1997 ല്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കിയതുമുതല്‍ ഉന്നയിക്കുന്ന പ്രശ്നമാണ് പീരിയഡുകളുടെ സമയം വര്‍ധിപ്പിക്കണമെന്നത്. പ്രവര്‍ത്തനോന്മുഖമായ ക്ലാസ് മുറികളില്‍ നിലവിലുള്ള പീരിയഡില്‍ നിരന്തരമൂല്യനിര്‍ണയമടക്കമുള്ള പഠനപ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നത് നിരന്തരം ഉന്നയിക്കുന്ന പ്രശ്നമാണ്. ഈ പ്രശ്നത്തെ ശാസ്ത്രീയമായി അഭിസംബോധന ചെയ്യുന്നതിനു പകരം പിരിയഡിന്റെ സമയം വെട്ടിക്കുറയ്ക്കുകയും ഉച്ചഭക്ഷണസമയം ഉപയോഗിച്ച് 35മിനിറ്റിന്റെ പുതിയൊരു പീരിയഡ് ചേര്‍ക്കുകയും ചെയ്യുന്നതിനുള്ള തലതിരിഞ്ഞ നിര്‍ദേശമാണ് എസ്സിഇആര്‍ടി മുന്നോട്ടുവച്ചതെന്ന് മാധ്യമവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഉച്ചഭക്ഷണ വിതരണവും ഭക്ഷിക്കലും ശുചീകരണ പ്രവര്‍ത്തനങ്ങളും നിലവിലുള്ള ഒരു മണിക്കൂര്‍ കൊണ്ട് പല വിദ്യാലയങ്ങളിലും ബുദ്ധിമുട്ടിയാണ് നിര്‍വഹിക്കുന്നത്. ഉച്ചഭക്ഷണം അരമണിക്കൂറായി വെട്ടിക്കുറച്ച് വിശ്രമത്തിന് അവസരം നല്‍കാതെ കുട്ടികളെ പീഡിപ്പിക്കുന്നത് ക്രൂരതയാണ്. വിദ്യാഭ്യാസ മനഃശാസ്ത്രത്തിന്റെയോ കുട്ടികളുടെ അവകാശങ്ങളുടെയോ ആരോഗ്യ സംരക്ഷണത്തിന്റെ പിന്‍ബലം ഇല്ലാതെ ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങള്‍ പൊതുവിദ്യാഭ്യാസം തുണയായ കേരളത്തിലെ എണ്‍പത് ശതമാനം ജനങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമാണ്. ഇത്തരം വികലനിര്‍ദേശങ്ങള്‍ തള്ളിക്കളയണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. എന്‍ കെ ശശിധരന്‍ പിള്ളയും ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസനും ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment