Friday, October 11, 2013

പാഠ്യപദ്ധതി പരിഷ്കരണം പ്രതിഷേധമുയരണം: പരിഷത്ത്

സംസ്ഥാന സര്‍ക്കാരിന്റെ അക്കാദമിക് രംഗത്തെ സ്വേഛാധിപത്യ സമീപനങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗതീരുമാനങ്ങള്‍ പ്രകാരം കേരള സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള സമീപന രേഖ അംഗീകരിച്ചു. സമീപന രേഖക്ക് അംഗീകാരം നല്‍കും മുമ്പ് തന്നെ പാഠപുസ്തകപരിഷ്കരണവും രചനയും തകൃതിയായി നടക്കുന്നു. സൃഷ്ടിപരമായ പാഠ്യപദ്ധതി സമീപനങ്ങളെ തകര്‍ക്കാനുള്ള ലക്ഷ്യമാണ് ഇതിലൂടെ പുറത്തു വന്നത്. കേരള പാഠ്യപദ്ധതി ചട്ടക്കൂട്, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് എന്നിവയിലെ നല്ല വശങ്ങള്‍ എടുത്തും പുതുതായി ചിലത് കൂട്ടിച്ചേര്‍ത്തുമാണ് പുതിയ സമീപന രേഖ തയ്യാറാക്കിയതെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. അടിസ്ഥാനപരമായി സ്വീകരിച്ച സമീപനമെന്തെന്നുപോലും പറയാതെ ശിശുകേന്ദ്രീകൃതവും പ്രവര്‍ത്തനാധിഷ്ഠിതവുമായി നിലവിലുള്ള പാഠ്യപദ്ധതി സമീപനങ്ങളെ തിരസ്കരിക്കാനുള്ള സന്നാഹമാണ് നടക്കുന്നത്. പുതുതായി അംഗീകരിച്ച നയം പൊതുചര്‍ച്ചയ്ക്കു വച്ച ശേഷമേ പാഠപുസ്തക രചനയടക്കമുള്ള കാര്യങ്ങള്‍ ആരംഭിക്കാവൂ.

മാതൃഭാഷയായ മലയാളത്തെ ശ്രേഷ്ഠഭാഷയെന്ന് നാമകരണം ചെയ്ത് മ്യൂസിയത്തിലടയ്ക്കാനും കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളെ ഒന്നടങ്കം അധികൃതവും അനധികൃതവുമായി ഇംഗ്ലീഷ് മാധ്യമത്തിലേക്ക് തള്ളിവിടാനുമാണ് ശ്രമം. വിദ്യാഭ്യാസ അവകാശ നിയമത്തെ പോലും വെല്ലുവിളിക്കുന്ന സമീപനം അക്കാദമിക രംഗത്തെ സ്വേഛാപരമായ നടപടിയാണ്. മാതൃഭാഷയെ സ്നേഹിക്കുന്ന മുഴുവന്‍ കേരളീയരും ഇതിനെതിരെ രംഗത്ത് വരണം. അധ്യാപകരടക്കമുള്ള അക്കാദമിക സമൂഹവും സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകരും സാമൂഹ്യ വീക്ഷണത്തോടെയുള്ള വിദ്യാഭ്യാസ സമീപനങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന സര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്യണമെന്ന് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എന്‍ കെ ശശിധരന്‍ പിള്ളയും ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസനും ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment