ച ഉച്ചയോടെ സമ്മേളനം സമാപിക്കും.

സപ്തഭാഷ സംഗമഭൂമിയുടെ ചരിത്രവുമായി സംഗീതശില്‍പം

തൃക്കരിപ്പൂര്‍: സപ്തഭാഷ സംഗമഭൂമിയുടെ ചരിത്രവുമായി സ്വാഗത സംഗീതശില്‍പം വേദിയെ വ്യത്യസ്തമാക്കി. വിളകൊയ്ത്ത് സമരത്തിന് വേദിയായ ഉദിനൂരിന്റെ മണ്ണില്‍ നടക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിലാണ് കലാ- സാംസ്കാരിക പൈതൃകങ്ങള്‍ സമന്വയിച്ച സംഗീതശില്‍പം അവതരിപ്പിച്ചത്. പരിഷത്ത് ഉദിനൂര്‍ യൂണിറ്റിലെ പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമടങ്ങുന്ന 70 അംഗ സംഘമാണ് 20 മിനിറ്റ് നീളുന്ന സംഗീതശില്‍പം അവതരിപ്പിച്ചത്. ഈ നാടിതു നിങ്ങളെ വരവേല്‍ക്കുന്നൂ..എന്ന ഗാനത്തിന് സി എം വിനയചന്ദ്രനും നിറമണിഞ്ഞ സ്വപ്ന നെഞ്ചകം നിറക്കാന്‍.... ഗാനത്തിന് എ എം ബാലകൃഷ്ണനും രചന നിര്‍വഹിച്ചു. ഗംഗന്‍ കരിവെള്ളൂര്‍ സംഗീതവും അനില്‍ നടക്കാവ്, ബാബു കരിന്തളം എന്നിവര്‍ നൃത്താവിഷ്കാരവും നിര്‍വഹിച്ചു. തടിയന്‍കൊവ്വല്‍ മനീഷ ബാലവേദി പ്രവര്‍ത്തകരാണ് നൃത്തം അവതരിപ്പിച്ചത്.

deshabhimani

No comments:

Post a Comment