Saturday, December 28, 2013

കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്ത നിരക്ക് കുറവ്

കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തനിരക്ക് മൊത്തം ജനസംഖ്യയുടെ 25.6 ശതമാനമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ സ്ത്രീപദവി പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ സ്ഥിരംതൊഴില്‍ ചെയ്യുന്നവര്‍ 9.5 ശതമാനവും താല്‍ക്കാലിക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 16.1 ശതമാനവുമാണ്. 2008ല്‍ സംസ്ഥാനത്തെ 1800 വീടുകളിലായി 15 മുതല്‍ 59 വരെ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇതരസംസ്ഥാനങ്ങളുമായും ലോകരാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തൊഴിലെടുക്കുന്ന സ്ത്രീയുടെ ശരാശരി വരുമാനം 3374 രൂപയാണ്. താഴ്ന്ന സാമ്പത്തിക ഗ്രൂപ്പില്‍ 1347 രൂപയാണ്. എന്നാല്‍, ഇതിന്റെ ഏഴിരട്ടിയാണ് ഉയര്‍ന്ന വരുമാനം. 10,016 രൂപയുണ്ട്. സ്ഥിരം തൊഴിലുള്ളവരുടെ ശരാശരി വരുമാനം 6031 രൂപയും താല്‍കാലിക തൊഴിലുകാരുടേത് 1819 രൂപയുമാണ്.

കുടുംബവരുമാനത്തിലെ സ്ത്രീയുടെ പങ്ക് തൊഴിലിന്റെ അടിസ്ഥാനത്തില്‍ 14.1 ശതമാനമാണ്. ഗാര്‍ഹികാധ്വാനത്തിന്റെ മൂല്യംകൂടി ഉള്‍പ്പെടുത്തുമ്പോള്‍ 36.1 ശതമാനമാകും. 60 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകളില്‍ 49 ശതമാനത്തിനു മാത്രമേ വരുമാനമുള്ളൂ. ഇവരില്‍ 85.2 ശതമാനവും ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ട്. സ്ത്രീകളില്‍ ഭൂരിപക്ഷവും വീട്ടമ്മമാരായി ഒതുങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. സ്ത്രീകളില്‍ 12 ശതമാനം പേര്‍ പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു. ഇതില്‍ 16.5 ശതമാനം ഏതെങ്കിലും തരത്തിലുള്ള സ്ഥാനം വഹിക്കുന്നു. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ഉണ്ടെങ്കിലും സാമുദായിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിയന്ത്രണങ്ങളില്ല. കേരളത്തില്‍ 96.4 ശതമാനം വീടുകളിലും കുടുംബത്തിലെ അധികാരം പുരുഷന്മാരിലാണ്. 10 ശതമാനം കുടുംബങ്ങളില്‍ ഗാര്‍ഹികപീഡനമുണ്ട്. കുടുംബത്തിനുള്ളില്‍ സുരക്ഷിതരല്ലെന്ന് 41 ശതമാനം പേര്‍ പറയുന്നു. ഇതില്‍ അഞ്ചു ശതമാനം ഒട്ടും സുരക്ഷിതരല്ല.

കര്‍ഷക കൂട്ടായ്മയും വിപണന സംവിധാനവും വ്യാപിപ്പിക്കണം

കൊച്ചി: കാര്‍ഷികമേഖലയുടെ സംരക്ഷണത്തിന് കര്‍ഷകരുടെ പ്രാദേശിക കൂട്ടായ്മകളും, ഉല്‍പ്പന്ന സംഭരണ-വിപണന സംവിധാനങ്ങളും അടങ്ങുന്ന സംഘടനാരൂപങ്ങള്‍ വ്യാപിപ്പിക്കണമെന്ന് കേരള വികസന കോണ്‍ഗ്രസിന്റെ കാര്‍ഷിക സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് കേരള വികസന കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.

പഞ്ചായത്ത്- ബ്ലോക്ക് തലങ്ങളില്‍ കാര്‍ഷിക ഉല്‍പ്പാദകരുടെ കമ്പനി രൂപീകരിക്കണം. കൃഷിയില്‍നിന്ന് കര്‍ഷകര്‍ക്ക് മാന്യവും സ്ഥിരവുമായ വരുമാനം ലഭിക്കണം. കര്‍ഷകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണം. കര്‍ഷകര്‍ക്ക് ഉയര്‍ന്നതോതില്‍ സബ്സിഡി നല്‍കണം. കേരളത്തിലെ കുടുംബഘടനയും പൊതുഇടങ്ങളും സ്ത്രീസൗഹൃദമാക്കാനുള്ള സംഘടിതമായ ഇടപെടലുകള്‍ ഉറപ്പാക്കിയാല്‍ മാത്രമേ സ്ത്രീ-പുരുഷ തുല്യതയുള്ള സമൂഹം ഉണ്ടാകൂവെന്ന് ലിംഗനീതി സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പാക്കി മാത്രമേ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനാകൂ എന്നാണ് വിദ്യാഭ്യാസ സെമിനാറിന്റെ അഭിപ്രായം. ഊര്‍ജസംരക്ഷണ ഉപാധികള്‍ പ്രചരിപ്പിക്കുന്നതോടൊപ്പം ബദല്‍ ഊര്‍ജസ്രോതസ്സുകള്‍ ഉപയോഗിക്കണം. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വിശാലമായ രാഷ്ട്രീയലക്ഷ്യം നഷ്ടപ്പെട്ടതായി സാംസ്കാരിക സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. ഭൂമി പൊതുനിയന്ത്രണത്തില്‍ വരണമെന്നും ഓരോ ഉപയോഗത്തിനും പ്രത്യേക മേഖലകള്‍ രൂപീകരിക്കണമെന്നും അഭിപ്രയമുയര്‍ന്നു.

സി കെ പി പത്മനാഭന്‍, ഡോ. ജിജു പി അലക്സ്, ഡോ. ഇന്ദിരാദേവി, ഡോ. സി തമ്പാന്‍, ഡോ. എം പി പരമേശ്വരന്‍, പ്രൊഫ.കെ ശ്രീധരന്‍, എം ജി സുരേഷ്കുമാര്‍ അഡ്വ. തുളസി, ആര്‍ പാര്‍വതീദേവി, എന്‍ ശാന്തകുമാരി, ഡോ. എ ജി ഒലീന, ഒ എം ശങ്കരന്‍, ഡോ. കെ പ്രദീപ്കുമാര്‍. ഡോ. എം എ ഖാദര്‍, പ്രൊഫ.രാജന്‍ വര്‍ഗീസ്, ആര്‍ സേതുനാഥ്, ഡോ. സി ടി എസ് നായര്‍ ഡോ. കെ വിദ്യാസാഗര്‍, ഡോ. അജയകുമാര്‍, ഡോ. ശ്രീകുമാര്‍, ഡോ. രാമകുമാര്‍, പി സി ഉണ്ണികൃഷ്ണന്‍, ഡോ. കെ പി കണ്ണന്‍, അഡ്വ. കെ പി രവിപ്രകാശ്, കെ കെ കൃഷ്ണകുമാര്‍, ഡോ. എന്‍ അജിത്കുമാര്‍, ഡോ. ബിനോയ് പീറ്റര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. എന്‍ കെ ശശിധരന്‍ പിള്ള, പ്രൊഫ. പി കെ രവീന്ദ്രന്‍, വി വി ശ്രീനിവാസന്‍, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍, കെ ടി രാധാകൃഷ്ണന്‍, ടി രാധാമണി, ഡോ. കെ രാജേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment