Tuesday, December 3, 2013

ബ്ലാത്തൂര്‍ മേഖലയില്‍ നാനൂറിലധികം സസ്യ സ്പീഷീസുകളെ കണ്ടെത്തി

കണ്ണൂര്‍: ബ്ലാത്തൂര്‍ മേഖലയില്‍ നാനൂറിലധികം സസ്യ സ്പീഷീസുകളെ കണ്ടെത്തിയതായി ജൈവവൈവിധ്യ പഠനം. ശാസ്ത്രസാഹിത്യ പരിഷത്ത് വിക്കീപീഡിയാ പ്രവര്‍ത്തകരാണ് പഠനം നടത്തിയത്.

പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന നായുരിപ്പ്, കൂനന്‍പാല, ലോഹിനപ്പു, മുര്‍ഡാനിയപ്പുല്ല് എന്നിവയെ പ്രദേശത്ത് കണ്ടെത്തി. ചെങ്കല്‍കുന്ന് പ്രദേശമായ ഇവിടെ ഇത് ഇല്ലാതാകുന്നത് ജൈവവൈവിധ്യത്തിന്റെ നാശത്തിനിടയാക്കും. ബ്ലാത്തൂര്‍, കല്യാട്, ഊരത്തൂര്‍ മേഖലകളില്‍ നടത്തിയ പഠനം പ്രദേശത്തെ ജൈവവൈവിധ്യ സമ്പന്നതയാണ് വെളിപ്പെടുത്തുന്നത്. കാവുകള്‍, പുല്‍മേടുകള്‍, താല്‍ക്കാലിക നീര്‍ക്കെട്ടുകള്‍ എന്നിവയുടെ സാന്നിധ്യമാണ് ഈ ജൈവവൈവിധ്യത്തിന് കാരണം. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന സസ്യപഠന പുസ്തകത്തില്‍ നീര്‍മുറി എന്ന് പേര് നല്‍കിയ സസ്യവും ചിറ്റിലപ്ലാവ്, മരോട്ടി, മലയിലഞ്ഞി, ജടാമജ്ജി, ഏകനായകം, വള്ളിക്കാഞ്ഞിരം എന്നിവയും സുലഭമായുണ്ട്. മാടായിപ്പാറയില്‍ കണ്ടെത്തിയ പുതിയ സ്പീഷുസുകളായ റൊട്ടാലമലബാറിക്ക, ജസ്റ്റിഷ്യ ഏകകുസുമ, ലൊപിഡാഗാത്തിസ് കേരളന്‍സിസ് എന്നിവയും ബ്ലാത്തൂരിലുണ്ട്. അമ്പതിലധികം ചിത്രശലഭ ജാതികളെയും നിരീക്ഷിച്ചിട്ടുണ്ട്.

വി സി ബാലകൃഷ്ണന്‍, പി കെ ഗിരീഷ് മോഹന്‍, വിനയരാജ്, വിജയകുമാര്‍ ബ്ലാത്തൂര്‍ എന്നിവരാണ് പഠനസംഘത്തിലുണ്ടായത്

deshabhimani

No comments:

Post a Comment