Monday, May 5, 2014

ആശയപ്രചാരണ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ രംഗത്തിറങ്ങുക: പരിഷത്ത്

കോട്ടയം: കേരളത്തില്‍ അടുത്ത കാലത്തായി ആശയ പ്രചാരണത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ ഉയരുന്ന ആക്രമണങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ വാര്‍ഷികസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ആശയപ്രചാരണ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങണം. അമൃതാനന്ദമയീ മഠത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ നിലപാടെടുത്ത സ്വാമി സന്ദീപാനന്ദ ഗിരിയെ തിരൂരില്‍ ഒരുസംഘം ക്രൂരമായി മര്‍ദിച്ച സംഭവവും ഈ വിഷയത്തില്‍ പുസ്തകം പ്രസിദ്ധീകരിച്ച ഡിസി ബുക്സിനെതിരെയുള്ള ആക്രമണവും പ്രബുദ്ധ കേരളത്തിന് അപമാനമാണ്. ആശയങ്ങളെ സംവാദങ്ങളിലൂടെ നേരിടുന്നതിനു പകരം കായികമായി നേരിടുന്നത് ഫാസിസമാണ്. അമൃതാനന്ദമയി മഠത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നീക്കങ്ങള്‍ ഉണ്ടായപ്പോഴെല്ലാം കേരളത്തില്‍ അതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍ സമീപകാലത്ത് ഇത്തരം സംഭവങ്ങളില്‍ കേരളത്തിന്റെ പൊതുമണ്ഡലം നിശബ്ദത പാലിക്കുകയാണ്. ഇത് അത്യന്തം അപകടകരമായ അവസ്ഥയിലേക്കാണ് സമൂഹത്തെ എത്തിക്കുക. എല്ലാ കാര്യങ്ങളും മത സമുദായ നേതൃത്വവും ആള്‍ദൈവങ്ങളുമാണ് നിശ്ചയിക്കുക എന്ന് വരുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല. കേരളത്തിന്റെ ഉന്നതമായ മതേതര ജനാധിപത്യ പാരമ്പര്യത്തെയും യുക്തിബോധത്തെയും കാത്തു സൂക്ഷിക്കാന്‍ മുന്നോട്ടു വരണമെന്ന് മുഴുവന്‍ രാഷ്ട്രീയ-സാംസ്കാരിക സംഘടനകളോടും വ്യക്തികളോടും മാധ്യമങ്ങളോടും പരിഷത്ത് പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു.

സംഘടനാരേഖ സംസ്ഥാന നിര്‍വാഹകസമിതിയംഗം ഡോ. കെ രാജേഷ് അവതരിപ്പിച്ചു. തുടര്‍ന്ന് രേഖാ ചര്‍ച്ച, ഭാവിപ്രവര്‍ത്തനങ്ങളുടെ അവതരണം എന്നിവ നടന്നു. നിയാസ് മുഹമ്മദ് പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ആര്‍ സനല്‍കുമാര്‍ അധ്യക്ഷനായി.സംസ്ഥാന വൈസ്പ്രസിഡന്റ് ടി പി ശ്രീശങ്കര്‍, നിര്‍വാഹകസമിതിയംഗം ജി ബാലകൃഷ്ണന്‍നായര്‍ ജില്ലാ സെക്രട്ടറി ടി യു സുരേന്ദ്രന്‍, ട്രഷറര്‍ കെ രാജന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘത്തെ ജനറല്‍ കണ്‍വീനര്‍ എ പി നന്ദകുമാര്‍ പരിചയപ്പെടുത്തി. സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തെരഞ്ഞെടുത്തശേഷം ശാസ്ത്ര ഗാനത്തോടെ സമ്മേളനം സമാപിച്ചു. ഭാരവാഹികള്‍: ടി എസ് അമൃതനാഥ്(പ്രസിഡന്റ്), കെ തങ്കപ്പന്‍ പറാല്‍, ബാബു കക്കാര്‍പിള്ളില്‍(വൈസ്പ്രസിഡന്റ്ുമാര്‍), വി പി ശശി(സെക്രട്ടറി), കെ എസ് സനോജ്, മിനി ശശിധരന്‍(ജോയിന്റ് സെക്രട്ടറിമാര്‍), ടി യു അനിയന്‍കുഞ്ഞ്(ട്രഷറര്‍).

deshabhimani

No comments:

Post a Comment