Monday, May 12, 2014

ശിശു വികസന പദ്ധതി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ചെറുക്കണം

ഉദിനൂര്‍: ശിശു വികസന പദ്ധതികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ചെറുക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ശിശു വികസന പദ്ധതികള്‍ കുറ്റമറ്റതാക്കി നടപ്പാക്കണമെന്ന ആവശ്യമുയരുന്ന വേളയില്‍ നിലവിലുള്ള സംവിധാനം തകര്‍ക്കുന്ന ശ്രമങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അട്ടപ്പാടിയില്‍ സമീപകാലത്ത് നടന്ന സംഭവം ഇതിനുദാഹരണമാണ്. സംയോജിത ശിശു വികസന പദ്ധതി അവസാനിപ്പിച്ച് അങ്കണവാടികളെ സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള പോഷകാഹാര വിതരണം, കൗമാരക്കാര്‍ക്കുള്ള ആരോഗ്യ വിദ്യാഭ്യാസ പരിപാടി തുടങ്ങിയ കാര്യങ്ങള്‍ ആരോഗ്യസംരക്ഷണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണ്. ഇവയെല്ലാം പുതിയ നീക്കത്തോടെ അട്ടിമറിക്കപ്പെടും. ഐസിഡിഎസ് തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും ആവശ്യപ്പെട്ടു.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 2008ലെ കേരള നെല്‍വയല്‍ നീര്‍തട സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ജലലഭ്യതയിലും ഭക്ഷ്യസുരക്ഷയിലും നെല്‍വയലുകളുടെ സ്ഥാനം പ്രഥമമാണ്. ഇവയെയെല്ലാം തകിടംമറിച്ച് റിയല്‍ എസ്റ്റേറ്റ് ശക്തികള്‍ക്കും നിര്‍മാണ ലോബികള്‍ക്കും വേണ്ടി നിയമത്തെ അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണ്. ബിഒടി പദ്ധതിയില്‍നിന്ന് ദേശീയപാത അതോറിറ്റി പിന്‍വാങ്ങിയ സാഹചര്യത്തില്‍ കേരളത്തിലെ ദേശീയപാതകള്‍ നാലുവരിയായി വികസിപ്പിക്കണം. ദേശീയപാത 45 മീറ്റര്‍ വീതിയില്‍ നാലുവരിയായി ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിക്കാനുള്ള തീരുമാനത്തില്‍നിന്ന് ജനകീയ പ്രക്ഷോഭത്തിന്റെ ഫലമായാണ് ദേശീയപാത അതോറിറ്റി പിന്‍വാങ്ങിയത്. എന്നാല്‍ ബിഒടിയുടെ ജനവിരുദ്ധ വ്യവസ്ഥ ഒഴിവാക്കി 30 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാത നിര്‍മിക്കാനാകും. ഇതിനായി മിക്കയിടത്തും സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. പാത നിര്‍മിക്കാനാവശ്യമായ നടപടി സ്വീകരിക്കണം. സമ്മേളനം ആവശ്യപ്പെട്ടു.

വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയാന്‍ നിയമം കൊണ്ടുവരണം

ഉദിനൂര്‍(കാസര്‍കോട്): മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ നടക്കുന്ന ചൂഷണത്തിനെതിരെ നിയമം കൊണ്ടു വരണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ അന്തവിശ്വാസങ്ങള്‍ക്കെതിരെ കരട് പ്രമേയം അവതരിപ്പിച്ചു. ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തുന്നതിന് വിപുലമായ ശാസ്ത്രബോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഗ്രന്ഥശാല, അയല്‍ക്കൂട്ടം, വിദ്യാലയംഎന്നിവ കേന്ദ്രീകരിച്ച് ശാസ്ത്രത്തിന്റെ രീതി, യുക്തിചിന്ത എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും സംസ്ഥാന- ജില്ലാതലങ്ങളില്‍ സംവാദങ്ങളും സംഘടിപ്പിക്കും.

വിദ്യാഭ്യാസരംഗത്ത് ദുര്‍ബലരുടെ നീതിക്കും ഭാഷാ-സംസ്കാരങ്ങളുടെ സംരക്ഷണത്തിനും വേണ്ടി അണിനിരക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രവേശനത്തില്‍ 25 ശതമാനം ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യണമെന്ന നിബന്ധന ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്ക് ബാധകമാകില്ലെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരുന്നു. മാതൃഭാഷയില്‍ വിദ്യാഭ്യാസം നടത്തണമോയെന്ന് തീരുമാനിക്കാനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമാണെന്നും ഇതില്‍ ഭരണകൂടത്തിന് ഇടപെടാന്‍ സാധിക്കില്ലെന്നും മറ്റൊരു വിധിന്യായത്തില്‍ പറയുന്നു. ഈ വിധികള്‍ ജനാധിപത്യ സങ്കല്‍പങ്ങള്‍ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കാനും അവരുടെ സംസ്കാരം നിലനിര്‍ത്താനും മാതൃഭാഷ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മാതൃഭാഷയിലൂടെ അധ്യയനം നടത്തണമെന്ന അടിസ്ഥാന വിദ്യാഭ്യാസ തത്വത്തിന്റെ ലംഘനമാണ് വിധിയിലൂടെ സുപ്രീംകോടതി നടത്തിയിരിക്കുന്നതെന്ന് പ്രമേയത്തില്‍ പറഞ്ഞു.

ബാറുകള്‍ തുറക്കാനുള്ള ശ്രമം എതിര്‍ക്കണം: പരിഷത്ത്

ഉദിനൂര്‍(കാസര്‍കോട്): സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു. 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തത് സാമൂഹ്യ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് തല്‍പരകക്ഷികള്‍ നടത്തുന്നത്. ഇത് പ്രതിരോധിക്കണം- സമ്മേളനം ആവശ്യപ്പെട്ടു. സമാപന ദിവസമായ ഞായറാഴ്ച "വാക്സിന്‍- വിവാദങ്ങളും വസ്തുതകളും" എന്ന വിഷയത്തില്‍ ഡോ. കെ വിജയകുമാര്‍ ക്ലാസെടുത്തു. ഭാവി പ്രവര്‍ത്തന രേഖ പി വി ദിവാകരന്‍ അവതരിപ്പിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി "ആവശ്യമുണ്ട് പശ്ചിമഘട്ടത്തെ ജീവനോടെ തന്നെ" എന്ന മുദ്രാവാക്യമുയര്‍ത്തി ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വന സംരക്ഷണം, വിഭവ വിനിയോഗം, വികസന നയം തുടങ്ങിയ വിഷയങ്ങളില്‍ ലഘുലേഖ വിതരണവും ജനസംവാദവും സംഘടിപ്പിക്കും. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഗൃഹ സന്ദര്‍ശനത്തോടെ ക്യാമ്പയില്‍ ആരംഭിക്കും.

റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കണം: പരിഷത്ത്

ഉദിനൂര്‍: കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. വന്‍തോതില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനവും റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിന്റെ അമിത സ്വാധീനവും സംസ്ഥാനത്തെ സമ്പദ്വ്യവസ്ഥയില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. വ്യാപകമായി നടക്കുന്ന കെട്ടിട നിര്‍മാണം പ്രകൃതിസമ്പത്ത് ചൂഷണം ചെയ്യുകയാണ്. റിയല്‍ എസ്റ്റേറ്റ് കുത്തകകള്‍ പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. അമിതമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലൂടെ കനത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. കേരളത്തില്‍ നിലയുറപ്പിച്ച റിയല്‍ എസ്റ്റേറ്റ് ലോബിയുടെ പ്രവര്‍ത്തനം കര്‍ശനമായി നിയന്ത്രിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമചിത്തതയോടെയുള്ള സംവാദാത്മക അന്തരീക്ഷം ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്കാരം, പരിസ്ഥിതി, ലിംഗനീതി തുടങ്ങിയവയില്‍ വിവിധങ്ങളായ അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. വ്യത്യസ്ഥ അഭിപ്രായം സംവാദങ്ങളിലൂടെയാണ് അഭിപ്രായ സമന്വയത്തിലെത്തുന്നത്. ഇത് പൊതു തത്ത്വമാണ്. എന്നാല്‍ സമീപകാലത്തായി സംവാദാത്മകമായ അന്തരീക്ഷം സാധ്യമല്ലാത്ത സാംസ്കാരിക അന്തരീക്ഷം രൂപപ്പെടുകയാണ്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗില്‍ സമിതി ശുപാര്‍ശകളോടും അമൃതാനന്ദമയി മഠത്തിനെ സംബന്ധിച്ചും ഉയര്‍ന്ന പ്രതികരണങ്ങളാണ് ഇതിന് ഉദാഹരണം. സംഭവങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ചര്‍ച്ചകള്‍ നടത്താതെ പ്രശ്നങ്ങളെ തമസ്കരിക്കാനുള്ള രീതിയാണ് സ്വീകരിച്ചുവരുന്നത്. പ്രാദേശികം, ജാതീയം, മതപരം തുടങ്ങി എല്ലാത്തരം വിഭാഗീയ വികാരങ്ങളെയും തൃപ്തിപ്പെടുത്തുന്ന നിലപാടാണ് ഭരണവര്‍ഗം സ്വീകരിക്കുന്നത്- പ്രമേയത്തില്‍ പറഞ്ഞു.

സംഘാടന മികവില്‍ വേറിട്ട മാതൃകതീര്‍ത്ത് പരിഷത്ത് സമ്മേളനം

ഉദിനൂര്‍: സംഘാടന മികവിലും ജനകീയ കൂട്ടായ്മയിലും വേറിട്ട മാതൃക സൃഷ്ടിച്ച് പരിഷത്ത് സംസ്ഥാന സമ്മേളനം. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിനായി മാസങ്ങള്‍ക്കുമുമ്പേ ചിട്ടയായ പ്രവര്‍ത്തനം ഉദിനൂരില്‍ ആരംഭിച്ചിരുന്നു. പരിഷത്ത് പ്രവര്‍ത്തകരുടെയും നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയുടെ ഒരുമയോടെയുള്ള പ്രവര്‍ത്തനം സമ്മേളന നടത്തിപ്പില്‍ വ്യക്തമായിരുന്നു. പ്രതിനിധികള്‍ക്കായി ചെലവ് കുറഞ്ഞതും ലളിതവും സ്വാദേറിയതുമായ നാടന്‍ വിഭവങ്ങളാണ് നല്‍കിയത്. വീടുകളില്‍നിന്ന് ശേഖരിച്ച നാടന്‍ ഉല്‍പന്നങ്ങളുപയോഗിച്ചാണ് ഭക്ഷണമൊരുക്കിയത്. ജില്ലയുടെ ഭക്ഷണ വൈവിധ്യം കോര്‍ത്തിണക്കിയാണ് വിഭവം തയ്യാറാക്കിയത്. ഭക്ഷണം തയ്യാറാക്കാന്‍ ദിവസവും ഉദിനൂരിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നായി സ്ത്രീകളടക്കമുള്ളവരെത്തി. ശുചിത്വപാലനത്തിന് പ്രത്യേക സ്ക്വാഡും പ്രവര്‍ത്തിച്ചു.

പടന്ന, പിലിക്കോട്, ചെറുവത്തൂര്‍, കയ്യൂര്‍- ചീമേനി, തൃക്കരിപ്പൂര്‍, വലിയപറമ്പ് പഞ്ചായത്തുകളില്‍ പ്രാദേശിക സംഘാടക സമിതി രൂപീകരിച്ച് മാസങ്ങള്‍ക്കുമുമ്പേ പ്രവര്‍ത്തനം നടത്തി. സാംസ്കാരിക സമിതികളുടെ നേതൃത്വത്തില്‍ പത്ത് ശില്‍പവും കമാനങ്ങളും സ്ഥാപിച്ചു. സമ്മേളന നഗരിയുടെ വഴികളില്‍ പ്ലാസ്റ്റിക് മുക്തമായ അലങ്കാരങ്ങളാണൊരുക്കിയത്. മെടഞ്ഞ ഓലകൊണ്ടാണ് സമ്മേളനവേദി അലങ്കരിച്ചത്. ജില്ലയുടെ സാംസ്കാരിക വൈവിധ്യം, നാടന്‍കല എന്നിവ പരിചയപ്പെടുത്തി പിആര്‍ഡി ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധയാകര്‍ഷിച്ചു.

deshabhimani

No comments:

Post a Comment