Monday, November 18, 2013

വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണം: പരിഷത്ത്

പാലക്കാട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണമെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ജനപങ്കാളിത്തത്തോടെ ചര്‍ച്ച ചെയ്ത് നടപ്പാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഫലപ്രദമായി നടപ്പാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കസ്തൂരിരംഗന്‍കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍, കേന്ദ്രം ഇറക്കിയ വിജ്ഞാപനത്തില്‍ ഗാഡ്ഗില്‍കമ്മിറ്റിയെക്കുറിച്ച് പരാമര്‍ശമില്ലെന്നത് ദൂരുഹത വര്‍ധിപ്പിക്കുന്നു. റിപ്പോര്‍ട്ടിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് കുഴപ്പങ്ങള്‍ക്ക് വഴിവച്ചത്. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ തകര്‍ച്ച നേരിടുന്ന കേരളത്തിന്റെ പ്രകൃതി കൂടുതല്‍ ദുര്‍ബലമാവും. എന്നാല്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകവിരുദ്ധമായി ഒന്നുമില്ല. പരിസ്ഥിതി പ്രദേശമാക്കണോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശവുമുണ്ട്. ജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ ചര്‍ച്ച, ലഘുലേഖ വിതരണം, ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജനകൂട്ടായ്മ, നദീതീരങ്ങളിലൂടെ നീര്‍വഴിയാത്ര തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍സെക്രട്ടറി വി വി ശ്രീനിവാസന്‍ അറിയിച്ചു. പ്രസിഡന്റ് ഡോ. എന്‍ കെ ശശിധരന്‍പിള്ള, ടി പി ശ്രീശങ്കര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഗ്രാമസഭകളെ ശക്തിപ്പെടുത്തണം

പാലക്കാട്: ജനാധിപത്യവല്‍ക്കരണത്തെ ശക്തിപ്പെടുത്താനും വിഭവ വിനിയോഗത്തിന്മേലുള്ള സാമൂഹ്യ നിയന്ത്രണം ഉറപ്പാക്കാനും ഗ്രാമസഭകളെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് പാലക്കാട് ഐആര്‍ടിസിയില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കേരള വികസന സംഗമം വിലയിരുത്തി.

പരിസ്ഥിതിക്കുനേരെയുള്ള കടന്നാക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ വിഭവങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം ഗ്രാമസഭയ്ക്ക് ഉറപ്പുനല്‍കണം. കേരളത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വ്യവസായ സംരംഭങ്ങളാണ് ഉണ്ടാകേണ്ടത്. ആഭ്യന്തര കമ്പോളത്തെ ലക്ഷ്യമിടുന്ന കാര്‍ഷികാനുബന്ധ വ്യവസായങ്ങളും ശക്തമാക്കണം. വികസന സംഗമത്തിന്റെ രണ്ടാം ദിവസം 14 ശില്‍പ്പശാലകള്‍ നടന്നു. സമാപന യോഗത്തില്‍ അക്കാദമിക് കണ്‍വീനര്‍ കെ രാജേഷ് ക്രോഡീകരിച്ചു. കെ കൃഷ്ണന്‍കുട്ടി പ്രതികരണങ്ങള്‍ അവതരിപ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പ്രൊഫ. ബി എം മുസ്തഫ സ്വാഗതവും ജില്ലാ സെക്രട്ടറി എസ് ശിവദാസ് നന്ദിയും പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി തിരുവനന്തപുരം, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നടന്ന വികസന സംഗമങ്ങളില്‍ രൂപപ്പെട്ട ആശയങ്ങളെ ക്രോഡീകരിച്ച് കേരളത്തിന് ബദല്‍ വികസന അജന്‍ഡ രൂപപ്പെടുത്തുന്നതിനായി ഡിസംബര്‍ 26, 27, 28 തീയതികളില്‍ എറണാകുളത്ത് കേരള വികസന കോണ്‍ഗ്രസ് സംഘടിപ്പിക്കും.

deshabhimani

No comments:

Post a Comment