Tuesday, May 7, 2013

ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന് 50 വയസ്സ്


ജനകീയ ശാസ്ത്രപ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് അമ്പതു വയസ്. അധ്വാനം സമ്പത്താണെന്നും അത് പൊതുനന്മക്കാണെന്നും പ്രഖ്യാപിച്ച് പുരോഗമന ശാസ്ത്രകുതുകികള്‍ 1962 സെപ്തംബര്‍ പത്തിന് കോഴിക്കോട്ടാണ് പരിഷത്ത് രൂപീകരിച്ചത്. ദേവഗിരി സെന്റ്ജോസഫ്സ് കോളേജിലായിരുന്നു രൂപീകരണ സമ്മേളനം. ജന്മനഗരത്തില്‍ തന്നെ സുവര്‍ണജൂബിലി സമ്മേളനത്തിന് തയ്യാറെടുക്കുകയാണ് പരിഷത്ത്. ഒമ്പതുമുതല്‍ 15 വരെ തളി സാമൂതിരി സ്കൂളിലാണ് സമ്മേളനം.

1962 ഏപ്രില്‍ എട്ടിന് കോഴിക്കോട് ഇമ്പീരിയല്‍ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തിലാണ് പരിഷത് രൂപീകരിക്കാന്‍ ധാരണയായത്. കോന്നിയൂര്‍ നരേന്ദ്രനാഥാണ് പേര് നിര്‍ദേശിച്ചത്. ഡോ. കെ ഭാസ്കരന്‍ നായര്‍ ആദ്യ പ്രസിഡന്റായി. ആദ്യസമ്മേളനം ഉദ്ഘാടനം ചെയ്തത് ഫാദര്‍ തിയോഡോഷ്യസാണ്. എന്‍ വി കൃഷ്ണവാര്യരും പി ടി ഭാസ്കരപണിക്കരുമടക്കം ബഹുമുഖ പ്രതിഭകള്‍ പരിഷത്തിനെ നയിച്ചു.

മലയാളിയുടെ മണ്ണും മനസ്സും ശാസ്ത്രബോധത്താല്‍ ഹരിതാഭമാക്കിയ പരിഷത്ത് കേരളത്തെ സമ്പൂര്‍ണ സാക്ഷര സംസ്ഥാനമാക്കുന്നതില്‍ വഹിച്ച പങ്ക് സുപ്രധാനമാണ്. ശാസ്ത്രസാഹിത്യകാരന്മാര്‍ക്കുള്ള സംഘടന എന്ന ലക്ഷ്യത്തോടെയായിരുന്നു തുടക്കമെങ്കിലും ജനാധിപത്യ സംസ്കാരത്തെ ചൈതന്യവത്താക്കുന്നതിനും വിദ്യാഭ്യാസത്തിന് മൂല്യബോധം പകരുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു. സൈലന്റ്വാലിയടക്കം കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിലും ഇടപെട്ട സംഘടന കുന്നിടിച്ച് നിരപ്പാക്കുന്ന ജനവിരുദ്ധ വികസനനയത്തിനോടുള്ള പ്രതികരണവുമായി വേമ്പനാട്ടിലും വയനാട്ടിലും കുട്ടനാട്ടിലും വേളിയിലുമെല്ലാം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ജനകീയാസൂത്രണപ്രസ്ഥാനത്തിന് നേതൃത്വമരുളിയതാണ് മറ്റൊരു സംഭാവന.

യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നീ മാസികകളിലൂടെ വിദ്യാര്‍ഥികളിലും അക്കാദമിക സമൂഹത്തിലും ശാസ്ത്രബോധം പോഷിപ്പിച്ചു. പരിഷത്ത് നടത്തിയ "കേരളം എങ്ങനെ ജീവിക്കുന്നു" സര്‍വേയും പഠനങ്ങളും നാടിന്റെ ആശകളും ആശങ്കകളും പകരുന്ന അന്വേഷണമാണ്. സാധാരണക്കാര്‍ക്കായി പതിനായിരത്തോളം ശാസ്ത്രപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൂടാറാപ്പെട്ടിയും പുകയില്ലാത്ത അടുപ്പുമടക്കം സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ശാസ്ത്രത്തെ എത്തിച്ച കണ്ടുപിടിത്തങ്ങളുമുണ്ട്. പ്രവര്‍ത്തനത്തിനുള്ള വലിയ അംഗീകാരമാണ് 1996-ല്‍ ലഭിച്ച ബദല്‍നോബല്‍ എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്ലിഹുഡ് അവാര്‍ഡ്. രാജ്യാന്തര തലത്തില്‍ 1990-ല്‍ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിസംരക്ഷണ-പ്രോത്സാഹനാര്‍ഥമുള്ള "ഗ്ലോബല്‍ 500" അവാര്‍ഡ്, യുനസ്കോയുടെ കിങ്സെജോങ് സാക്ഷരതാ അവാര്‍ഡ് എന്നിവയും ലഭിച്ചു. സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ പ്രശസ്തരായ പാരിസ്ഥിതിക-ബൗദ്ധിക-സാംസ്കാരിക-അക്കാദമിക പ്രതിഭകള്‍ പങ്കെടുക്കും. "വേണം മറ്റൊരു കേരളം" സന്ദേശത്തിന്റെ തുടര്‍പ്രവര്‍ത്തനം സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ ദേവരാജന്‍ "ദേശാഭിമാനി"യോട് പറഞ്ഞു.
(പി വി ജീജോ)

deshabhimani 070513

No comments:

Post a Comment