Friday, December 27, 2013

വികസനത്തിന് ജനകീയപങ്കാളിത്തം വേണം

പൂര്‍ണ്ണ  ജനകീയ പങ്കാളിത്തത്തോടെയുള്ള വികസനത്തിനേ സുസ്ഥിരതയുള്ളൂവെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കേരള വികസന കോണ്‍ഗ്രസ് പൊതുസമീപനരേഖ. ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസനത്തിന് യഥാര്‍ത്ഥ വസ്തുനിഷ്ഠതകളുമായി ബന്ധമില്ലെന്നും സമീപ രേഖ ചൂണ്ടിക്കാട്ടി. "വേണം മറ്റൊരു കേരളം" എന്ന സന്ദേശവുമായി പരിഷത്ത് സുവര്‍ണ്ണജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച മൂന്ന് വികസനസംഗമങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ ക്രോഡീകരിച്ചാണ് വികസന കോണ്‍ഗ്രസില്‍ പൊതുചര്‍ച്ചയ്ക്കുള്ള സമീപനരേഖ അവതരിപ്പിച്ചത്. ജനപങ്കാളിത്തത്തിലൂന്നിയ വിഭവാധിഷ്ഠിത വികസന ആസൂത്രണത്തിനു മാത്രമേ കേരളത്തെ മുന്നോട്ടുകൊണ്ടുപോകാനാകൂ എന്ന് പൊതുസമീപനരേഖ അവതരിപ്പിച്ച് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍ കെ ശശിധരന്‍പിള്ള പറഞ്ഞു.
 
കേരളത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങള്‍ക്കടിസ്ഥാനമായ കേരള വികസന മാതൃക ഇന്ന് പരാജയപ്പെട്ടു. പൊതുവിദ്യാഭ്യാസ- ആരോഗ്യ-ഭക്ഷ്യ- സേവന മേഖലകള്‍ ഭീഷണിനേരിടുകയാണ്. സേവനങ്ങളുടെ ഗുണവും കാര്യക്ഷമതയും നഷടപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നിലാണെങ്കിലും തൊഴില്‍ പങ്കാളിത്തത്തില്‍ കേരളം ഇന്ത്യന്‍ ശരാശരിയേക്കാള്‍ താഴെയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ആക്രമണങ്ങളും കൂടി. ജാതി-മത ചിന്തകളിലും വ്യക്തിബന്ധങ്ങളിലും പിന്തിരിപ്പന്‍ മൂല്യങ്ങള്‍ക്ക് മലയാളി അടിപ്പെട്ടു. പൊതുശുചിത്വബോധം തീരെ ഇല്ലാതായി. പ്രതിശീര്‍ഷ വരുമാനത്തില്‍ മുന്നിലെങ്കിലും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കാര്‍ഷിക മേഖലയില്‍ സംസ്ഥാനത്തിന്റെ സംഭാവന 20 വര്‍ഷംകൊണ്ട് 21ശതമാനത്തില്‍നിന്ന് എട്ടുശതമാനമായി കുറഞ്ഞു. ഉല്‍പ്പാദനമേഖലയില്‍ കൃഷിയും അനുബന്ധ മേഖലകളും തളര്‍ന്നപ്പോള്‍ നിര്‍മ്മാണമേഖലയും മറ്റ് അസംഘടിത ഉല്‍പ്പാദന മേഖലയും വളര്‍ന്നു. സ്വകാര്യസമ്പത്തിന്റെ നീക്കിയിരിപ്പു കൂടി.

പൊതുസമ്പത്ത് കുറയുകയും ചെയ്തു. 45 ശതമാനം ദരിദ്രരും 40 ശതമാനം സാധാരണക്കാരുമുള്ള ബാക്കി 15 ശതമാനത്തിലാണ് സ്വത്ത് മുഴുവന്‍ കേ്രന്ദ്രീകരിച്ചിരിക്കുന്നത്. സ്വത്തിന്റെ 86 ശതമാനവും 10 ശതമാനം പേര്‍ പങ്കിടുന്നു. സേവനമേഖലയാകട്ടെ പൂര്‍ണ്ണമായും കച്ചവടവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യവിതരണം, ഗതാഗതം എന്നീ അടിസ്ഥാനമേഖലകള്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ഈ മേഖലയിലെ പൊതുസംവിധാനങ്ങള്‍ ഗുണനിലവാരം കുറഞ്ഞതാകുന്നു. വിദ്യാഭ്യാസ- ആരോഗ്യ രംഗങ്ങളിലെ പൊതുസേവന നിലവാരം ഉയര്‍ത്തുകയും മാനവശേഷി മെച്ചപ്പെടുത്തുകയും വേണം. വികസനമെന്നത് കമ്പോളത്തിന്റെ മുന്‍ഗണനകള്‍ക്കനുസരിച്ചാണ് നടക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ അതിന് വലിയ പങ്കുവഹിക്കുന്നു. ഉപഭോഗജ്വരം വര്‍ധിപ്പിക്കുന്ന കമ്പോളം വികസനത്തിന്റെ പേരുപറഞ്ഞ് കേരളത്തിന്റെ സംസ്കാരികമൂല്യങ്ങളെയും തകര്‍ക്കുന്നു. ഭാവിസമൂഹം തീരുമാനിക്കേണ്ടത് കമ്പോളമല്ല എന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാകണം.

വികസനത്തിന്റെ രാഷ്ട്രീയം സംബന്ധിച്ച് സമവായത്തിലെത്താന്‍ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കാകണം. ആരോഗ്യകരമായ അന്തരീക്ഷമുള്ള, മാലിന്യമുക്തമായ, ലിംഗനീതി പുലരുന്ന, യുക്തിചിന്ത പുലരുന്ന നാളത്തെ കേരളത്തിനായി ജനകീയ കൂട്ടായ്മ ഉണരണമെന്നുംവികസന നയരേഖയില്‍ പറയുന്നു.

deshabhimani

No comments:

Post a Comment