Thursday, May 8, 2014

ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

കാസര്‍കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 51-ാം സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടങ്ങും. അന്ധവിശ്വാസത്തിനെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച ഡോ. നരേന്ദ്ര ധാബോല്‍ക്കറിന്റെ മകനും മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി നേതാവുമായ ഡോ. ഹമീദ് ധാബോല്‍ക്കര്‍ രാവിലെ പത്തിന് സമ്മേളനംഉദ്ഘാടനംചെയ്യും. 11ന് വൈകിട്ടാണ് സമാപനം.

കേരളത്തില്‍ അടുത്തകാലത്ത് വ്യാപകമായ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരുന്നതിന് പ്രചാരണം സംഘടിപ്പിക്കുന്നതിനുള്ള രൂപരേഖ സമ്മേളനം ചര്‍ച്ചചെയ്യും. ഇതിനായി സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള മെമ്മോറാണ്ടം ഡോ. കെ എന്‍ ഗണേശ് അവതരിപ്പിക്കും. പത്തിന് വൈകിട്ട് ആറിന് പി ടി ഭാസ്കരപണിക്കര്‍ അനുസ്മരണ സമ്മേളനത്തില്‍ സുസ്ഥിര ഊര്‍ജ വികസനത്തിനുള്ള ലോകസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ജി മധുസൂദനന്‍പിള്ള പ്രഭാഷണം നടത്തും. കേരളത്തിന് സമഗ്ര ഊര്‍ജ പരിപാടി എന്നതാണ് വിഷയം. പരിഷത്തിന്റെ ഇ-മാഗസിന്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും.

സമാപന ദിനമായ 11ന് പകല്‍ 10.30ന് "വാക്സിനേഷന്‍- വിവാദങ്ങളും വസ്തുതകളും" വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. കെ വിജയകുമാര്‍ ക്ലാസെടുക്കും.

"വേണം മറ്റൊരു കേരളം" ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ കേരള വികസന കോണ്‍ഗ്രസില്‍ രൂപപ്പെടുത്തിയ സുസ്ഥിരതയിലും സാമൂഹ്യനീതിയിലും ഊന്നിയ വികസന സമീപനം സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട 400 പ്രതിനിധികള്‍ പങ്കെടുക്കും. വിവിധ സെഷനുകള്‍ക്ക് സി പി നാരായണന്‍ എംപി, ഡോ. സി ടി എസ് നായര്‍, ടി ഗംഗാധരന്‍, ഡോ. കെ പി അരവിന്ദന്‍, ഡോ. എം പി പരമേശ്വരന്‍, ഡോ. ആര്‍ വി ജി മേനോന്‍, പ്രൊഫ. പി കെ രവീന്ദ്രന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, പ്രൊഫ. എം കെ പ്രസാദ്, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍, ഡോ. കെ രാജേഷ്, പ്രൊഫ. കെ പാപ്പൂട്ടി എന്നിവര്‍ നേതൃത്വം നല്‍കും.

deshabhimani

No comments:

Post a Comment